ബേബി ആലുവ

കൊച്ചി

June 13, 2021, 9:55 pm

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടലിന് വീണ്ടും കളമൊരുങ്ങുന്നു

Janayugom Online

ലക്ഷദ്വീപ് ജനതയോടുള്ള ദ്രോഹനടപടികളുടെ ഭാഗമായി, വിവിധ സർക്കാർ വകുപ്പുകളിലെ 3000‑ത്തോളം സ്ഥിരം ജീവനക്കാരെ പിരിച്ചുവിടാൻ ആലോചന. തദ്ദേശീയരായ 1500ഓളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് ഈ നീക്കം.

പിരിച്ചുവിടലിന്റെ മുന്നോടിയെന്നോണം ജീവനക്കാരുടെ കർമ്മോത്സുകത പരിശോധിക്കാൻ സമിതിയെയും നിയോഗിച്ചു കഴിഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ താളത്തിനൊപ്പിച്ചു തുള്ളുന്ന ഉദ്യോഗസ്ഥർ മാത്രമാണ് സമിതിയംഗങ്ങൾ എന്നതിനാൽ അവരുടെ ശുപാർശകൾ അപ്പാടെ നടപ്പിലാകും. ശുപാർശകൾ അന്തിമമാണ്. ഇങ്ങനെ പിരിച്ചുവിടൽ മൂലമുണ്ടാകുന്ന ഒഴിവുകളിലേക്ക് ചുരുങ്ങിയ കൂലിയിൽ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനാണ് ഉദ്ദേശ്യം. താല്‍ക്കാലികക്കാർ തദ്ദേശീയരായിരിക്കണമെന്നുമില്ല. ഏറ്റവും കൂടുതൽ സ്ഥിര ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യത വിനോദസഞ്ചാര മേഖലയിലാണ്.

കൃഷി, മറൈൻ വൈൽഡ് ലൈഫ് വാച്ചേഴ്സ്, നഴ്സുമാർ, കലാ-കായിക മേഖലകളിലെ അധ്യാപകർ, ടൂറിസം തുടങ്ങിയ വിവിധ സർക്കാർ വിഭാഗങ്ങളിൽ താല്‍ക്കാലിക ജീവനക്കാരായി പ്രവൃത്തിയെടുത്തിരുന്ന1500-ഓളം വരുന്ന ദ്വീപ് നിവാസികളെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അകാരണമായി പിരിച്ചുവിട്ടു കഴിഞ്ഞു. സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്നു മാംസാഹാരം ഒഴിവാക്കി, മാംസേതര ഭക്ഷണം പാകം ചെയ്യാൻ പറ്റിയവരെ പുറത്തു നിന്ന് കൊണ്ടുവന്നതിനാൽ നിലവിൽ ആ ജോലികൾ ചെയ്തിരുന്നവർക്കും ഡയറിഫാമുകൾ അടച്ചു പൂട്ടിയതിനാൽ അവിടങ്ങളിൽ പണിയെടുത്തിരുന്നവർക്കും തൊഴിലില്ലാതായി. അങ്കണവാടികൾ അടച്ചു. അടിസ്ഥാന വേതനത്തിനായി നഴ്സുമാർ നടത്തിയ സമരം അടിച്ചമർത്തുകയും അവരെ പിരിച്ചുവിടുകയും ചെയ്തു. അതേസമയം, ദ്വീപിൽ ഗുണ്ടാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് സേനയിലേക്ക് ആളുകളെ കൂടുതലായി എടുക്കുന്നുമുണ്ട്. ദ്വീപിലെ ഭൂരിഭാഗം വരുന്ന മത്സ്യത്തൊഴിലാളികൾക്കു നൽകിവരുന്ന ക്ഷേമപദ്ധതികൾ നിർത്തലാക്കാനുള്ള നീക്കവും സജീവമാണെന്ന് സിപിഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സി ടി നജ്മുദ്ദീൻ പറഞ്ഞു.

കവരത്തി ദ്വീപിലടക്കം ബോട്ടുജെട്ടികൾക്കു സമീപം, ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കാൻ നിർമ്മിച്ചിരുന്ന ഷെഡ്ഡുകൾ ഒരു മുന്നറിയിപ്പുമില്ലാതെ ലോക്ഡൗണിന്റെ മറപിടിച്ച് രാത്രിയിൽ പൊളിച്ചുനീക്കിയതോടെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്.

Sum­ma­ry: offi­cials is once again prepar­ing for mass dis­band­ment in Lakshadweep

You May Like This Video Also