അബോധാവസ്ഥയില്‍ കണ്ട സോഡ കമ്പനി ഉടമ മരിച്ചു

KASARAGOD BUREAU

കാഞ്ഞങ്ങാട്

Posted on November 21, 2020, 7:46 pm

പുതിയ കോട്ട ടൗണ്‍ഹാളിന്‌ സമീപത്ത്‌ ഒരു രാത്രി മുഴുവനും അബോധാവസ്ഥയില്‍ക്കിടന്ന്‌ ഒടുവില്‍ പ്രഭാത സവാരിക്കാരുടെയും അഗ്‌നിശമനസേന അംഗങ്ങളുടെയും തുണയാല്‍ ആശുപത്രിയിലെത്തിച്ച കൊളവയല്‍ സ്വദേശി ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി. കൊളവയല്‍ അടിമ അമ്പലത്തിന്‌ സമീപത്ത്‌ റോയല്‍ സോഡാ കമ്പനി നടത്തുന്ന കരുണാകരന്‍(48) ആണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച രാത്രിയാണ്‌ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അമിതരക്തസമ്മര്‍ദത്തെത്തുടര്‍ന്ന്‌ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്‌ സംശയം. എന്നാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ രാത്രിമുഴുവന്‍ അവിടെതന്നെ കിടക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ നടക്കാനിറങ്ങിയവര്‍ ശബ്ദം കേട്ടാണ്‌ കരുണാകരനെ കണ്ടത്‌. ഉടന്‍തന്നെ സമീപത്തെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. നീലേശ്വരം ഗവ: ആസ്‌പപത്രിയിലേക്കും അവിടെ നിന്ന്‌ മംഗളൂരുവിലേക്കും കൊണ്ടുപോയി. തലച്ചോറില്‍ രക്തം കട്ട കെട്ടിയതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാതെ മംഗലാപുരത്ത്‌ നിന്ന്‌ തിരിച്ചു കൊണ്ടുവന്നു. മന്‍സൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയവേ ഇന്നലെ രാവിലെയാണ്‌ മരിച്ചത്‌. വിതരണം ചെയ്‌ത സോഡയുടെ കലക്ഷന്‌ വേണ്ടി വ്യാഴാഴ്‌ച രാവിലെ പുറപ്പെട്ടതായിരുന്നു. പരേതനായ പൊക്കന്റേയും കമ്മാടത്തുവിന്റെയും മകനാണ്‌. ഭാര്യ: ബിന്ദു. ഒന്നര വയസ്സുള്ള ഇസാന്‍ മകനാണ്‌. സഹോദരന്‍: കൊട്ടന്‍ കുഞ്ഞി.