Friday
06 Dec 2019

മൂലധന വാഴ്ചക്കെതിരെ തൊഴിലാളി വർഗ സത്യം ഉയർത്തിപ്പിടിക്കാൻ

By: Web Desk | Wednesday 30 October 2019 10:30 PM IST


കെ പി രാജേന്ദ്രൻ

ന്ത്യയിലെ ആദ്യ സംഘടിത തൊഴിലാളി പ്രസ്ഥാനമായ എഐടിയുസി രൂപം കൊണ്ടിട്ട് 99 വർഷം പിന്നിടുന്നു. ഒക്ടോബർ 31 എഐടിയുസി സ്ഥാപക ദിനമാണ്. സ്വാതന്ത്ര്യസമരപോരാട്ടത്തിലൂടെയാണ് എഐടിയുസി 1920-ൽ മുംബൈയിൽ പിറവിയെടുക്കുന്നത്. ലാലാലജ്പത്റായിയുടെ അധ്യക്ഷതയിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് എത്തിചേർന്ന തൊഴിലാളി പ്രതിനിധികൾ പങ്കെടുത്ത സമ്മേളനമാണ് രാജ്യത്ത് ആദ്യമായി ഒരു തൊഴിലാളി പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്. സമ്മേളനത്തിന്റെ മുഖ്യ നടത്തിപ്പിൽ ബാലഗംഗാധരതിലകന്റെ നേതൃത്വത്തിലുളള സാമ്രാജ്യ വിരുദ്ധ ചിന്താഗതിക്കാരായ ദേശാഭിമാനികളായ ഒട്ടേറെ ദേശീയ നേതാക്കൾ ഉണ്ടായിരുന്നു.
99 വർഷത്തെ ത്യാഗോജ്ജ്വലമായ പ്രക്ഷോഭങ്ങളുടേയും സമരങ്ങളുടേയും സഹനത്തിന്റേയും മഹത്തായ അനുഭവസമ്പത്തുള്ള വിപ്ലവതൊഴിലാളി പ്രസ്ഥാനം എഐടിയുസി നൂറാം വർഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. 2019 ഒക്ടോബർ 31 ന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മുംബൈയിൽ നടക്കുകയാണ്. തുടർന്ന് ഒന്ന്, രണ്ട് തീയതികളിൽ എഐടിയുസിയുടെ ജനറൽ കൗൺസിലിന്റെ സമ്മേളനവും നടക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷപരിപാടികൾക്കാണ് എഐടിയുസി ജനറൽ കൗൺസിൽ രൂപം കൊടുത്തിട്ടുള്ളത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ സമ്മേളനമാണ് 2020 ഏപ്രിൽ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന ശതാബ്ദി ദേശീയ സമ്മേളനം.

തൊഴിൽ മേഖലയിൽ കടുത്ത ചൂഷണവും പ്രാകൃതമായ സമ്പ്രദായങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ രൂപം കൊണ്ട എഐടിയുസിയുടെ പ്രാരംഭകാല പ്രവർത്തനങ്ങൾ ഏറ്റവും ആവേശകരവും ദേശാഭിമാനപരവുമാണ്. തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരങ്ങളും പ്രക്ഷോഭങ്ങളുമാണ് തുടർന്ന് നടന്നത്. 1923-ൽ വർക്ക്മെൻ കോമ്പൻസേഷൻ ആക്ടും 1926-ൽ ഇന്ത്യൻ ട്രേഡ് യൂണിയൻ ആക്ടും നിലവിൽ വന്നത് എഐടിയുസിയുടെ ഉശിരൻ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ്.
ഈ കാലഘട്ടത്തിൽ തൊഴിലാളികൾ നടത്തിയ പണിമുടക്കുകളും പ്രക്ഷോഭങ്ങളും തൊഴിലാളികളിൽ വലിയ തോതിൽ ആത്മവിശ്വാസം വളർത്തി. നമ്മുടെ രാജ്യത്ത് 90 ശതമാനം തൊഴിലാളികളും ഏറ്റവും കുറഞ്ഞ കൂലിയിലും ജീവിത സാഹചര്യത്തിലും പണി എടുക്കുന്നവരാണ്. കൃത്യമായി ആഹാരം കഴിക്കാനും അത്യാവശ്യകാര്യങ്ങൾ നിർവഹിക്കാനും കഴിയാത്തവർ, കുഞ്ഞുങ്ങളും കുടുംബവും ഏറ്റവും ശോചനീയമായ സ്ഥിതിയിൽ കഴിയുന്ന ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനോ സംരക്ഷിക്കാനോ ഭരണാധികാരികൾ ഒരു നടപടിയും സ്വീക­രി­ക്കുന്നില്ല.

