ദു:ഖ തന്ത്രികൾ ഒരു നീറ്റലിൻ്റെ മൂളലായി ബാക്കിവെച്ച്..

Web Desk
Posted on October 02, 2018, 1:30 pm

അൻസാർ എടപ്പാൾ

മലയാളികൾ ബാലു എന്ന ഇഷ്ടപ്പേര് നൽകിയ ബാലഭാസ്കർ മരണത്തിൻ്റെ ദു:ഖ തന്ത്രികൾ ഒരു നീറ്റലിൻ്റെ മൂളലായി ബാക്കിവെച്ച് യാത്രയായി. ഒരു വയലിൻ മാന്ത്രികൻ എന്ന നിലയിൽ അങ്ങിങ്ങായി കണ്ടും കേട്ടും അറിവുണ്ട് എന്നതല്ലാതെ കൂടുതൽ അടുത്തറിഞ്ഞിട്ടൊന്നുമില്ല. ഒരു കലാകാരൻ എന്നതിലുപരി, സൗഭാഗ്യവും ദൗർഭാഗ്യവും ശരിക്ക് അനുഭവിപ്പിച്ച ഒരു അച്ഛൻ എന്ന നിലയിലാണ് ബാലു ഒന്നു രണ്ട് ആഴ്ചകളിലായി മനസിൽ വേരൂന്നിയത്. സ്റ്റേജിലെ ഭാവപ്രകടനങ്ങളേക്കാൾ യഥാർഥ ജീവിതത്തിലെ നിമിഷങ്ങളായിരുന്നു അദ്ദേഹം ആസ്വദിച്ചതും ആസ്വദിപ്പിച്ചതും. ഒന്നരപ്പതിറ്റാണ്ട് കാലത്തെ നിരാശയുടെ വേവലിനൊടുവിൽ പ്രതീക്ഷയും കൺകുളിരുമായി തേജസ്വിനി ബാലയുടെയും ലക്ഷ്മിയുടെയും ഉള്ളിൽ പാട്ടായി ഒഴുകി. ഒരു അച്ഛനായി തുടങ്ങിയതേ ഉള്ളൂ, അച്ഛാ എന്ന് കൊഞ്ചി വിളി കേൾക്കാൻ കാത്തിരിക്കുന്നതേ ഉള്ളൂ.. അപ്പോഴേക്കും ആ സ്വപ്ന താളം നിലച്ചു. മലയാളി ലോകം കരഞ്ഞു.. പ്രശസ്തനായ ഒരു വയലിനിസ്റ്റിൻ്റെ മകൾ മരിച്ചു എന്ന വികാരം മാത്രമല്ല, ഇങ്ങനെ ഒരു അച്ഛൻ്റെ മകൾ മരിച്ചു എന്നത് കൂടിയായിരുന്നു.
മകൾ അച്ഛാ എന്ന് വിളിച്ചില്ല, ബാലു മോളൂ എന്ന് അധികം വിളിച്ചില്ല. അച്ഛൻ അറിയില്ല, മകൾ കൺമറയത്ത് നിന്ന് മാഞ്ഞത്.. മകൾ അറിയില്ല അച്ഛൻ കണ്ണടച്ചത്..! എൻ്റെ മകളെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കിടക്കയിൽ വെച്ച് ബാലുവിൻ്റെ ഹൃദയം പിടച്ചിരിക്കും. എൻ്റെ അച്ഛന് ഒന്നും സംഭവിക്കരുതേ എന്ന് ആ ഇളം പൈതലും പ്രാർഥിച്ചിരിക്കും… ഇതൊക്കെ അറിയാനിരിക്കുന്ന ആ കുഞ്ഞിൻ്റെ അമ്മ…!

ബാലുവിനും തേജുവിനും പുഷ്പാഞ്ജലികൾ..😰😰