കൊറോണ വ്യാപനം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണയുടെ വില വീണ്ടും കുറഞ്ഞു. എണ്ണയുടെ ആവശ്യകതയിലുള്ള കുറവ്, സംഭരണ സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങളാണ് എണ്ണ വില ഇടിയാനുള്ള മുഖ്യകാരണം. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർ മീഡിയറ്റ് ക്രൂഡ് ഓയിലിന്റെ വില 7.14 ശതമാനം കുറഞ്ഞ് ബാരലിന് 12.1 ഡോളറായി. തിങ്കളാഴ്ച 25 ശതമാനം വിലയിടിവാണ് രേഖപ്പെടുത്തിയത്. എണ്ണയുടെ വിലക്കുറവ് ഓഹരിവിപണിയിലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
ആഗോളതലത്തിൽ തുടരുന്ന ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയുടെ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച മട്ടാണ്. ഉല്പാദിപ്പിക്കുന്ന എണ്ണ സംഭരിക്കാനുള്ള ശേഷി ഉല്പാദക, ഉപഭോക്തൃ രാജ്യങ്ങൾക്കും ഇപ്പോഴില്ല. ഭൂരിഭാഗം രാജ്യങ്ങളിലും പൊതു- സ്വകാര്യ യാത്രാ സംവിധാനങ്ങൾക്ക് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗണിനെ തുടർന്ന് എണ്ണ ഉപഭോഗത്തിൽ പ്രതിദിനം 30 ദശലക്ഷം ബാരലിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ മെയ് ഒന്നു മുതൽ എണ്ണ ഉല്പാദനത്തിൽ പത്ത് ദശലക്ഷം ബാരൽ കുറവ് വരുത്താമെന്ന് ഒപെക് രാജ്യങ്ങളും റഷ്യയും ധാരണയിലെത്തിയിരുന്നു. എണ്ണ വിലയിലെ ഇടിവ് എണ്ണ ഉല്പാദക, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നുണ്ട്. തകർച്ച പശ്ചിമേഷ്യയിൽ ഉടനീളം പ്രതിഫലിക്കുന്നുണ്ട്.
അസംസ്കൃത എണ്ണ ആശ്രിത രാജ്യങ്ങൾ വരുമാനനഷ്ടം നികത്താൻ ശ്രമിക്കുകയാണ്. എല്ലാ അറബ്-ഗൾഫ് എണ്ണ കയറ്റുമതിക്കാരുടെയും സമ്പദ്‌വ്യവസ്ഥ ഈ വർഷം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രതീക്ഷ. ഇറാഖിൽ അഞ്ചുശതമാനംവരെ ഇടിവുണ്ടാകുമെന്നു അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തുന്നുണ്ട്. എണ്ണവിലയിലുണ്ടായ ഇടിവ് ഭാവിയിലെ നിക്ഷേപത്തിന്റെയും വികസന പദ്ധതികളുടെയും താളം തെറ്റിക്കും.
പ്രതിസന്ധിയെ മറികടക്കാൻ ലക്ഷക്കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന സാമൂഹിക ആനുകൂല്യങ്ങളിൽ വലിയ വെട്ടിക്കുറയ്ക്കലാണ് മിക്കവാറും രാജ്യങ്ങളും ആസൂത്രണം ചെയ്യുന്നത്. മേഖലയിലെ ഏറ്റവും വലിയ അസംസ്കൃത ഉല്പാദകരായ സൗദി അറേബ്യയുടെ ചെലവ് അഞ്ച് ശതമാനം അഥവാ 13.3 ബില്യൺ ഡോളർ കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. മറ്റ് വമ്പൻ ആഗോള എണ്ണ ഉല്പാദകർക്കും തൊഴിൽ നഷ്ടവും സാമ്പത്തിക ആഘാതവും നേരിടേണ്ടിവരും.
ENGLISH SUMMARY: Oil price again decreases
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.