മുലപ്പാലിൽ മോർഫിൻ ചേർത്ത് നവജാത ശിശുക്കളെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ സൗത്ത് ജർമനിയിലെ ഉയിം സർവകലാശാല ആശുപത്രിയിലെ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരുദിവസം പ്രായമായ കുഞ്ഞ് മുതൽ ഒരുമാസം പ്രായമുള്ള കുഞ്ഞിനെവരെയാണ് നേഴ്സ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
എന്നാൽ അഞ്ച് കുഞ്ഞുങ്ങൾക്കും ഒരേസമയം ശ്വാസതടസം അനുഭവപ്പെടുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നഴ്സുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ നഴ്സുമാർ ചേർന്ന് അടിയന്തര ചികിത്സ നൽകിയതിനാൽ അഞ്ച് കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിക്കാനായി. കുട്ടികളെ കൊലപ്പെടുത്തുന്നതിനായി സിറഞ്ചിൽ മുലപ്പാലിനൊപ്പം മോർഫിനും കലക്കി നൽകുകയായിരുന്നു.
കുഞ്ഞുങ്ങൾക്ക് അണുബാധയേറ്റെന്നായിരുന്നു നഴ്സുമാർ ആദ്യം കരുതിയിരുന്നത്. എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ കുഞ്ഞുങ്ങളുടെ മൂത്രം പരിശോധിക്കുകയും മോർഫിന്റെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു. കുട്ടികൾ രണ്ടുപേരുടെ മൂത്രത്തിൽ വേദനാസംഹാരിയുടെ അംശവും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ജനുവരി 17ന് സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സംശയം തോന്നിയ നഴ്സിനെ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ ലോക്കറിൽനിന്ന് മോർഫിൻ കലർത്തിയ മുലപ്പാൽ നിറച്ച സിറിഞ്ചുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം നഴ്സ് തള്ളുകയായിരുന്നു.
English summary: nurse ‘poisoned babies with morphine’
you may also like this video