ഒബിസി സംവരണം: മോഡി മറ്റൊരു തീക്കളിക്ക് മുതിരുന്നു

Web Desk
Posted on June 13, 2019, 10:33 pm

സാമൂഹിക ആസൂത്രണോപായങ്ങളിലൂടെ രാഷ്ട്രീയ അധികാരത്തിന്മേലുള്ള തങ്ങളുടെ പിടിമുറുക്കുക എന്നത് രാഷ്ട്രതന്ത്ര കലയാക്കി മാറ്റുകയാണ് ബിജെപിയും നരേന്ദ്രമോഡിയും. ആ ‘സോഷ്യല്‍ എന്‍ജിനീയറിംഗ്’ ആവട്ടെ ജനതയെ പരസ്പരം ഭയപ്പെടുകയും പോരടിക്കുകയും ചെയ്യുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ശത്രുപാളയങ്ങളാക്കി മാറ്റിക്കൊണ്ടായിരിക്കുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഹിന്ദുവിനെതിരെ മുസല്‍മാനെയും ഇതര ന്യൂനപക്ഷ മതങ്ങളെയും ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ഭൂരിപക്ഷ ഹിന്ദുസമുദായത്തെയും എത്ര വിദഗ്ധവും അനായാസവും ശത്രുപാളയങ്ങളാക്കി മാറ്റാനാവുമെന്ന് ഒന്നാം നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തിന് കാട്ടിതന്നു. അവിടം കൊണ്ടും അവസാനിപ്പിക്കാതെ ജനതയെ ആകെ ദേശസ്‌നേഹികളും രാഷ്ട്രശത്രുക്കളുമായി വിഭജിക്കാനും മോഡിഭരണകൂടം മടിച്ചില്ല. അങ്ങേയറ്റത്തെ കാപട്യം നിറഞ്ഞ ഹീനതന്ത്രങ്ങളിലൂടെ മറ്റ് പിന്നാക്ക ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം പൊരുതുന്ന ഉപജാതികളാക്കി മാറ്റി രാഷ്ട്രീയ മുതലെടുപ്പിനും അധികാര കുത്തകക്കും വേണ്ടിയുള്ള തീക്കളിയിലേക്കാണ് രണ്ടാം മോഡിഭരണകൂടം തള്ളിനീക്കാന്‍ ശ്രമിക്കുന്നത്. മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ‑തൊഴില്‍ രംഗങ്ങളില്‍ ലഭ്യമായ 27 ശതമാനം സംവരണം ജാതികളുടേയും ഉപജാതികളുടേയും അടിസ്ഥാനത്തില്‍ മൂന്നു വ്യത്യസ്ത വിഭാഗങ്ങളാക്കി വിഭജിച്ച് സംവരണത്തിന്റെ പേരില്‍ ഒടുങ്ങാത്ത ജാതിപ്പോരിനും വര്‍ഗീയ കലാപങ്ങള്‍ക്കും തീകൊളുത്താനുള്ള നീക്കത്തിനാണ് രണ്ടാം മോഡിഭരണത്തിന്റെ അണിയറയില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നത്.

