കന്യാസ്ത്രീ ജീവനൊടുക്കിയതെന്ന സംശയം ബലപ്പെടുന്നു; അന്വേഷണം പുരോഗതിയില്‍

Web Desk
Posted on September 09, 2018, 7:00 pm

പത്തനാപുരം: രോഗപീഢയെ തുടര്‍ന്ന് കന്യാസ്ത്രീ ജീവനൊടുക്കിയതെന്ന സംശയം ബലപ്പെടുന്നു. കൂടുതല്‍ പരിശോധന തുടരും. പത്തനാപുരം മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്ക്കൂളിലെ അധ്യാപികയായ സൂസമ്മ സി ഇ (56) ഇന്ന് രാവിലെ കോണ്‍വെന്റിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഹോസ്റ്റല്‍ ജീവനക്കാരാണ് രാവിലെ 10 മണിയോടെ കിണറ്റില്‍ മൃതദേഹം കാണുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പരുമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സിസ്റ്റര്‍ സൂസന്‍. ആഗസ്റ്റ് 14 -ാംതീയതിയാണ് വീട്ടില്‍ പോയി വന്നത്. നാട്ടില്‍ പോയപ്പോള്‍ മെഡിസിറ്റിയിലും ചികില്‍സയിലായിരുന്നു. തുടര്‍ന്ന് 16-ാം തീയതി തിരികെ എത്തിയശേഷം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും ചികില്‍സ തേടിയതായി സഹോദരങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 9.30 ന് ഫോണിലൂടെ സഹോദരങ്ങളുമായി സംസാരിച്ചിരുന്നു. പനിയാണെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നുമാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഹോസ്റ്റല്‍ മുറിയിലും കെട്ടിടത്തിന്റെ സമീപത്തും മൃതദേഹം കണ്ട കിണറിന്റെ തൂണുകളിലും കണ്ട രക്തകറകള്‍ സംശയത്തിന് ഇടനല്‍കി. ഇവരുടെ ഇരുകൈത്തണ്ടകളിലും മുറിവുണ്ട്. സിസ്റ്റർ താമസിച്ച മുറിയിൽ രക്തംപറ്റിയ ബ്ലേഡും രക്തം ഒഴുകിയപാടും കണ്ടെത്തി.

സ്കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപികയായിരുന്നു ഇവര്‍. അടുത്ത വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു.  പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്‌റ് നടപടികള്‍ പൂര്‍ത്തിയായി.ശാസ്ത്രീയ പരിശോധന സംഘവും,  വിരലടയാള വിദഗ്ധരും  സ്ഥലത്തെത്തിയിരുന്നു.അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ശശികുമാറിന്റെയും റൂറല്‍ എസ്പി ബി അശോകന്റെയും സാന്നിധ്യത്തില്‍ അഗ്നിശമനസേന അംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.