Web Desk

ന്യൂഡൽഹി

December 30, 2020, 9:28 pm

രാജ്യത്തെ 257 പൊലീസ് സ്റ്റേഷനുകളിൽ ഒരു വാഹനം പോലുമില്ല

Janayugom Online

ഉത്തർപ്രദേശിൽ 75, ആന്ധ്രയിൽ 135 ഉൾപ്പെടെ രാജ്യത്ത് 257 പൊലീസ് സ്റ്റേഷനുകളിൽ ഒരു വാഹനം പോലുമില്ല. കൂടാതെ പൊലീസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 638 സ്റ്റേഷനുകളിൽ ടെലിഫോണും 143 സ്റ്റേഷനുകളിൽ വയർലെസ് സംവിധാനവും നിലവിലില്ല. മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ ഒമ്പത്, ഹിമാചൽപ്രദേശിൽ എട്ട്, പഞ്ചാബിൽ ഏഴ്, അരുണാചൽപ്രദേശ്, അസം, ഒഡിഷ സംസ്ഥാനങ്ങളിൽ നാല്, ഉത്തരാഖണ്ഡിൽ രണ്ട് വീതം സ്റ്റേഷനുകളിലാണ് ഒരു വാഹനം പോലുമില്ലാത്തത്.

അസമിലെ 141 സ്റ്റേഷനുകളിലാണ് ടെലിഫോണില്ലാത്തത്. ജമ്മു കശ്മീരിൽ 79, യുപിയിൽ 75, പഞ്ചാബിൽ 69, മണിപ്പൂരിൽ 64, മേഘാലയയിൽ 62, അരുണാചൽ പ്രദേശിൽ 54, നാഗാലാന്റിൽ 36, ഛത്തീസ്ഗഡിൽ 27, ത്രിപുരയിൽ 14, രാജസ്ഥാനിൽ ഒമ്പത്, ലക്ഷദ്വീപിൽ അഞ്ച്, ഒഡിഷയിൽ മൂന്ന് വീതം സ്റ്റേഷനുകളും ടെലിഫോൺ ഇല്ലാത്തവയാണെന്നാണ് കണക്കുകളിലുള്ളത്.

റിപ്പോർട്ട് പ്രകാരം വയർലെസ് സംവിധാനമില്ലാത്ത 38 സ്റ്റേഷനുകൾ ഒഡിഷയിലാണ്. പഞ്ചാബിൽ 36, നാഗാലാന്റിൽ 18, ജമ്മു കശ്മീരിൽ 17, മമിപ്പൂരിൽ 11, ലക്ഷദ്വീപിൽ ഏഴ്, അരുണാചൽപ്രദേശിൽ നാല്, പശ്ചിമബംഗാളിൽ രണ്ട്, അസമിൽ ഒന്ന് വീതം പൊലീസ് സ്റ്റേഷനുകളും വയർലെസ് സംവിധാനമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ചില പൊലീസ് സ്റ്റേഷനുകളിൽ പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങളുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഇത്രയും പൊലീസ് സ്റ്റേഷനുകളിൽ എങ്ങനെയാണ് ക്രമസമാധാന പരിപാലനം സാധ്യമാകുകയെന്ന ചോദ്യമാണ് ഉയരുന്നത്.

റിപ്പോർട്ട് പ്രകാരം രാജ്യത്ത് 800 പൊലീസ് ജില്ലകളും 16,955 സ്റ്റേഷനുകളുമാണ് നിലവിലുള്ളത്.

Eng­lish Sum­ma­ry: Of the 257 police sta­tions in the coun­try, not a sin­gle vehi­cle is available

You may like this video also