മറ്റ് പിന്നാക്ക സമുദായങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ച് അവര്‍ക്കിടയില്‍ സംവരണ ആനുകൂല്യങ്ങള്‍ വിഭജിച്ചു നല്‍കുക എന്നതാണ് പുതിയ സാമൂഹിക ആസൂത്രണോപായം. 2,683 ജാതികള്‍ ഉള്‍പ്പെട്ട, മറ്റ് പിന്നാക്ക സമുദായങ്ങളില്‍ ചിലവ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ഏറെ കവര്‍ന്നെടുത്തിരിക്കുന്നു. ചിലരാകട്ടെ അപ്പാടെ അവഗണിക്കപ്പെട്ടിരിക്കുന്നു; എന്ന വസ്തുതകളുടെ പിന്‍ബലമില്ലാത്ത, ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് ഒബിസി സംവരണം എന്ന അപ്പം മൂന്നായി വീതംവയ്ക്കാനുള്ള രണ്ടാം മോഡി സര്‍ക്കാരിന്റെ നീക്കം. ഇതുവഴി ഉത്തര്‍പ്രദേശും ബിഹാറും തമിഴ്‌നാടുമടക്കം വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യവും ആഴത്തില്‍ വേരോട്ടവുമുള്ള പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കുക എന്നതാണ് മോഡി രാഷ്ട്രീയം ലക്ഷ്യം വയ്ക്കുന്നത്. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒന്നാം മോഡി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജി രോഹിണി കമ്മിഷന്‍ അതിന്റെ പ്രഥമ ‘പര്യാലോചന രേഖ’ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു കഴിഞ്ഞു. നാളിതുവരെ ഒബിസി സംവരണം വഴി ലഭിച്ച 25 ശതമാനം ആനുകൂല്യങ്ങളും കൈപ്പറ്റിയത് പത്ത് ഉപജാതികള്‍ മാത്രമാണെന്ന കണ്ടെത്തലാണ് കമ്മിഷന്‍ നടത്തിയിരിക്കുന്നത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനം സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍, 1931ല്‍, നടന്ന കാനേഷുമാരി കണക്കുകളാണ്. അതിനുശേഷം രാജ്യത്ത് മറ്റ് പിന്നാക്ക സമുദായങ്ങളുടെ ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് കണക്കെടുപ്പ് നടന്നിട്ടേയില്ല. 2021 ല്‍ നടക്കുന്ന സെന്‍സസായിരിക്കും 90 വര്‍ഷങ്ങള്‍ക്കുശേഷം ജാതി-ഉപജാതി അടിസ്ഥാനത്തില്‍ നടക്കുന്ന ആദ്യത്തെ കണക്കെടുപ്പ്. അത് രണ്ടാം മോഡി സര്‍ക്കാരിന്റെ തിടുക്കത്തെ സംബന്ധിച്ച് പ്രസക്തമായ സംശയങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മയെയാണ് നാം അഭിമുഖീകരിക്കുന്നത്. കുതിച്ചുയരുന്ന യുവാക്കളുടെ തൊഴില്‍ രാഹിത്യം, കടുത്ത കാര്‍ഷിക‑വ്യാവസായിക തകര്‍ച്ചയെ തുടര്‍ന്നുള്ള തൊഴില്‍ രംഗത്തെ കൊഴിഞ്ഞുപോക്ക്, കയറ്റുമതി നേരിടുന്ന കനത്ത ഇടിവ് എന്നിവ സാമൂഹ്യ‑രാഷ്ട്രീയ രംഗത്ത് സ്‌ഫോടനാത്മകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സമ്പദ്ഘടന, തൊഴില്‍, വളര്‍ച്ച എന്നിവ സംബന്ധിച്ച എല്ലാ കണക്കുകളും തമസ്‌കരിക്കാനും വളച്ചൊടിക്കാനും ഒന്നാം മോഡി സര്‍ക്കാര്‍ നടത്തിയ കപടനാടകങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്. ഈ പശ്ചാത്തലത്തില്‍ വേണം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമൂഹിക ആസൂത്രണോപായങ്ങളെ നോക്കിക്കാണാന്‍. മോഡി ഭരണത്തിന്റെ തുടര്‍ച്ചയ്ക്ക് വിഘാതമായേക്കാവുന്ന രാഷ്ട്രീയ ശക്തികളെ ഒന്നൊന്നായി തകര്‍ക്കുകയും അവരുടെ പിന്നില്‍ അണിനിരന്നിരിക്കുന്ന ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുകയുമാണ് പുതിയ തന്ത്രം. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന തൊഴില്‍-വിദ്യാഭ്യാസ സംവരണം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്തുള്ള സവര്‍ണ മേധാവിത്വത്തെ തെല്ലൊന്നുമല്ല ചൊടിപ്പിക്കുന്നത്. ആ സവര്‍ണ മേധാവിത്വമെന്ന ന്യൂനപക്ഷ വര്‍ഗ താല്‍പര്യമാണ് സംഘപരിവാറും നരേന്ദ്രമോഡിയും ഉയര്‍ത്തിപ്പിടിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്ന വിനാശകരമായ ഈ കാര്‍മേഘത്തെ പ്രബുദ്ധ രാഷ്ട്രീയം അവഗണിച്ചുകൂട. അത്തരമൊരു കുടിലതന്ത്രത്തിന്റെ ഇരയാക്കി കേരള രാഷ്ട്രീയ‑സാമൂഹിക ജീവിതത്തെ മാറ്റാനും അനുവദിച്ചുകൂട.