പശുക്കള്‍ ചത്തു; യുപിയില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Web Desk
Posted on July 15, 2019, 11:23 am

ലഖ്‌നൗ: പശുസംരക്ഷണ- കേന്ദ്രത്തിലെ പശുക്കള്‍ ചത്തതിനെത്തുടര്‍ന്ന് എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍ പ്രദേശിലെ അയോധ്യയിലെയും മിര്‍സാപൂരിലെയും ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നടത്തുന്ന പശുസംരക്ഷണ കേന്ദ്രത്തിലെ പശുക്കള്‍ ചത്തതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ നിരവധി ഇടങ്ങളിലെ പശുസംരക്ഷണ കേന്ദ്രങ്ങളില്‍ പശുക്കള്‍ ചത്തതിനെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗുരുതരവീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നശേഷം പശുസംരക്ഷണമായിരുന്നു സര്‍ക്കാരിന്റെ മുഖ്യഅജണ്ടയായിരുന്നത്.
പശുക്കള്‍ക്കായി പ്രത്യേക സംരക്ഷണ കേന്ദ്രവും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. അതേസമയം, മനുഷ്യരുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധയോ ആരോഗ്യകാര്യങ്ങളില്‍ സംരക്ഷണമോ ഏര്‍പ്പെടുത്തുന്നില്ല എന്ന ആരോപണം ഗുരുതരമായി തുടരുകയാണ്.