ഒടിയനെ തകര്‍ത്ത ‘കുഞ്ഞിക്കൂനന്മാര്‍’ ലൂസിഫറും തകര്‍ക്കും

Web Desk
Posted on December 19, 2018, 8:47 pm
കുഞ്ഞിക്കൂനന്മാര്‍ ഉറങ്ങുന്നില്ല.അവര്‍ ഉണര്‍ന്നിരിക്കുകയാണ്. എതിരാളികളെ ഒരുമിച്ച് തകര്‍ക്കാനുള്ള അവസരത്തിന് വേണ്ടി. അങ്ങനെ അവര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ദിവസമായിരുന്നു ഡിസംബര്‍ 14. ആ ദിവസം പുലര്‍ച്ചെ 4.30നാണ് മോഹന്‍ലാല്‍ നായകനും മഞ്ജു വാര്യര്‍ നായികയായും അഭിനയിച്ച ഒടിയന്‍ റിലീസ് ചെയ്തത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഒടിയനില്‍ അഭിയനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പൃഥ്വിരാജുമടക്കം അഞ്ച് മുഖ്യ ശത്രുക്കളെ ഒരുമിച്ച് ഒരൊറ്റ സിനിമയിലൂടെ വേരോടെ പിഴുതെറിയാന്‍ സാധിക്കുമെന്ന് കണക്കുകൂട്ടി കരുക്കള്‍ നീക്കി പ്രവര്‍ത്തനം തുടങ്ങിയവരാണ് കുഞ്ഞിക്കൂനന്മാര്‍.
എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങിത്തരിച്ചതുകൊണ്ട് പൃഥ്വിരാജ് ഒടിയനില്‍ ഉണ്ടാകില്ലെന്ന് മനസ്സിലാക്കി തത്കാലം നാല്‍വര്‍ സംഘത്തെ തകര്‍ക്കാമെന്ന് വിചാരിച്ച് കുഞ്ഞിക്കൂനന്മാര്‍ രണ്ടും കല്‍പ്പിച്ചിറങ്ങി.
രണ്ട് വര്‍ഷം കൊണ്ടാണ് നാല്‍വര്‍ സംഘത്തെ തകര്‍ക്കാനുള്ള ഗൂഡാലോചന തുടങ്ങിയത്. അവരുടെ ശ്രമം തുടക്കത്തില്‍ വിജയിച്ചു. ഡിസംബര്‍ 14 ന് രാവിലെ 4.30ന് തുടങ്ങിയ ഒടിയന്‍ മോശമാണെന്നും ക്ലൈമാക്‌സ് ബോറാണെന്നും സിനിമ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ കുഞ്ഞിക്കൂനന്മാര്‍ തെളിയിച്ചു. നല്ല സിനിമ  കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ ഇതൊന്നും അറിഞ്ഞില്ല. അതേസമയം കുഞ്ഞിക്കൂനന്മാരുടെ നീക്കങ്ങള്‍ തുടക്കം മുതല്‍ നിരീക്ഷിക്കാന്‍ ഒടിയന്‍ ചാരന്മാര്‍ അവരുടെ ക്യാമ്പിലുണ്ടായിരുന്നു. അപ്പപ്പോള്‍ കാര്യങ്ങള്‍ ഒടിയന്‍ ടീമിനെ അറിയിച്ചുകൊണ്ടിരുന്നതിനാല്‍ എല്ലാ നീക്കങ്ങള്‍ക്കും തടയിടാന്‍ കഴിഞ്ഞതാണ് ഒടിയന്‍ ടീമിന്റെ വിജയം.
എന്നിട്ടും കുറച്ച് സമയത്തേയ്ക്ക് ഒടിയന് മേല്‍ ചെളി വാരിയെറിയാന്‍ കുഞ്ഞിക്കൂനന്മാര്‍ക്ക് കഴിഞ്ഞെങ്കിലും മോഹന്‍ലാലിന്റെ ഏറ്റവും നല്ല സിനിമകളില്‍ ഒന്നാണ് ഒടിയനെന്ന് വിലയിരുത്തി. കുടുംബ പ്രേക്ഷകര്‍ തീയേറ്ററുകളില്‍ എത്തിയപ്പോള്‍ കുഞ്ഞിക്കൂനന്മാര്‍ അടുത്ത ശത്രുവിനെ തളയ്ക്കാനുള്ള തന്ത്രം മെനഞ്ഞു തുടങ്ങി.
പൃഥ്വിരാജിന്റെ ലൂസിഫറാണ് അവരുടെ പുതിയ ടാര്‍ജെറ്റ്. കുഞ്ഞിക്കൂനന്മാര്‍ക്ക് കൊടും തലവേദനയുണ്ടാക്കിയ നടനാണ് പൃഥ്വിരാജ്. അതുകൊണ്ട് എന്തുവിലകൊടുത്തും പൃഥ്വിരാജിനെയും സിനിമയെയും തകര്‍ക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് കുഞ്ഞിക്കൂനന്മാര്‍.
ആ സിനിമയിലും ശത്രുക്കള്‍ നാലുപേരാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍. അങ്ങനെ ഒടിയന് ശേഷം ലൂസിഫറും ചെളിയില്‍ പൊതിയും. ഉറക്കത്തില്‍ സ്വപ്‌നം കണ്ട് കുഞ്ഞിക്കൂനന്മാര്‍ പൊട്ടിച്ചിരിക്കുകയാണ്.
 കാരണം, പൃഥ്വിരാജിന്റെ സ്വപ്‌ന പ്രൊജക്ടാണ് ലൂസിഫര്‍. ഈ സിനിമ വിജയിച്ചാല്‍ അയാളെ പിടിച്ചാല്‍ കിട്ടില്ലെന്നവര്‍ക്കറിയാം.
ഒടിയനും ലൂസിഫറും നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരാണ്. അടുപ്പിച്ചടുപ്പിച്ച് ഷോക്ക് ട്രീറ്റ് മെന്റ് നല്‍കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് കുഞ്ഞിക്കൂനന്മാര്‍.
എന്നാല്‍ ഒടിയന്‍ ചാരന്മാര്‍ കുഞ്ഞിക്കൂനന്മാരുടെ ക്യാമ്പില്‍ വിശ്വസ്തരായി നില്‍ക്കുന്നതുകൊണ്ട് സംശയിക്കാന്‍ കഴിയുന്നില്ല.
എങ്കിലും ലൂസിഫര്‍ പരാജയപ്പെടുത്താന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് കുഞ്ഞിക്കൂനന്മാരുടെ ക്യാമ്പ്.