വെബ് സീരീസുകളുടെ പേരിൽ യുവതീ യുവാക്കളെ വലയിൽ വീഴ്ത്തി അശ്ലീല സിനിമകൾ ഒരുക്കുന്നത് കേരളത്തിലും വ്യാപകമാകുന്നു. ഒടിടിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഉത്തരേന്ത്യൻ മാതൃകയിൽ ധനസമ്പാദനത്തിനായി കേരളത്തിലും ഇത്തരം ചിത്രങ്ങളുടെ നിർമ്മാണം വ്യാപകമായിരിക്കുന്നത്. അഭിനയമോഹമുള്ള യുവതീയുവാക്കളെ വെബ് സീരീസിന്റെയും ഷോർട്ട് ഫിലിമിന്റെയും പേരിൽ അഭിമുഖത്തിനായി വിളിച്ചുവരുത്തി കരാറിൽ ഒപ്പിടിച്ചാണ് ഇത്തരം രംഗങ്ങളിൽ അഭിനയിപ്പിക്കുന്നത്.
ഒടിടി പ്ലാറ്റ് ഫോമുകളിലെ വീഡിയോകൾക്ക് സെൻസർഷിപ്പ് ബാധകമല്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ സിനിമകൾ ഒരുക്കുന്നത്. നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയായ ലക്ഷ്മി ദീപ്ത ഒരുക്കിയ കെണിയിൽ അകപ്പെട്ട മലപ്പുറം സ്വദേശിനിയായ യുവതിയും തിരുവനന്തപുരം സ്വദേശിയായ യുവാവുമാണ് കഴിഞ്ഞ ദിവസം ഇവർക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. തുടർന്ന് പൊലീസ് സംവിധായികയ്ക്കെതിരെ കേസുമെടുത്തിട്ടുണ്ട്.
വെബ് സീരീസിന്റെ കുറച്ചു ഭാഗം ചിത്രീകരിച്ച ശേഷമാണ് യുവാവിനെ കൊണ്ട് കരാറിൽ ഒപ്പുവയ്പിക്കുന്നത്. തുടർന്നാണ് ചിത്രീകരിക്കുന്നത് അശ്ലീലചിത്രമാണെന്ന് അണിയറക്കാർ വ്യക്തമാക്കുന്നത്. കരാറിൽ നിന്ന് പിന്മാറിയാൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഭീഷണിപ്പെടുത്തിയാണ് അഭിനയിപ്പിച്ചതെന്നാണ് യുവാവിന്റെയും യുവതിയുടെയും ആരോപണം. സീരിയലിൽ അഭിനയിക്കാനെത്തിയ തന്നെ നിർബന്ധിച്ച് അശ്ലീല രംഗങ്ങളിൽ അഭിനയിപ്പിച്ചു എന്നും യുവതി പറയുന്നു. സിനിമ പുറത്തിറങ്ങിയതോടെ വീട്ടിലും നാട്ടിലും പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ വ്യക്തമാക്കുന്നു.
മലയാളത്തിലെ ആദ്യ അഡൾട്ട്സ് ഓൺലി ഒടിടി എന്ന പ്രഖ്യാപനത്തോടെയാണ് അടുത്തിടെ ആര്യനന്ദ ക്രിയേഷൻസ് യെസ്മാ എന്ന ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ചത്. മുൻകാലങ്ങളിൽ പുറത്തിറങ്ങിയ സോഫ്റ്റ് പോൺ ചിത്രങ്ങളുടെ മാതൃക പിന്തുടർന്നാണ് പുതിയ കാലത്ത് സിനിമകൾ ഒരുക്കുന്നത്. ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോൾ നേരത്തെ ചിത്രീകരിച്ച് വച്ചിരിക്കുന്ന അശ്ലീല വീഡിയോകൾ ഇടയ്ക്ക് ചേർക്കുകയായിരുന്നു പലപ്പോഴും ടാക്കീസുകാർ ചെയ്തിരുന്നത്. എന്നാൽ ഒടിടിയുടെ കാലത്ത് സിനിമയിൽ അഭിനയിക്കുന്നവരെ തന്നെ ഉൾപ്പെടുത്തിയാണ് രംഗങ്ങൾ ചിത്രീകരിക്കുന്നത്.
ലക്ഷ്മി ദീപ്ത സംവിധാനം ചെയ്ത നാൻസി എന്ന ചിത്രമാണ് ഒടിടിയിൽ ആദ്യമായി സംപ്രേഷണം ചെയ്തത്. ഇതിന് പിന്നാലെ ലക്ഷ്മിയുടെ തന്നെ സംവിധാനത്തിൽ സെലിന്റെ ട്യൂഷൻ ക്ലാസ് എന്ന ചിത്രവും പുറത്തിറക്കി. ഇതിന്റെ വിജയത്തെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും യെസ്മ പുറത്തിറക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ചാണ് പാൽപ്പായസം എന്ന ചിത്രം ലക്ഷ്മി സംവിധാനം ചെയ്ത് പുറത്തിറക്കിയത്.
ദീപാവലി ദിനത്തിൽ ഇതിന്റെ രണ്ടാം ഭാഗം എത്തുമെന്നും യെസ്മയുടെ സൈറ്റിൽ പറയുന്നുണ്ട്. സിനിമ, വെബ് സീരീസ് എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഭാഗങ്ങൾ മറ്റ് വഴികളിലൂടെയും അണിയറ പ്രവർത്തകർ പുറത്തുവിടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.