നിലവിലുള്ള തൊഴിൽ നിയമങ്ങൾ ഒന്നും തന്നെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നില്ല. വ്യാപകമായി നിയമങ്ങൾ ഭരണാധികാരികൾ തന്നെ അട്ടിമറിക്കുകയാണ്. നിയമങ്ങൾ തൊഴിലാളികൾക്ക് ദ്രോഹകരമായ വിധത്തിൽ ഭേദഗതി ചെയ്യുന്നു. 44 കേന്ദ്ര തൊഴിൽ നിയമങ്ങൾ റദ്ദാക്കികൊണ്ടാ നാല് പുതിയ നിയമങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത് തൊഴിണ്ലാളികൾക്ക് സഹായകരമായിട്ടല്ല. തൊഴിലാളികൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും സാമൂഹ്യ സുരക്ഷയും എല്ലാം തകർക്കപ്പെടുകയാണ്. പാർലമെന്റ് പാസാക്കിയ വേതന ചട്ടനിയമവും, പാസാക്കൽ തയ്യാറാക്കിയിട്ടുള്ള പുതിയ മൂന്ന് ലേബർ കോഡുകളും തൊഴിലാളി വിരുദ്ധമാണ്. കോർപ്പറേറ്റുകൾക്കും സമ്പന്ന മുതലാളിമാർക്കും സഹായകരമായ വിധത്തിൽ തൊഴിൽ നിയമങ്ങൾ ചർച്ചപോലും ഇല്ലാതെ പാസാക്കിയെടുക്കുന്നു. തൊഴിൽ നിയമലംഘനത്തിന് ഭരണകൂടം തന്നെ നേതൃത്വം നൽകുന്നു. പാവപ്പെട്ടവരും ഏറെ ചൂഷണത്തിനു വിധേയരായിട്ടുളളവരുമായ തൊഴിലാളികൾക്ക് താങ്ങും തണലുമായി തൊഴിലാളി പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ട ശതാബ്ദി ആഘോഷ കാലഘട്ടത്തിൽ എഐടിയുസിയുടെ പങ്ക് വളരെ വിലപ്പെട്ടതാണ്.
ആഗോളവൽക്കരണത്തിനും സാമ്രാജ്യത്വത്തിനുമെതിരായ ചെറുത്തുനിൽപ്പിന്റെ തൊഴിലാളി വർഗ കരുത്തിന്റെ ഉജ്ജ്വലമായ വേദിയായിരുന്നു ലോക തൊഴിലാളി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ടിയു) പതിനേഴാമത് സമ്മേളനം. കിരാതമുതലാളിത്തം സൃഷ്ടിച്ച പ്രതിസന്ധികളെയും യുദ്ധങ്ങളെയും ദാരിദ്ര്യത്തെയും ചൂഷണത്തെയും ചെറുക്കുവാനും അതിജീവിക്കുവാനും സാർവദേശീയ തലത്തിൽ സംഘടിച്ചു മുന്നേറുക, പോരാടുക എന്ന ഡബ്ല്യുഎഫ്ടിയു സമ്മേളനം ലോകത്താകമാനമുള്ള തൊഴിലാളികളെ ആഹ്വാനം ചെയ്തു.

