14 July 2024, Sunday
KSFE Galaxy Chits

Related news

August 10, 2022
July 19, 2022
July 19, 2022
July 6, 2022
July 6, 2022
July 5, 2022
July 3, 2022
July 2, 2022
July 2, 2022
July 1, 2022

നൂപുർ ശർമയുടെ പ്രവാചകനിന്ദാ പരാമര്‍ശം രാജ്യത്ത് തീപടര്‍ത്തി

Janayugom Webdesk
July 1, 2022 10:52 pm

രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ത്തതിനു പിന്നില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശമാണെന്നും അവര്‍ രാജ്യത്തോട് മാപ്പുപറയണമെന്നും സുപ്രീം കോടതി.
രാജ്യത്താകെ സമാധാന അന്തരീക്ഷം തകര്‍ത്തതിനു ഏക കാരണക്കാരി ശര്‍മ്മ മാത്രമാണെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടി.
ശക്തമായ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ മാത്രമാണ് സ്വന്തം പരാമര്‍ശത്തില്‍ ഉപാധികളോടെ അവര്‍ വെറും ക്ഷമായാചനം നടത്തിയത്. എന്തിനാണ് അവര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ക്കു മുഴുവന്‍ കാരണം ഇവര്‍ മാത്രമാണെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പരിണിത ഫലത്തെക്കുറിച്ച് ആലോചിക്കാതെ നൂപുര്‍ ശര്‍മ്മയുടെ അഴിച്ചുവിട്ട നാവില്‍ നിന്നും വന്ന പരാമര്‍ശങ്ങളാണ് ഉദയ്പൂരില്‍ കഴുത്തറുത്ത് കൊല നടത്താന്‍ ഇടയാക്കിയതെന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായി. നൂപുര്‍ ക്ഷമാപണം നടത്തിയെന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങിന്റെ വാദം കോടതി ഗൗരവത്തിലെടുത്തില്ല.
നൂപുര്‍ ശര്‍മ ടെലിവിഷനിലൂടെ തന്നെ മാപ്പു ചോദിക്കേണ്ടിയിരുന്നു. പ്രസ്താവന പിന്‍വലിക്കാന്‍ അവര്‍ വൈകി. മാത്രമല്ല ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ എന്ന ഉപാധിയോടെയായിരുന്നു നൂപുറിന്റെ ക്ഷമാപണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ദേശീയ പാര്‍ട്ടിയുടെ വക്താവ് എന്ന പദവിക്ക് എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് ഇല്ലെന്നും കോടതി വ്യക്തമാക്കി.
കീഴ്‌ക്കോടതികളെ മറികടന്ന് നൂപുര്‍ ശര്‍മ ഹര്‍ജിയുമായി നേരിട്ട് സുപ്രീം കോടതിയെ സമീപിച്ച നടപടിയെയും ബെഞ്ച് വിമര്‍ശിച്ചു. രാജ്യത്തെ മജിസ്‌ട്രേറ്റുമാര്‍ നൂപുറിനെ സംബന്ധിച്ചിടത്തോളം തീരെ ചെറുതാണ്. അവരുടെ ധിക്കാരവും അല്പത്തരവുമാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തമാക്കുന്നത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ നൂപുറിനെ അറസ്റ്റു ചെയ്യാത്തതിന് പിന്നില്‍ അധികാരസ്വാധീനമാണുള്ളത്. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ നടത്താന്‍ നിങ്ങള്‍ക്ക് പിന്തുണയുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും നിങ്ങള്‍ക്കു വേണ്ടിയും അവര്‍ ചുവപ്പു പരവതാനി വിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നൂപുറിന്റെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ അംഗീകരിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കിയതോടെ നൂപുര്‍ ഹര്‍ജി പിന്‍വലിച്ചു.

നാല് സംസ്ഥാനങ്ങളിലായി ഒമ്പത് എഫ്ഐആറുകള്‍ 

ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലായി ഒമ്പത് എഫ്ഐആറുകളാണ് നുപൂര്‍ ശര്‍മയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ അഞ്ചും ഡല്‍ഹി-തെലങ്കാന എന്നിവിടങ്ങളില്‍ ഒരോന്ന് വീതവും പശ്ചിമബംഗാളില്‍ രണ്ട് വീതം കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസം, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി നുപൂര്‍ ശര്‍മയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.


മാധ്യമ ദുരുപയോഗത്തിനെതിരെയും സുപ്രീം കോടതി

ന്യൂഡല്‍ഹി: വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ബിജെപി-സംഘ്പരിവാര്‍ നടത്തുന്ന മാധ്യമ ദുരുപയോഗത്തിനെതിരെയും സുപ്രീം കോടതി.
ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണ്. ഇത്തരമൊരു വിഷയത്തില്‍ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത് ഉചിതമായില്ല. ഒരു പ്രത്യേക അജണ്ടയെ പ്രോത്സാഹിപ്പിക്കാന്‍ അല്ലെങ്കില്‍ ചാനലിന് ഇക്കാര്യത്തില്‍ എന്ത് താല്പര്യമാണ് ഉള്ളതെന്നും കോടതി ആരാഞ്ഞു.
നൂപുര്‍ ശര്‍മ്മ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ആഗോള തലത്തില്‍ 16 മുസ്‌ലിം രാഷ്ട്രങ്ങള്‍ പരാമര്‍ശത്തിനെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബിജെപി നൂപുര്‍ ശര്‍മക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Eng­lish Sum­ma­ry: Nupur Shar­ma’s blas­phe­mous remarks set the coun­try on fire

You may like this video also

TOP NEWS

July 14, 2024
July 14, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.