Site iconSite icon Janayugom Online

സംവരണത്തിന്റെ ലക്ഷ്യം സാമൂഹിക ഉന്നമനം: സുപ്രീം കോടതി

നൂറ്റാണ്ടുകളായി അടിച്ചമർത്തലിലൂടെ സൃഷ്ടിക്കപ്പെട്ട പിന്നാക്കാവസ്ഥയും ദാരിദ്ര്യവും ഒരേ രീതിയിൽ പരിഹരിക്കാനാകില്ലെന്ന് സുപ്രീം കോടതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക്(ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം നല്കിക്കൊണ്ടുള്ള ഭരണഘടനയുടെ 103-ാം ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
സംവരണം എന്ന പദത്തിന് സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം പോലുള്ള വ്യത്യസ്ത അർത്ഥങ്ങളുണ്ടെന്നും നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട വർഗങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ജാതിയുടെയും തൊഴിലിന്റെയും പേരിൽ നൂറ്റാണ്ടുകളായി അപമാനിതരായവർക്കാണ് സംവരണം നല്കിയിട്ടുള്ളത്. ആ പിന്നാക്കാവസ്ഥ താല്കാലികമല്ല, നൂറ്റാണ്ടുകളിലേക്കും തലമുറകളിലേക്കും നീളുന്നതാണ്. എന്നാൽ സാമ്പത്തിക പിന്നാക്കാവസ്ഥ താല്കാലികമാകാം. മുന്നാക്ക വിഭാഗങ്ങളിലെ ഇഡബ്ല്യുഎസുകാർക്ക് സർക്കാർ സ്കോളർഷിപ്പും സൗജന്യ വിദ്യാഭ്യാസവും നല്കിയാൽ മതിയാകുമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.
അതേസമയം സംവരണം നല്കുന്നതിനുള്ള മാനദണ്ഡമായി സാമ്പത്തിക സാഹചര്യം പരിഗണിക്കുന്നത് ഭരണഘടനാപരമായി നിലനിൽക്കുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക വിഭ മഖിജ ചൂണ്ടിക്കാട്ടി. സംവരണത്തിനുള്ള ഏക മാനദണ്ഡം ജാതിയായി തുടരുന്ന ഒരു സാഹചര്യം ഭരണഘടനാ നിർമ്മാതാക്കൾ വിഭാവനം ചെയ്തിട്ടില്ലെന്നും മഖിജ പറഞ്ഞു.
കൃത്യമായി നിർവചിക്കപ്പെട്ട മാർഗനിർദ്ദേശങ്ങളില്ലാത്ത ഇഡബ്ല്യുഎസ് വിഭാഗത്തിന്റെ വാദങ്ങളെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച് ചോദ്യം ചെയ്തു. ഇഡബ്ല്യുഎസ് രൂപീകരിക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയ മാർഗനിർദ്ദേശങ്ങൾ ഇല്ലെന്ന് ജസ്റ്റിസ് മഹേശ്വരി ചൂണ്ടിക്കാട്ടി. കമ്മിഷൻ രൂപീകരിച്ച് പ്രശ്നം പരിഹരിക്കാമെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി.
ദാരിദ്ര്യവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവസ്ഥയും ഒരു സാമൂഹിക യാഥാർത്ഥ്യമാണ്. അതിന് സാമൂഹികവും വിദ്യാഭ്യാസപരവുമായ ഘടകങ്ങളുമായി അടുത്ത ബന്ധമുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥയുടെ ഏക അടിസ്ഥാനം ജാതിയല്ല. മറ്റ് സാമൂഹിക‑സാമ്പത്തിക സൂചകങ്ങളെ ഭരണഘടനാപരമായി തെറ്റാണെന്ന് പറയാനാവില്ല. ജാതി എന്നത് ഒരു യാഥാർത്ഥ്യമാണെങ്കിലും, അത് സമൂഹത്തിന്റെ നിലനില്പിന്റെ ഏക സൂചകമല്ലെന്നും തുഷാർ മേത്ത പറഞ്ഞു.

Eng­lish Sum­ma­ry: Object of Reser­va­tion Social Uplift­ment: Supreme Court 

You may like this video also

Exit mobile version