Janayugom Online
Flood

ഇന്ന്, ലോക പ്രകൃതിദുരന്ത നിവാരണദിനം; പ്രളയം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്

Web Desk
Posted on October 13, 2018, 8:23 am

സുനില്‍ കുമാര്‍ കരിച്ചേരി

നമ്മുടെ ഓര്‍മ്മയില്‍ അധികം പതിയാതെ പോകുന്ന ഒരു ദിനമായിരുന്നു ഒക്ടോബര്‍ 13. എന്നാല്‍ മലയാളികള്‍ അത്യാവശ്യം ഓര്‍ത്ത് ആചരിക്കേണ്ട ഒരു ദിനമായി ചുഴലിക്കാറ്റിന്റേയും പേമാരിയുടേയും ഉരുള്‍പൊട്ടലിന്റേയും സവിശേഷ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 13 മാറിയിരിക്കുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരം 2009 മുതലാണ് ഒക്ടോബര്‍ 13 ലോക പ്രകൃതിദുരന്ത നിവാരണ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വര്‍ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങള്‍ നിയന്ത്രിക്കുന്നതിലേക്ക് ലോക മനഃസാക്ഷിയെ ഉണര്‍ത്തുന്നതിനായാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാന്‍ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്.

എന്താണ് ദുരന്തം?

അതിവേഗത്തില്‍ സംഭവിക്കുന്നതും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതുമായ പ്രകൃതി ദത്തമോ അല്ലാത്തതോ ആയ ഏതൊരു അവസ്ഥയും ദുരന്തമെന്നറിയപ്പെടുന്നു. പ്രവചനാതീതവും, സാമ്യമില്ലായ്മയും, വേഗതയും, ശീഘ്രതയും, അനിശ്ചിതത്വവും, ഭീഷണിയുമാണ് ദുരന്തത്തിന്റെ സ്വഭാവം.ദുരന്തങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം.
1. പ്രകൃതിദുരന്തങ്ങള്‍
2. മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങള്‍
പേരില്‍ സൂചിപ്പിക്കും പോലെ പ്രകൃത്യാലുണ്ടാകുന്ന ദുരന്തങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍. ഒരു പരിധി വരെ നമ്മുടെ നിയന്ത്രണങ്ങള്‍ക്കുമപ്പുറത്താണവ. എന്നാല്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ നാം എല്ലാത്തിനേയും വെട്ടിപിടിക്കാനുളള അത്യാര്‍ത്തി മൂലം ക്ഷണിച്ചു വരുത്തുന്നവയാണ്.
ഉത്ഭവത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തങ്ങളെ പ്രധാനമായും ആറായി തരം തിരിക്കാം.
1. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ഉണ്ടാകുന്നത്.
ഭൂകമ്പം, സുനാമി, അഗ്‌നിപര്‍വത സ്‌ഫോടനം, മണ്ണിടിച്ചില്‍, മലയിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഈ ഗണത്തില്‍പെടുന്നവയാണ്.
2. കാലാവസ്ഥാപരമായ കാരണങ്ങളാല്‍ ഉണ്ടാകുന്നത്
ചുഴലിക്കാറ്റ്, പേമാരി, അത്യുഷ്ണം, വരള്‍ച്ച, അതിശൈത്യം, മഞ്ഞുവീഴ്ച, ഇടിമിന്നല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
3. ജലജന്യമായ കാരണങ്ങളാല്‍ ഉണ്ടാകുന്നത്
വെളളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, അണക്കെട്ടുകള്‍ തകരുന്നത്, തീര അപരദനം തുടങ്ങിയ ദുരന്തങ്ങള്‍ ജലജന്യ സൃഷ്ടിയാണ്.
4. രാസ ദുരന്തങ്ങള്‍
വിഷവാതകങ്ങള്‍ ചോരുന്നത്, രാസമാലിന്യങ്ങള്‍ ശുദ്ധജല സ്രോതസുകളില്‍ കലരുന്നത്, ആണവ ഇന്ധന ചോര്‍ച്ച, രാസായുധപ്രയോഗം എന്നീ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ നാം ക്ഷണിച്ചു വരുത്തുന്നവയാണ്.
5. ജൈവ ദുരന്തങ്ങള്‍
പകര്‍ച്ചവ്യാധികള്‍, ജൈവായുധങ്ങളുടെ പ്രയോഗം എന്നിവ ഈ ഗണത്തില്‍പ്പെടുന്നു.
6. ടെക്‌നോളജിക്കല്‍ ആയ കാരണങ്ങളാല്‍ ഉണ്ടാകുന്നത്
റോഡ്, റയില്‍, ജല, വായു ഗതാഗതവുമായി ബന്ധപെട്ടുണ്ടാകുന്ന വാഹന ദുരന്തങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവ തകരുന്നത്, അഗ്‌നിബാധ തുടങ്ങിയ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ ഇതിന് ഉദാഹരണമാണ്.
ഇതിനു പുറമേ യുദ്ധം, കലാപം എന്നിവയും മനുഷ്യന്റെ അഹങ്കാരത്താല്‍ സൃഷ്ടിക്കപ്പെടുന്ന ദുരന്തങ്ങളാണ്.

