കെ അനിമോൻ
ജനറൽ സെക്രട്ടറി, എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ
2014 ലെ ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും വലിയ സാമൂഹിക തൊഴില്‍ദാന പദ്ധതി എന്ന് വിശേഷിപ്പിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ മരണമണി മുഴക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റ് 12 കോടി 25 ലക്ഷം തൊഴിലാളികള്‍ തൊഴിലെടുത്ത് ഉപജീവന മാര്‍ഗം നടത്തിവരുന്ന ഈ പദ്ധതിയുടെ അംഗഛേദം നടത്തി അവസാനിപ്പിക്കുവാനുള്ള ആരാച്ചാരുടെ ജോലിയാണ് കേന്ദ്ര ഗ്രാമവികസന വകുപ്പു മന്ത്രി നരേന്ദ്രസിംഗ് തോമറുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യം എന്ന തീരാവ്യാധിക്ക് ഒരുപരിധിവരെ തടയിടാന്‍ പദ്ധതിക്ക് കഴിഞ്ഞിരുന്നു. ദേശീയ ശരാശരി 54 ഉം കേരള സംസ്ഥാന ശരാശരി 93 ഉം ശതമാനം സ്ത്രീകളും 19.38 ശതമാനം പട്ടികജാതിക്കാരും 16.15 ശതമാനം പട്ടികവര്‍ഗക്കാരുമാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. മറ്റു തൊഴിലുകള്‍ക്കൊന്നും പോകാന്‍ ശാരീരികമായി കഴിവില്ലാത്തവരും മറ്റാരുടെയും ആശ്രയമില്ലാത്ത വൃദ്ധരായവരുമായ ലക്ഷക്കണക്കിന് ആലംബഹീനരുടെ അഭയമേഖല കൂടിയാണ് തൊഴിലുറപ്പു പദ്ധതി.
അത്തരത്തിലുള്ള ഈ പദ്ധതിയെ എല്ലാനിലയിലും പരിമിതപ്പെടുത്തി അവസാനിപ്പക്കാന്‍ ഒരു ഗവണ്‍മെന്റ് മുതിരുമ്പോള്‍ അതിനെതിരെയുള്ള അതിരൂക്ഷമായ തൊഴിലുറപ്പു തൊഴിലാളികളുടെ ചെറുത്ത് നില്പിന് രാജ്യം സാക്ഷ്യം വഹിക്കന്‍ പോവുകയാണ്. രാജ്യത്തെ കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ സൗജന്യം നല്കുമ്പോള് തൊഴിലുറപ്പു പദ്ധതിയുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് തൊഴിലാളികളെ പട്ടിണിക്കിടുകയാണ്. എല്ലാ സാമ്പത്തിക വര്‍ഷവും ചെറിയ തോതിലെങ്കിലും വേതനം വര്‍ധിപ്പിച്ചിരുന്നത് 2019–20 സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും വര്‍ധിപ്പിച്ചില്ല എന്നു മാത്രമല്ല 18–19 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 1084 കോടി രൂപയുടെ കുറവുകൂടിയാണ് ബജറ്റില്‍ വരുത്തിയത്. 2018–19 സാമ്പത്തിക വര്‍ഷം 61,084 കോടി രൂപ ചെലവഴിക്കുകയും പതിനായിരം കോടി രൂപയിലധികം വര്‍ഷാവസാനം കുടിശിക വരുത്തുകയും ചെയ്ത ഗവണ്‍മെന്റ് 2019–20 സാമ്പത്തിക വര്‍ഷത്തില്‍ അറുപതിനായിരം കോടി രൂപ മാത്രമാണ് ബജറ്റില്‍ വകയിരുത്തിയത്. അതില്‍ 18–19 ലെ കുടിശിക നല്‍കാനായി പതിനായിരം കോടി രൂപ 2019 ഏപ്രില്‍ മാസം എട്ടാം തീയതി തന്നെ വിതരണം ചെയ്തിരുന്നു. കേരളത്തില്‍ മാത്രം കുടിശിക ഉണ്ടായിരന്നത് 1511.72 കോടി രൂപയായിരുന്നു.
ഫലത്തില്‍ തനതു സാമ്പത്തിക വര്‍ഷത്തേക്ക് അമ്പതിനായിരം കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ ശരാശരി 50 ദിവസത്തെ തൊഴില്‍ നല്‍കിയപ്പോഴാണ് ഏകദേശം 72,000 കോടി രൂപ ആവശ്യമായി വന്നത്. തനതു സാമ്പത്തിക വര്‍ഷം ശരാശരി തൊഴില്‍ദിനം വര്‍ധിച്ചാല്‍ അതില്‍ കൂടുതല്‍ തുക ആവശ്യമായിവരും. സാഹചര്യം ഇതായിരിക്കേയാണ് 50,000 കോടി രൂപ മാത്രം വകയിരുത്തി പദ്ധതി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ നാലുമാസമായി തൊഴിലാളികള്‍ക്ക് ഒരു രൂപ വേതനം നല്‍കുകയോ സാധന സാമഗ്രികളുടെ തുക വിതരണം നടത്തുകയോ ചെയ്യുന്നില്ല. കേരളത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം 1760 കോടി രൂപയിലധികം തുകയുടെ പ്രവൃത്തികള്‍ നടന്നു കഴിഞ്ഞു. എന്നാല്‍ 383 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. കേരളത്തില്‍ 1,377 കോടി രൂപയുടെ കുടിശികയുണ്ട്. തൊഴിലാളികള്‍ വേതനം ലഭിക്കാതെ വിഷമിക്കുകയാണ്. മെറ്റീരിയല്‍ ജോലികള്‍ ചെയ്യണമെന്ന കര്‍ക്കശമായ നിര്‍ദ്ദേശം നടപ്പിലാക്കിയതിലൂടെ മെറ്റീരിയല്‍സ് വിതരണം ചെയ്ത ഏജന്‍സികള്‍ക്ക് കഴിഞ്ഞ ആറുമാസമായി തുക നല്‍കുന്നില്ല. ആയതിനാല്‍ വിതരണക്കാര്‍ സാമഗ്രികള്‍ വിതരണം ചെയ്യാതെ പ്രവൃത്തികള്‍ തടസപ്പെട്ടിരിക്കുകയാണ്. തന്മൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാത്ത അവസ്ഥ സംജാതമായി. അത്തരത്തില്‍ തൊഴിലാളികള്‍ സമയത്തിന് തൊഴില്‍ ലഭിക്കാതെയും വേതനം ലഭിക്കാതെയും ബുദ്ധിമുട്ടുന്നു.
