‘മുക്കാല്‍ മണിക്കൂറോളം ബെല്ലടിച്ചു, പിന്നെ കൈകാലുകള്‍ തളര്‍ന്നു’; പിപിഇ കിറ്റ് ധരിച്ച് ലിഫ്റ്റില്‍ ബോധരഹിതയായി നഴ്സ്

Web Desk

എറണാകുളം

Posted on June 18, 2020, 7:01 pm

മുക്കാൽ മണിക്കൂറോളം ബെല്ലടിച്ച ശേഷവും തന്നെ രക്ഷിക്കാൻ ആരും എത്തിയില്ലെന്ന്‌ കളമശ്ശേരി മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുടുങ്ങിയ നേഴ്സ്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ ഇവരെ ഒന്നേകാൽ മണിക്കൂറിനു ശേഷം ബോധരഹിതയായ നിലയിലാണ് കണ്ടെത്തിയത്.പി പി ഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിലെ നഴ്‌സാണ് ലിഫ്റ്റിൽ കുടുങ്ങിയത്.

മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് എക്കോ മെഷീൻ കൊടുക്കാനായി ലിഫ്റ്റിൽ കയറിയതായിരുന്നു നഴ്‌സ്. നാലു പേർക്ക് മാത്രമേ ഒരേ സമയം ലിഫ്റ്റിൽ പ്രവേശിക്കാൻ സാധിക്കൂ. ലിഫ്റ്റിൽ എക്കോ മെഷീനും ട്രോളികളും ഉണ്ടായിരുന്നു. ഇടയ്ക്ക് വൈദ്യുതി ബന്ധം നഷ്ടമായതാണ് ലിഫ്റ്റ് പ്രവർത്തനരഹിതമാകാൻ കാരണമായത്.പി പി ഇ കിറ്റിൽ കുറെ സമയം ചെലവഴിച്ചതോടെയാണ് ബോധം നഷ്ടമാകാൻ കാരണമായത്.

അടുത്ത ഷിഫ്റ്റിലേക്കുള്ള നാലു പേർ ഡ്യൂട്ടിക്ക് വന്നപ്പോഴാണ് നഴ്‌സ് ലിഫ്റ്റിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. പി പി ഇ കിറ്റ് ധരിച്ചിരുന്നതിനാൽ മറ്റുള്ളവർക്ക് ഓടിച്ചെന്ന് സഹായിക്കാനും സാധിക്കാത്ത സാഹചര്യമായിരുന്നു. പിന്നീട് കൂടുതൽ പേരെത്തിയാണ് ഇവരെ സ്‌റ്റെപ്പിലൂടെ താഴേയ്ക്ക് എത്തിച്ചത്.

‘ലിഫ്റ്റില്‍ നല്ല ഇരുട്ടായിരുന്നു. എക്കോ മെഷീനൊക്കെ ഉള്ളതിനാല്‍ തീരെ സ്‌പേസും ഉണ്ടായിരുന്നില്ല. എങ്കിലും മുക്കാല്‍ മണിക്കൂറോളം അലാറം അടിച്ചു. പിപിഇ കിറ്റ് ഇട്ടിരുന്നതിനാല്‍ വിയര്‍പ്പുവീണ് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. പിന്നെ കയ്യും കാലുമൊക്കെ തളര്‍ന്നുപോകുന്നതു പോലെ തോന്നി. മറ്റൊന്നും ഓര്‍മയില്ല. ബാക്കിയുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞാണ് അറിയുന്നത്. 4.20ന് അടുത്ത ഡ്യൂട്ടിയിലുള്ളവര്‍ എത്തിയപ്പോഴാണ് എന്നെ കണ്ടെത്തിയത്. 3.05നാണ് ലിഫ്റ്റില്‍ കയറിയത്’ ‑അവര്‍ വ്യക്തമാക്കി.

നഴ്‌സ് 15 മിനിറ്റിൽ കൂടുതൽ സമയം ലിഫ്റ്റിൽ കിടന്നിട്ടില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് പ്രതികരിച്ചു. സംഭവത്തിൽ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പരാതി ഉണ്ടെങ്കിൽ അന്വേഷിക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

ENGLISH SUMMARY: Nurse trapped in a lift more than one hour in Kala­massery Med­ical col­lege

YOU MAY ALSO LIKE THIS VIDEO