ഇത്തരം ദുരന്തങ്ങളില്‍ പലതും നമ്മെ സംബന്ധിച്ച് അടുത്തകാലം വരെ ഗൗരവതരമായിരുന്നില്ല. എന്നാല്‍ ഇന്ന് പ്രകൃത്യാലുളളതും, മനുഷ്യനിര്‍മിതവുമായ നിരവധി ദുരന്തങ്ങളാണ് കേരളത്തില്‍ അരങ്ങേറുന്നത്. 2004‑ലെ സുനാമി കേരളക്കരയില്‍ വിതച്ച നാശം നാം മറന്നിട്ടില്ല. 2017ല്‍ കേരള തീരത്ത് വീശിയടിച്ച ‘ഓഖി’ ചുഴലിക്കാറ്റിന്റെ മുറിവുണങ്ങും മുമ്പാണ് 2018 ഓഗസ്റ്റില്‍ പ്രളയദുരന്തമായി പേമാരി പെയ്തിറങ്ങിയത്. അതിതീവ്രമായ മഴയും മലയോര മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണ് ‑മലയിടിച്ചിലും, വെളളപ്പൊക്കവും വിവരണാതീതമായ ദുരന്തമാണ് സംസ്ഥാനത്തുണ്ടാക്കിയത്. ജീവനും സ്വത്തിനും വലിയ തോതില്‍ ആഘാതമേല്‍പ്പിച്ചാണ് പ്രളയദിനങ്ങള്‍ കടന്നു പോയത്.

ജാതിമതവര്‍ണവര്‍ഗരാഷ്ട്രീയസാമ്പത്തിക വ്യത്യാസമേതുമില്ലാതെ നാം നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. സ്വന്തം ജീവന്‍ പണയപ്പെടുത്തി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ ലക്ഷക്കണക്കിന് ദുരിതബാധിതരെയാണ് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്.

പ്രകൃതിദുരന്തനിവാരണ സംവിധാനങ്ങള്‍ സംബന്ധിച്ച് ഇത്തരുണത്തില്‍ നാം ഒന്ന് വിലയിരുത്തി പോകുന്നത് നന്നായിരിക്കും. പ്രകൃതിപരമോ മനുഷ്യനിര്‍മ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുളള ഒരു കൂട്ടം പ്രവര്‍ത്തനങ്ങള്‍ ആണ് ദുരന്തനിവാരണം അഥവാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളാണ് ദുരന്തം വരാതെ നോക്കുക, വരുമെന്നുറപ്പുളള ദുരന്തത്തെ നേരിടാനുളള നടപടികള്‍ സ്വീകരിക്കുക, ദുരന്തത്തിന് ശേഷമുളള രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവ.

