നിപയോട് പൊരുതിയ നഴ്‌സ് ലിനിക്കും ശോഭനയ്ക്കും ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്

Web Desk
Posted on June 28, 2019, 11:48 am

കോഴിക്കോട്: നിപാ വൈറസിനെതിരെ പോരാടി ജീവന്‍ നല്‍കി നഴ്‌സ് ലിനിയ്ക്ക് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്. നഴ്‌സിങ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡാണ് രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപാ വൈറസ് ബാധയേറ്റ് മരിച്ച സിസ്റ്റര്‍ ലിനി പുതുശേരിക്കും മെഡിക്കല്‍ കോളേജിലെ ഹെഡ്‌നേഴ്‌സായ എന്‍ ശോഭനയ്ക്കും ലഭിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം ഗവ. മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ആര്‍ ചാന്ദിനിക്ക് ലഭിച്ചിരുന്നു.

നഴ്‌സ് ലിനി പുതുശേരിക്ക് മരണാനന്തര ബഹുമതിയായാണ് ദേശീയ പുരസ്‌കാരം നല്‍കുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന ലിനി 2018 മെയ് 21ന് രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപാ വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഗവ. മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന നേഴ്‌സ് ശോഭനയ്ക്ക് ദേശീയ പുരസ്‌കാരം നിപായെ തൂത്തെറിയാന്‍ മുന്നിട്ടിറങ്ങിയതിന് കൂടിയാണ്. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ മൂന്ന്മാസം ശേഷിക്കേയാണ് അംഗീകാരം തേടിയെത്തിയത്. നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സേവനമാണ് ഇവരുടേത്.

നഴ്‌സുമാരുടെ തുടര്‍വിദ്യാഭ്യാസ പരിപാടിയായ കണ്ടിന്യൂയസ് നേഴ്‌സിങ് എഡ്യുക്കേഷന്‍ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ശോഭനയ്ക്ക് 2017ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നേഴ്‌സിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഷൊര്‍ണൂരിനടുത്ത് വാടാനാംകുറിശി സ്വദേശിയാണ്. മെഡിക്കല്‍ കോളേജിനടുത്ത് ഉമ്മളത്തൂര്‍താഴത്താണ് താമസം. ഭര്‍ത്താവ് : കെ രാധാകൃഷ്ണന്‍ (ചന്ദ്രകാന്ത് നേത്രാലയം ജനറല്‍ മാനേജര്‍).

YOU MAY LIKE THIS VIDEO