സമയബന്ധിതമായി തൊഴില്‍ നല്‍കിയില്ലായെങ്കില്‍ തൊഴില്‍ രഹിതവേതനവും അത് സമയബന്ധിതമായി നല്‍കിയില്ലായെങ്കില്‍ പിഴയും നല്‍കണം എന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. രാജ്യത്തിന്റെ അസ്തിത്വത്തെ ബാധിക്കത്തക്ക തരത്തിലുള്ള ധാരാളം നിയമഭേദഗതിക്ക് നരേന്ദ്രമോഡി ഗവണ്‍മെന്റ് ശ്രമം ആരംഭിച്ചിരിക്കുകയാണ്. തൊഴിലാളികളെ ഒന്നായി ബാധിക്കത്തക്ക രീതിയില്‍ തൊഴില്‍ നിയമങ്ങളും അവര്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സമരങ്ങളിലൂടെ നേടിയെടുത്ത നിയമപരിരക്ഷയും മാറ്റി മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുകയാണ്. പൗരത്വനിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ എടുത്ത നിലപാട് 2005 സെപ്റ്റംബര്‍ ഏഴിന് ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ പാസാക്കിയ തൊഴിലുറപ്പ് നിയമം 2005 കാര്യത്തിലും ഏത് സമയവും നാം പ്രതീക്ഷക്കണം. തൊഴിലുറപ്പു പദ്ധതി തുടര്‍ന്നു കൊണ്ടുപോകുന്നതിന് താല്പര്യമില്ല എന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ഇതിന്റെ തെളിവാണ്. സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കി വന്നിരുന്ന നിരവധിയായ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികളെ സംയോജിപ്പിച്ചാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴി ചെലവഴിച്ചുകൊണ്ടിരുന്ന പ്രസ്തുത തുകകളില്‍ ഭൂരിഭാഗവും സാധാരണക്കാരനില്‍ എത്തിയിരുന്നില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ വേതനം തൊഴിലാളികളുടെ അക്കൗണ്ടില്‍ നേരിട്ടെത്തിയതിലൂടെ പൂര്‍ണമായ തുകയും ഉപഭോക്താവില്‍ എത്തിച്ചേര്‍ന്നു.
അതിലൂടെ ഗ്രാമീണ ജനങ്ങളില്‍ ജീവിക്കാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുവാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു. 2006 ല്‍ 125 രൂപ വേതനത്തില്‍ ആരംഭിച്ച ഈ പദ്ധതിയുടെ ഇപ്പോഴത്തെ കേരളത്തിലെ വേതനം 271 രൂപയും 10 രൂപ ആയുധവാടകയുമാണ്. 100 ദിവസത്തെ അധിക ജോലിയാണ് ഗ്രാമീണ കുടുബങ്ങള്‍ക്ക് വിഭാവനം ചെയ്യുന്നത്. പട്ടികവര്‍ഗമേഖലയില്‍ അത് 150 ദിവസമാണ്. 100 ദിവസത്തെ തൊഴില്‍ ചെയ്യുന്ന ഒരു കുടുംബത്തിന് 28100 രൂപ പ്രതിവര്‍ഷം ലഭിക്കും. ഗ്രാമീണ മേഖലയില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഈ പദ്ധതി വഴി രണ്ടായിരത്തിത്തൊള്ളായിരം കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. ഇത് ഗ്രാമീണ ജനതയുടെ ക്രയവിക്രയശേഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനം എന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേരുവാന്‍ ഈ പദ്ധതിയിലൂടെ നമുക്കു കഴിയും. തൊഴിലാളികളുടെ വേതനം പ്രതിമാസം 18,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ഈ മേഖലയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണം. രാജ്യത്തെ ഇതര തൊഴില്‍ മേഖലകളില്‍ മതിയായ പരിശീലനം നല്‍കി തൊഴിലുറപ്പു തൊഴിലാളികളുടെ വിശാലമായ തൊഴില്‍ സേനയെ രാജ്യത്തിന് പ്രയോജനപ്പെടുത്താന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണം. അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിച്ച് ഈ തൊഴില്‍ സേനയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. വേതന വര്‍ധനയും ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തലുമടക്കം മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കാനുള്ള തൊഴിലാളികളുടെ നിരന്തരമായ സമരം സര്‍ക്കാര്‍ ബോധപൂര്‍വം കണ്ടില്ലാ എന്നു നടിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.