ദുരന്തനിവാരണത്തില്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങള്‍ ആണുളളത്.
1. ദുരന്തത്തിന് മുമ്പുളള ഘട്ടം
ഈ ഘട്ടത്തില്‍ പ്രധാനമായും നാം അപകട സാധ്യതകളെ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. വള്‍ണറബിലിറ്റികുറയ്ക്കലും, തയാറെടുപ്പും, നിയമനിര്‍മാണം, ബോധവല്‍ക്കരണം, ബഡ്ജറ്റിംഗ്, മോക്ഡ്രില്‍ എന്നിവ ഈ ഘട്ടത്തില്‍ വരുന്നു.
2. ദുരന്ത സമയത്തുളള ഘട്ടം
പെട്ടെന്നുളള രക്ഷാപ്രവര്‍ത്തനം, മുന്നറിയിപ്പ്, ആള്‍ക്കാരെ മാറ്റി പാര്‍പ്പിക്കല്‍, വൈദ്യസഹായം, ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങല്‍ എന്നിവ ഈ ഘട്ടത്തിലാണ്.
3. ദുരന്തത്തിന് ശേഷമുളള ഘട്ടം
പുനരധിവാസം, പുനര്‍നിര്‍മാണം, തുടര്‍ചികിത്സാ, ധനസഹായം എന്നിവയാണ് പ്രധാനമായും ഈ ഘട്ടത്തില്‍ വരിക.
രാജ്യത്തിന് അകത്തുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ സുശക്തമായ ഒരു നിയമ നിര്‍മ്മാണം 2005 മുതല്‍ രാജ്യത്ത് നടപ്പില്‍ വരുത്തിയിട്ടുണ്ട്.
2005 ലെ ദേശീയ ദുരന്തനിവാരണ ആക്ട് പ്രകാരം പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ ദുരന്തനിവാരണ സമിതിയും, മുഖ്യമന്ത്രി ചെയര്‍മാനായി സംസ്ഥാന ദുരന്തനിവാരണ സമിതിയും, ജില്ലാ കളക്ടര്‍ ചെയര്‍മാനായി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഉള്‍കൊളളുന്ന ജില്ലാ ദുരന്തനിവാരണ സമിതിയും പ്രവര്‍ത്തിച്ചു വരുന്നു.വിവിധ തരം ദുരന്തങ്ങള്‍ നേരിടാനുളള ചുമതല നോഡല്‍ വകുപ്പുകള്‍ക്ക് വിഭജിച്ചു നല്‍കിയിട്ടുമുണ്ട്.
നിയമപ്രകാരം എല്ലാ തലങ്ങളിലും ഒരു ദുരന്തനിവാരണ പ്ലാന്‍ ഉണ്ടാകേണ്ടതുണ്ട്.ദുരന്തകാര്യങ്ങള്‍ യഥാസമയം മനസിലാക്കുന്നതിനാവശ്യമായ ശാസ്ത്രീയ സംവിധാനങ്ങളും, ഉദ്യോഗസ്ഥ വൃന്ദവും രാജ്യത്തുണ്ട്.
ദേശീയ ദുരന്തനിവാരണ നിയമം 35 (2) വകുപ്പു പ്രകാരം ദുരന്ത സമയത്ത് എല്ലാ വിധത്തിലും ഇടപെടല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. അതുപോലെ 8. 7.3 ഖണ്ഡിക പ്രകാരം ദുരന്തമേഖലയെ സഹായിക്കാന്‍ പുറം സഹായം ഉള്‍പ്പെടെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും നിയമത്തിലുണ്ട്. നിയമം ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതില്‍ പോരായ്മകള്‍ സംഭവിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നത് നന്നാവും.
മണ്ണും വിണ്ണും കടലും കായലും കാടും കാട്ടാറും വിറ്റു കാശാക്കാനുളള ആര്‍ത്തി മൂത്ത മനുഷ്യന്റെ വെമ്പല്‍ നമ്മുടെ കാലാവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുന്നു. പ്രളയാനന്തരം നദികള്‍ വറ്റിവരളുന്നു ‚കൊടും വരള്‍ച്ച നമ്മെ ഉറ്റുനോക്കുന്നു. ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെ പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടെ നടത്തുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ മൂലം അസ്ഥിരപ്രദേശങ്ങളുടെ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു. ഇന്ത്യയില്‍ 85 ശതമാനം ഭൂപ്രദേശങ്ങളും പ്രകൃതിദുരന്ത സാധ്യത പ്രദേശങ്ങളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഡംബരത്വരയില്‍ നാം പുറന്തളളുന്ന ഹരിതഗൃഹ വാതകങ്ങള്‍ ആഗോള താപനത്തിനും, കാലാവസ്ഥ വ്യതിയാനത്തിനും ആക്കം കൂട്ടുന്നു. മഞ്ഞുമലകളുടെനാശത്തിനും, നിമിഷ പ്രളയത്തിനും, സമുദ്ര ജലവിതാനം ഉയരാനും ഇത് കാരണമാകുന്നു.

2013 ലെ ഉത്തരാഖണ്ഡ് പ്രളയം, 2014 ലെ ജമ്മൂ കശ്മീര്‍ പ്രളയം, 2018ലെ കേരള പ്രളയം എന്നിവയില്‍ നിന്നെങ്കിലും നാം പാഠം പഠിക്കാന്‍ തയ്യാറാകണം. പ്രകൃതിയോട് മനുഷ്യന്‍ കാട്ടിയ ക്രൂരതയ്ക്ക് പ്രകൃതി നല്‍കിയ മറുപടിയായി നമുക്ക് ഈ ദുരന്തങ്ങളെ കാണാന്‍ കഴിയണം.
പ്രളയാനന്തര പുനരധിവാസവും, പുനര്‍നിര്‍മ്മാണവും പുരോഗമിക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദമായ, പരിസ്ഥിതിലോല മേഖലകളെ സംരക്ഷിച്ചു കൊണ്ടുളള, ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാത്ത, സുസ്ഥിര വികസന കാഴ്ചപ്പാട് ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇനിയൊരു പ്രളയത്തിന് നമ്മെ കീഴ്‌പ്പെടുത്താന്‍ കഴിയാത്തവിധമുളള പുനര്‍നിര്‍മ്മാണം നടത്താന്‍ ഒറ്റക്കെട്ടായ് നില്‍ക്കേണ്ട സമയത്ത് അനാവശ്യ വിവാദങ്ങളിലൂടേയും, കേവല രാഷ്ട്രീയ ചിന്താഗതിയിലൂടേയും മാറി നടക്കുന്നവര്‍ തിരുത്തി നേര്‍വഴിക്ക് എത്തുമെന്നും നമുക്ക് പ്രത്യാശിക്കാം.