ജഡ്ജിമാരെ നിരീക്ഷിക്കല്‍; ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കണം: ജസ്റ്റിസ് മദന്‍ ബി ലോകൂര്‍

Web Desk
Posted on October 16, 2019, 11:13 pm

ന്യൂഡല്‍ഹി: ജഡ്ജിമാരെ ഇന്റലിജിന്‍സ് ബ്യുറോ നിരീക്ഷിക്കുന്നതിനെ കുറിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച മുന്‍ ജഡ്ജി മദന്‍ ബി ലോകൂര്‍. മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമാനിയെ ഇന്റലിജന്‍സ് ബ്യുറോ നിരീക്ഷിച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അറിവോടെ ആണോ എന്ന് ചോദിച്ച ലോകൂര്‍ ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലമാറ്റത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാണെന്നും വ്യക്തമാക്കി. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയ കോളത്തില്‍ ആണ് ജസ്റ്റിസ് ലോകൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ജസ്റ്റിസ് താഹില്‍ രമാനിയെ സംബന്ധിച്ച് ഇന്റലിജന്‍സ് ബ്യുറോ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് തുടര്‍ അന്വേഷണം നടത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്റലിജിന്‍സ് ബ്യുറോ ജഡ്ജിയെ രഹസ്യമായി നിരീക്ഷിച്ച ശേഷം ആണോ ഈ റിപ്പോര്‍ട്ട് നല്‍കിയത് എന്ന് ജസ്റ്റിസ് ലോകൂര്‍ ആരാഞ്ഞു.

‘ഇത് പോലെ എത്ര ജഡ്ജിമാരെ ഐ ബി നിരീക്ഷിക്കുന്നുണ്ട്? ഭയമോ, പക്ഷപാതമോ ഇല്ലാതെ വിധി പ്രസ്താവിക്കേണ്ട ജഡ്ജിമാര്‍, ഇന്റലിജിന്‍സ് ബ്യുറോയുടെ നിരീക്ഷണത്തില്‍ വിധി എഴുതേണ്ടി വരുന്നത് ഭയപ്പാട് ഉളവാക്കുന്ന വിഷയംമാണ്’. ഇന്റലിജിന്‍സ് ബ്യുറോയെ അന്ധമായി വിശ്വസിക്കരുതെന്നും ജസ്റ്റിസ് ലോകൂര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് താഹില്‍ രമാനിയുടെ സ്ഥലംമാറ്റ വിഷയം കുറച്ച് കൂടി മാന്യമായി പരിഹരിക്കേണ്ട വിഷയം ആയിരുന്നു എന്നും ജസ്റ്റിസ് ലോകൂര്‍ അഭിപ്രായപ്പെട്ടു. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് 2015 ല്‍ റദ്ദാക്കിയെങ്കിലും ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാണ് എന്ന് ജസ്റ്റിസ് ലോകൂര്‍ ആരോപിച്ചു. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച 43 കൊളീജിയം ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനം എടുക്കണംമെന്ന് കേന്ദ്ര നിയമമന്ത്രിക്ക് ചീഫ് ജസ്റ്റിസ് കത്ത് എഴുതേണ്ട സാഹചര്യം ഉണ്ടായി. ഹൈക്കോടതികളില്‍ ജഡ്ജിമാരുടെ 37 ശതമാനത്തോളം ഒഴിവുകള്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കാത്തതിനാല്‍ പത്ത് പേരുടെ നിയമനം സംബന്ധിച്ച് കൊളീജിയത്തിന് തീരുമാനം വൈകുന്ന സാഹചര്യം ഉണ്ടായതായും ജസ്റ്റിസ് ലോകൂര്‍ ചൂണ്ടിക്കാട്ടി.

ഭരണഘടന വിരുദ്ധമായ ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ ആണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് തോന്നിപോകുംമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ ആരോപിച്ചു. ഭരണഘടന ഭേദഗതി ചെയ്ത് ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ തിരികെ കൊണ്ട് വരേണ്ട കാര്യം ഇല്ല. അത് ഇപ്പോള്‍ തന്നെ നിലവില്‍ ഉണ്ടെന്നും ജസ്റ്റിസ് ലോകൂര്‍ പരിഹസിച്ചു. ഈ കാലഘട്ടത്തില്‍ മൗനം ഭൂഷണമല്ലെന്നും ജസ്റ്റിസ് ലോകൂര്‍ വ്യക്തമാക്കി. സുപ്രീംകോടതി തള്ളിക്കളഞ്ഞ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ അതിന്റെ തല വീണ്ടും പൊക്കിത്തുടങ്ങിയിട്ടുണ്ടെന്നും അതൊരു ഭീകരജീവിയായിട്ടുണ്ടെന്നും ജസ്റ്റിസ് ലോകൂര്‍ പരിഹസിച്ചു. കമ്മിഷന്‍ തിരിച്ചുകൊണ്ടുവരുന്നതിനായി ഇനിയിപ്പോള്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടതില്ലെന്നും അതിപ്പോള്‍തന്നെ പ്രതികാര ബുദ്ധിയോടെ നിലവിലുണ്ടെന്നും ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു. ” നിര്‍ണ്ണായകമായ ഇത്തരം വിഷയങ്ങളിലുള്ള നിശ്ശബ്ദത സുവര്‍ണ്ണമല്ല. ” എന്നും ജസ്റ്റിസ് ലോകൂര്‍ ഓര്‍മ്മിപ്പിച്ചു.