ഇടുക്കി ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സഫാരി  ജനുവരി അവസാനവാരം പുനരാരംഭിക്കും

Web Desk
Posted on January 06, 2019, 8:57 pm
സുനില്‍ കെ. കുമാരന്‍
നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സഫാരി ജനുവരി അവസാനവാരം പുനരാരംഭിക്കാന്‍ തീരുമാനം. രാമക്കല്‍മേട് ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ആദ്യം ജില്ലയില്‍ പുനരാരംഭിക്കുന്നത്.  ജില്ലയിലെ എല്ലാ ഓഫ റോഡ് ജീപ്പ് സഫാരിയും ഇനിമുതല്‍ ജില്ലാ ഭരണ നേത്യത്വത്തിന്റെ കീഴിലാകും. ജില്ലയിലെ രാമക്കല്‍മേട്, കുമളി, ആനച്ചാല്‍, വണ്ടിപെരിയാര്‍, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഓഫ് റോഡ് സഫാരി നടത്തി വരുന്നത്. അപകടകരമായ ഡ്രൈവിംഗ്,  വിനോദ സഞ്ചാരികളുടെ മതിയായ സുരക്ഷിതത്വം, അമിതമായ കൂലി എന്നിവ നിയന്ത്രിക്കും. ഇതിന്റെ ഭാഗമായി ഓരോ സെന്ററിലും ഡിറ്റിപിസിയുടെ കൗണ്ടറുകള്‍ സ്ഥാപിക്കും.
 റൂട്ട്, പോയിന്റുകള്‍ ഫിക്‌സ് ചെയ്യല്‍, സഞ്ചാരികളില്‍ നിന്നും ഈടാക്കേണ്ട തുക നിശ്ചയിക്കല്‍, സഫാരിയ്ക്ക് ഓടുവാന്‍ അപേക്ഷ നല്‍കിയ വാഹനങ്ങളുടെ പരിശോധന,  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ച വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കല്‍,  യാത്രാസമയം നിശ്ചയിക്കല്‍ അടക്കമുള്ള കാര്യങ്ങളാണ് ഇതിന്റെ മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പും ഡിറ്റിപിസിയും ചെയ്ത് തീര്‍ക്കേണ്ടത് .സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളും യോഗ്യരായ ഡ്രൈവര്‍മാരെയും മാത്രമേ സഫാരി ജീപ്പുകളില്‍ അനുവദിക്കുകയുള്ളു.
 ഇ.എസ് ബിജിമോള്‍ എംഎല്‍എ  അടങ്ങുന്ന സബ് കമ്മറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് ജില്ലയില്‍ ഓഫ് റോഡ് ജീപ്പ് സഫാരി ആരംഭിക്കുന്നത്. ഡിറ്റിപിസിയുടെ കൗണ്ടര്‍ സ്ഥാപിക്കല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് ലഭിച്ച വാഹനങ്ങള്‍ മാത്രം സഫാരിയ്ക്ക് ഉപയോഗിക്കുക. സഫാരി ജീപ്പ് ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടാണോ വാഹനം ഓടിക്കുന്നത് എന്നത് സംബന്ധിച്ച് കര്‍ശനമായ പരിശോധന നടത്തുക. വേഗത നിയന്ത്രിക്കണം, നിശ്ചിത കൂലി നിശ്ചയിക്കല്‍ തുടങ്ങി കാര്യങ്ങളാണ് സബ് കമ്മറ്റി മുന്നോട്ട് വെച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് അവസാന വാരം മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി 2005‑ലെ ദുരിത നിവാരണ ഉത്തരവ് പ്രകാരമാണ് ജില്ലാ കളക്ടര്‍ ജില്ലയിലെ ഓഫ്‌റോഡ് സഫാരി താല്കാലികമായി നിര്‍ത്തലാക്കിയിരുന്നു. തോവാളപ്പടി മുതല്‍ ആമക്കല്‍ വരെ പൂര്‍ണ്ണമായി തകര്‍ന്ന റോഡിലൂടെയുള്ള സഫാരി വന്‍അപകടം ഉണ്ടാകുമെന്ന നാട്ടുകാരുടെ പരാതിയും അനര്‍ട്ടിന്റെ കാറ്റാടി സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാകുമെന്ന പരാതിയുമാണ് രാമക്കല്‍മേട് ഓഫ്  റോഡ് ജീപ്പ് സഫാരി പുനരാരംഭിക്കുവാന്‍ തടസ്സമായി. ജില്ലയില്‍ രാമക്കല്‍മേട് ജീപ്പ് സഫാരി ആദ്യം തുടങ്ങുകയും മറ്റുള്ള കേന്ദ്രങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കുന്നതനുസരിച്ച് ഉടന്‍ തന്നെ സഫാരി പുനരാരംഭിക്കും.ഇതിന് മുേന്നാടിയായി  എഡിഎം, ആര്‍റ്റിഒ, ഡിഎസ്പി, ഫയര്‍ഫോഴ്‌സ് ജില്ലാ ഓഫീസര്‍ എന്നിവര്‍ടങ്ങുന്ന ജില്ലാതല സേഫ്റ്റി കമ്മറ്റി ഓഫ് റോഡ് ജീപ്പ് സഫാരിയുടെ പ്രവര്‍ത്തനം വിലയിരുന്നതും. 16ന് ഉടമ്പന്‍ചോല താലൂക്ക് ഓഫീസില്‍ ചേരുന്ന  ഉടുമ്പന്‍ചോല താലൂക്ക് തഹസീല്‍ദാര്‍, ജോയിന്റ് ആര്‍ടിയോ, ഡിറ്റിപിസി സെക്രട്ടറി അടങ്ങുന്നവുടെ യോഗത്തിന് ശേഷമേ എന്ന് രാമക്കല്‍മേട് ഓഫ റോഡ് ജീപ്പ് സഫാരിയുടെ തീയതി നിശ്ചയിക്കുകയുള്ളുവെന്ന് ഡിറ്റിപിസി സെക്രട്ടറി പറഞ്ഞു.