തൊഴിലാളി വർഗം നേരിടുന്ന വെല്ലുവിളികളെ നേരിടാനും സാർവദേശീയ കാഴ്ചപ്പാടോടെ തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തരാക്കുന്നതിനും ലക്ഷ്യം വച്ചായിരുന്നു ഡർബൻ സമ്മേളനം. തൊഴിൽ സമയം ദിവസം ആറ് മണിക്കൂറായി ചുരുക്കുക, ആഴ്ചയിൽ രണ്ട് ദിവസം വേതനത്തോടുകൂടി അവധി നൽകുക, സ്ത്രീ തൊഴിലാളികളുടെ പ്രസവകാല അവധി വേതനം ഒമ്പതു മാസമായി ഉയർത്തുക. തൊഴിലാളികുടുംബങ്ങളുടെ പാർപ്പിടം, ചികിത്സ-ആരോഗ്യ സംരക്ഷണം, കുടിവെള്ളം, കുട്ടികളുടെ വിദ്യാഭ്യാസം, വൈദ്യുതി, ആഹാരം, കുഞ്ഞുങ്ങളുടെ സംരക്ഷണം തുടങ്ങി സാമൂഹ്യ സുരക്ഷാ പദ്ധതികൾ സാർവത്രികമായി നടപ്പിലാക്കുന്നതിനുള്ള പ്ര­ക്ഷോഭങ്ങൾക്കും ക്യാമ്പെയിനുകൾക്കും ഡബ്ല്യൂഎഫ്ടിയു രൂപം നല്കി. 1945ൽ രൂപീകൃത കാലം മുതൽ എഐടിയുസി ലോക തൊഴിലാളി ഫെഡറേഷന്റെ അഭ്യേദ്യമായ ഭാഗമാണ്. ജന്മശതാബ്ദി വർഷത്തിൽ എഐടിയുസി ഉയർത്തുന്നത് ഈ ആവശ്യങ്ങൾ നേടിയെടുക്കാൻ പോരാട്ടങ്ങൾ ശക്തമാക്കണമെന്നാണ്.
‘മെയ്ക്ക് ഇൻ ഇന്ത്യ’, മെയ്ക്കിങ് ഇന്ത്യ, ട്രാൻസ്ഫോമിങ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ എല്ലാം ആകർഷകമായവ. ‘സ്വച്ഛ്ഭാരത്’ തുടങ്ങി വേറെയും ഒട്ടേറെ പദ്ധതികൾ. ലോകമെമ്പാടുമുളള മൂലധനം ഇന്ത്യയിലേക്ക് വരുന്നു എന്ന പ്രതീതി സൃഷ്ടിച്ചു.
ഓരോ വർഷവും രണ്ടുകോടി പുതിയ തൊഴിലവസരങ്ങളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കഴിഞ്ഞ ഭരണകാലയളവിൽ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ‘ജൻധൻ യോജന’, ‘ഉജ്ജ്വല യോജന’ തുടങ്ങി അച്ഛാദിൻ വരുന്നതിന്റെ ഭാഗമായി ആകർഷകമായ വിധത്തിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് ഭരണാധികാരികൾ ഒരു പിശക്കും കാണിക്കുന്നില്ല. കള്ളപ്പണം പിടിച്ചെടുക്കാൻ നോട്ട് നിരോധിച്ചതും രാജ്യംമുഴുവൻ ജിഎസ്‌ടി നടപ്പിലാക്കിയതും സാർവത്രികമായി കുഴപ്പത്തിലേക്ക് ചെന്നെത്തിനിൽക്കുന്ന ദയനീയ ചിത്രമാണ് ഒന്നാം മോഡി സർക്കാർ രാജ്യത്തിന്റെ മുമ്പിൽ അവതരിപ്പിച്ചത്. ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡെക്സ് വെളിപ്പെടുത്തിയത് ലോകത്തെ 188 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 130-ാമത് എന്നാണ്. ഗ്ലോബൽ ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സ്-124 രാജ്യങ്ങളിൽ 100-ാമത്തെ സ്ഥാനത്ത് ഇന്ത്യ നിൽക്കുന്നു എ­ന്നാണ് ചൂണ്ടിക്കാട്ടിയത്. സാമൂഹ്യ നീതിയുടെ ലോകറാങ്കിങിൽ 121-ാം സ്ഥാനത്തും സാക്ഷരതയിൽ 45-ാമതുമാണ് നമ്മുടെ നിൽപ്പ്. 2014-15 ഫുഡ് പോളിസി റിപ്പോർട്ട് പറയുന്നത് അഞ്ച് വയസിൽ താഴെയുളള 49.5 ശതമാനം കുട്ടികളും വളർച്ച മുരടിച്ചവരാണ് എന്നാണ്.

