Janayugom Online
landslide malappuram- janayugom

ഓടക്കയം ഉരുള്‍പൊട്ടല്‍ : മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

Web Desk
Posted on August 17, 2018, 7:58 pm

മഞ്ചേരി: അരീക്കോട് വെറ്റിലപ്പാറ ഓടക്കയം നെല്ലിയായി കോളനിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണപ്പെട്ട ഏഴ് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. നെല്ലിയായി ആദിവാസി കോളനിയിലെ കടിഞ്ഞി മകന്‍ ഉണ്ണികൃഷ്ണന്‍ (27), ഭാര്യ അമ്പിളി എന്ന ചിഞ്ചു (19), മാതാവ് ചിരുത (75), ചിഞ്ചുവിന്റെ സഹോദരി ഷിബില (12), സുന്ദരന്‍ (48), ഭാര്യ സരോജിനി (45), ചേന്നന്റെ ഭാര്യ മാത (60) എന്നിവരുടെ മൃതദേഹങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അഞ്ച് ആംബുലസുകളില്‍ വിലാപയാത്രയായി വെറ്റിലപ്പാറയിലേക്ക് കൊണ്ട് പോയത്. പി കെ കുഞ്ഞാലിക്കുട്ടി എം പി, എം എല്‍ എമാരായ പി കെ ബഷീര്‍, എം ഉമ്മര്‍, അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി പി സഫറുള്ള, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ ഷൗക്കത്തലി എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തി മൃതദേഹങ്ങള്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ആശ്വസിപ്പിച്ചു.
വെറ്റിലപ്പാറ സര്‍ക്കാര്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു. കിഴക്കെ ചാത്തല്ലൂര്‍ ചോലാറ കോളനിയിലെ ചെറിയ മാരന്റെ മക്കളായ അമ്പിളി എന്ന ചിഞ്ചു (19), സഹോദരിയും ഓടക്കയം ട്രൈബല്‍ ജി യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷിബില (12) എന്നിവരുടെ മൃതദേഹങ്ങള്‍ ചോലാറ കോളനിയിലും മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പൊതു ശ്മശാനത്തിലും സംസ്‌കരിച്ചു.