Janayugom Online
jeap-janayugom

ഓഫ് റോഡ് സവാരിക്ക് പിടിവീഴുന്നു

Web Desk
Posted on September 16, 2018, 8:20 pm

നെടുങ്കണ്ടം: ജില്ലയിലെ ഓഫ് റോഡ് ജീപ്പ്  സവാരി  ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിൽ മാത്രം. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ അദ്ധ്യക്ഷതയിൽ  കളക്ടറേറ്റില്‍  കൂടിയ ഡിറ്റിപിസിയുടെ സബ് കമ്മറ്റിയിലാണ് ഈ തീരുമാനം എടുത്തത്.

ആര്‍ടിഒയുടെ  ഫിറ്റ്‌നസ് സ്റ്റിക്കർ  ഒട്ടിച്ച വാഹനങ്ങള്‍ മാത്രമാകും ഈ പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്താന്‍ കഴിയു. ഇതിനായി മുന്‍കൂട്ടി സമയവും ചാര്‍ജ്ജുകളും നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍ പറഞ്ഞു.  ജില്ലയിലെ രാമക്കല്‍മേട്, സത്രം, വാഗമണ്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നിലവില്‍ നിരോധനമുള്ളത്.

കാലവര്‍ഷത്തെ തുടര്‍ന്ന് കലക്ടര്‍ ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സവാരി താല്കാലികമായി നിര്‍ത്തലാക്കിയിരുന്നു. രാമക്കല്‍മേടിലെ ഓഫ് റോഡ് ഡ്രൈവിംഗിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആര്‍ടിഒ, ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടത്. വനം വകുപ്പിന്റെ അധീനതിയിലുള്ള പ്രദേശത്തുകൂടിയാണ് വാഗമണ്‍ ഓഫ് റോഡ് ജീപ്പ സവാരി നടക്കുന്നത്.

അതിനാല്‍ വനം വകുപ്പിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ തുടര്‍ന്ന് നടത്തുവാന്‍ കഴിയുകയുള്ളു. സത്രം കാലവര്‍ത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയത് ഇതുവരെ പുനഃരാരംഭിച്ചിട്ടില്ല. കളക്ടറുടെ അനുമതിക്കായി  കാത്തിരിക്കുകയാണ് ഈ മൂന്ന് ഓഫ് റോഡ് ജീപ്പ് സവാരി കേന്ദ്രങ്ങളും. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്ന ജില്ലയിലെ മറ്റ് എല്ലാ ഓഫ് റോഡ് ജീപ്പ് സവാരി ഇനിമുതല്‍ ഡിറ്റിപിസിയുടെ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും  പ്രവര്‍ത്തിക്കുന്നത്.