1991-മുതൽ നടപ്പിലാക്കി­യ ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ-ആ­ഗോളവൽക്കരണത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ 52 ലക്ഷം കോടി രൂപയുടെ ഇളവുകളും സൗജന്യങ്ങളും കുത്തകകളും സമ്പന്നരും നേടിക്കഴിഞ്ഞു. ആഗോളവൽക്കരണത്തിന്റെ രണ്ടാംഘട്ടം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും, സ്ഥിരം തൊഴിൽ അവസാനിപ്പിച്ചുകൊണ്ട് സമ്പൂർണ്ണമായി കരാർ വത്ക്കരണത്തിന്റെ നടപടികളുമായി രണ്ടാം മോഡി സർക്കാർ ആക്രമണോത്സുകമായ നടപടികളുമായി മുന്നോട്ടുപോകുന്നു. അതിന്റെ ഭാഗമാണ് തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നതും, നാലു ലേബർ കോഡുകൾ തൊഴിലാളി വിരുദ്ധമായി കൊണ്ടുവരുന്നതും. ഈ കാലയളവിൽ നടന്ന 18 പണിമുടക്കുകളും തൊഴിലാളികൾ ദുർബലരാകുകയല്ല കൂടുതൽ ശക്തവും വിപുലവുമായ ഐക്യത്തിലൂടെ ഈ നയങ്ങളെ ചെറുക്കാനുളള ശക്തി നേടുന്നു എന്നാണ് തെളിയിക്കുന്നത്. 2020 ജനുവരി 8ന് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഏറ്റവും ഉജ്ജ്വലവും ശക്തവുമായിരിക്കും. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 30ന് ഡൽഹിയിൽ പാർലമെന്റ് സ്ട്രീറ്റിൽ നടന്ന ദേശീയ കൺവൻഷൻ ആവേശകരമായിരുന്നു. രാജ്യത്തിന്റെ പൊതുമേഖലയെ സംരക്ഷിയ്ക്കാനുള്ള ഏറ്റവും ദേശാഭിമാനപരമായ മുദ്രാവാക്യമാണ് തൊഴിലാളികൾ ഉയർത്തിയിട്ടുള്ളത്.  ഇന്ത്യൻ റയിൽവേ, ഡിഫെൻസ്, കൽക്കരി, ഭാരത് പെട്രോളിയം, ബിഎസ്എൻഎൽ, എയർപോർട്ട്, വ്യോമയാനം, പോർട്ട്, പൊതുഗതാഗതം, ബാങ്ക്, ഇൻഷ്വറൻസ് തുടങ്ങി എല്ലാ മേഖലകളും സ്വകാര്യവൽക്കരിക്കുകയാണ്.  തൊഴിലാളികൾ ഉയർത്തിക്കൊണ്ടുവന്നിട്ടുളള 12 ആവശ്യങ്ങൾ നേടിയെടുക്കാനുളള പ്രക്ഷോഭം കൂടുതൽ വിപുലമായി തൊഴിലാളി കർഷക ബഹുജനപ്രക്ഷോഭമായി ഉയർന്നുവന്നിരിയ്ക്കുകയാണ്. തൊഴിലാളികളോടും കർഷകരോടും ഒപ്പം തോളോടുതോൾ ചേർന്ന് സ്ത്രീകൾ ദളിത്-ന്യൂനപക്ഷ ജനവിഭാഗങ്ങൾ, ബുദ്ധിജീവികൾ എഴുത്തുകാർ കലാകാരന്മാർ സാഹിത്യ സാംസ്കാരിക പ്രവർത്തകർ എല്ലാം ചേർന്നുള്ള ‘ജൻ ഏകത ജൻ അധികാർ ആന്ദോളൻ’ ഒരു വലിയ വർഗബഹുജനസംഘടനകളുടെ പോരാട്ടവേദിയായി രാജ്യത്ത് രൂപപ്പെട്ടുകഴിഞ്ഞു.

