അനധികൃത ഓഫ് റോഡ് ട്രക്കിംഗ് അധികൃതരുടെ മൗനാനുവാദതോടെയെന്ന് നാട്ടുകാര്‍

Web Desk
Posted on April 07, 2019, 7:20 pm
നെടുങ്കണ്ടം : രാമക്കല്‍മേട്ടിലെ അനധികൃത ഓഫ് റോഡ് ട്രക്കിങ്ങിനെതിരെ നാട്ടുകാര്‍. അനുമതിയില്ലാത്ത മേഖലയിലൂടെ ട്രക്കിംഗ് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഓയും ഡിടിപിസിയുടേയും മൗനാനുമതിയോടെയെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്്. അപകട സാധ്യത, അമിത വേഗത എന്നിവയെ സംബന്ധിച്ച് നിരവധി തവണ പരാതി അറിയിച്ചിട്ടും പരിശോധന നടത്താന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ലായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രാമക്കല്‍മേട്ടിലെ ചില വണ്ടികളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുന്നത്. എന്നാല്‍ ടേണ്‍ അനുസരിച്ച് സവാരി പോകുന്നതിനാണ് ഡിറ്റിപിസി അനുമതി നല്‍കി വന്നിരുന്നത്്. ഇതിനെചൊല്ലി ടിറ്റിപിസിയും ജീപ്പ് ഡ്രൈവര്‍മാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇൗ തര്‍ക്കങ്ങള്‍ സംബ്ധിച്ചും അമിത വേഗത അടക്കമുള്ള നാട്ടുകാരുടെ പരാതികള്‍ കൂടി ചര്‍ച്ച ചെയ്യുന്നതിനായി ഒരു യോഗം നാളെ (09–03-2019) നടക്കാനിരിക്കെയാണ് ഈ അപകടം ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഇന്ന് അടിയന്തിരയോഗം കൂടുവാന്‍ ഡിറ്റിപിസി അധികൃതര്‍ തീരുമാനം എടുത്തത്.
വിനോദ സഞ്ചാരികളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്നതിനായി ഡിടിപിസി അംഗീകാരമുള്ള ആമക്കല്ലില്‍ പോകാതെ കുരുവിക്കാനം കാറ്റാടിപാടത്തേയ്ക്ക്  അനധികൃത ഓഫ് റോഡ് ജീപ്പ് സവാരി നടത്തിയിരുന്നത്.  ഡിടിപിസിയ്ക്ക് വേണ്ടി ഓടുന്ന ജീപ്പുകളില്‍ തന്നെയാണ് ഇവിടേയ്ക്ക് വിനോദസഞ്ചാരികളെ കുത്തി നിറച്ച് കൊണ്ടുപോയിരുന്നത്. ആമകല്ല് ഓഫ് റോഡ് സവാരിക്കായി  50 ജീപ്പുകള്‍ക്കാണ് ഓടുവാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് ഒരു യാത്രയ്ക്ക് 1300 രൂപ വാങ്ങുകയും അതില്‍ നിന്ന് 125 രൂപ ഡിറ്റിപിസിയില്‍ അടയ്ക്കണമെന്നാണ് ജീപ്പുകാര്‍ക്ക് ഡിറ്റിപിസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ കുരുവിക്കാനം കാറ്റാടിപാടത്തേയ്ക്ക് സിറ്റിംഗ് കപ്പാസിറ്റിയെക്കാള്‍ കൂടുതല്‍ ആളുകളെ കുത്തിനിറച്ച് ഉയര്‍ന്ന തുക ഇൗടാക്കിയാണ് വളരെ കുറഞ്ഞ സമയത്തേയ്ക്ക് ട്രിപ്പ് നടത്തിയിരുന്നത്.  ഡിറ്റിപിസിയില്‍ തുകയൊന്നും അടക്കേണ്ടതില്ലായെന്നതും അമിതി കൂലി വാങ്ങാമെന്നതും രാമക്കല്‍മേട്ടില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആമക്കല്ലിനെക്കാള്‍ മെച്ചം കാറ്റാടിപാടമാണെന്ന് തെറ്റിധരിപ്പിച്ച് കൊണ്ടുപോകുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ത്രസിപ്പിക്കുന്നതിനായി ജീപ്പ് അമിത വേഗതിയില്‍ ഓടിക്കുകയും ചെങ്കുത്തായ പാറയുടെ മുനമ്പില്‍ എത്തിയശേഷം വാഹനം ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ നടത്തിയ അഭ്യാസപ്രകടനത്തിനിടെയാണ് വാഹനത്തിന്റെ  നിയന്ത്രണം നഷ്ടപ്പെട്ട് 300 അടിയിലധികം താഴ്ചയിലേയ്ക്ക് വാഹനം പതിച്ചത്. അപകടത്തിനെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത് മരണപ്പെടുകയും ആറ് വിദ്യാര്‍ത്ഥികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍, ജീപ്പ് ഡ്രൈവര്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.