തുല്യജോലിക്ക് തുല്യവേതനവും ആനുകൂല്യവും എല്ലാ തൊഴിലാളികളുടെയും അവകാശമാണെന്ന് സുപ്രീം കോടതി സുപ്രധാനമായ വിധികളിലൂടെ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ വിധി തൊഴിലാളികൾ ഉയർത്തിക്കൊണ്ടു വരുന്ന പ്രക്ഷോഭങ്ങൾക്കും പോരാട്ടങ്ങൾക്കുമുളള അംഗീകാരം കൂടിയാണ്. മിനിമം കൂലി 21,000 രൂപയായി ഉയർത്തുന്നതിനും കരാർ വൽക്കരണം അവസാനിപ്പിക്കുന്നതിനും മുഴുവൻ തൊഴിലാളികളെയും സ്ഥിരം തൊഴിലാളികളായി അംഗീകരിപ്പിക്കുന്നതിനുമുളള സമരങ്ങൾ ശക്തിപ്പെടണം. എഐടിയുസി ഈ ക്യാമ്പെ­യിനും പ്രക്ഷോഭവും എല്ലാ മേഖലകളിലും ഉയർ­ത്തികൊണ്ടുവരണമെന്നാണ് തീരുമാനിച്ചത്.
ബിജെപി ഗവൺമെന്റിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുന്നതിനെതിരെയും കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെയും വിപുലമായ ഐക്യനിര വളർന്നുവരുന്നു. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഐക്യവും നിലനിർത്താൻ ദേശവ്യാപകമായി മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികളും ഉയർന്നുവരുമ്പോൾ അതിന്റെ മുൻപന്തിയിൽ സ്വാതന്ത്യ്രസമരത്തിലൂടെ വളർന്നുവന്ന മഹത്താ­യ തൊഴിലാളി പ്രസ്ഥാനത്തിന്- എഐടിയുസിക്ക് ഉത്തരവാദിത്തങ്ങളും കടമകളും വർധിക്കുന്നു. ഈ സ്ഥാപക ദിനത്തിൽ എഐടിയുസിയിൽ അംഗങ്ങളായ ദശലക്ഷക്കണക്കിനു വരുന്ന തൊഴിലാളികൾ എടുക്കുന്ന പ്രതിജ്ഞ സഹനവും ക്ലേശവും സഹിച്ചുകൊണ്ട് തൊഴിലാളി വർഗത്തിന്റെ പോരാട്ടങ്ങളിൽ കൂടുതൽ വർദ്ധിതമായ വീര്യത്തോടെ പങ്കെടുക്കും എന്നാണ്. രാജ്യത്തിന്റെ സ്വാതന്ത്യ്രം തങ്ങളുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച് 99 വർഷം മുൻപ് രൂപം കൊണ്ട എഐടിയുസി, രാജ്യത്തിന്റെ സ്വാതന്ത്യ്രവും ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിയ്ക്കാനുള്ള പോരാട്ടത്തിൽ കൂടുതൽ കരുത്തോടെ, വർദ്ധിത വീര്യത്തോടെ മുന്നോട്ട് പോകും. ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ശതാബ്ദി സമ്മേളനത്തിന്റെ സന്ദേശം ഇതാണ് ചൂണ്ടിക്കാണിക്കുന്നത്.