ഇസ്രയേൽ‑ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നത് കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കുന്നു. എണ്ണ വില വർധനയെ തുടർന്ന് കണ്ടെയ്നർ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം തകൃതിയായ സാഹചര്യത്തിലാണിത്. ചെങ്കടൽ പ്രതിസന്ധിക്കു ശേഷം നിലവിൽ കയറ്റുമതി മേഖല മാന്ദ്യത്തിലാണ്. പുതിയ പ്രശ്നം കൂടിയാകുന്നതോടെ അത് ഇരട്ട പ്രഹരമാവും. ഇതിനു മുമ്പ് കോവിഡ് കാലത്താണ് നിരക്ക് കുതിച്ചുയർന്നത്. കൂടാതെ, ഓരോരോ പ്രശ്നത്തിന്റെ പേരിൽ ഇടയ്ക്കിടെ നിരക്ക് വർധിക്കുന്നത് കയറ്റുമതിക്കാർക്ക് വലിയ തലവേദനയാണ്. കൊച്ചി തുറമുഖത്തെ നിരക്ക് വർധനയെക്കുറിച്ച് നിരന്തരം പരാതികളുയരാറുണ്ട്.
വർധിച്ച കണ്ടെയ്നർ നിരക്കുകൾ ജൂലൈ ആദ്യം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്. അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള നിരക്കുകളിലാണ് ആദ്യം വർധനയുണ്ടാവുക. തുടർന്ന്, ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയേയും ബാധിച്ചു തുടങ്ങും. നിരക്ക് വർധനയ്ക്ക് പുറമെ, സംഘർഷം രൂക്ഷമായാൽ യുദ്ധ സർച്ചാർജും ഈടാക്കിത്തുടങ്ങും. അത് കയറ്റുമതി മേഖലയെ കൂടുതൽ ഞെരുക്കത്തിലാക്കും.
യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കണ്ടെയ്നർ നിരക്ക് മാത്രം ഉയർത്തി ഗൾഫ് മേഖലയിലേക്കുള്ള ചരക്ക് നീക്കത്തെ വർധന ഇപ്പോൾ ബാധിക്കാത്ത വിധത്തിലാണ് നീക്കമെങ്കിലും ഭാവികാര്യം ആർക്കും പ്രവചിക്കാനാവില്ല. പൊതുവെ കയറ്റുമതി വ്യാപാരികൾ ആശങ്കയിലാണ്. ഇപ്പോൾത്തന്നെ കൊച്ചിയിൽ നിന്നുള്ള കയറ്റുമതിയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു. പ്രതിമാസം എത്തിയിരുന്ന കണ്ടെയ്നർ കപ്പലുകളുടെ എണ്ണം നേരത്തേതിൽ നിന്ന് കുറഞ്ഞിട്ടുണ്ട്. പ്രതിമാസമുള്ള കയറ്റിറക്കുമതിയിൽ കണ്ടെയ്നറുകൾക്കും കുറവ് വന്നിട്ടുണ്ട്. എന്നാൽ, നിരക്ക് ഉയർന്നാലും രാജ്യത്തെ മറ്റ് തുറമുഖങ്ങളിൽ കണ്ടെയ്നറുകൾ സുലഭമായതിനാൽ അക്കാര്യത്തിൽ ക്ഷാമമുണ്ടാകില്ലെന്നാണ് കയറ്റുമതിക്കാരുടെ വിലയിരുത്തൽ. രണ്ട് മാസം മുമ്പ് യുഎസ്-ചൈന ചരക്കു നീക്കം സംബന്ധിച്ച് പ്രശ്നമുണ്ടായപ്പോഴും കണ്ടെയ്നർ ക്ഷാമത്തെയും ചരക്ക് കൂലി വർധനയെയും കുറിച്ചുള്ള വേവലാതി രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് ഭീഷണിയുയർത്തിയിരുന്നു. പക്ഷേ, ആവശ്യത്തിന് കണ്ടെയ്നർ കൊച്ചി തുറമുഖത്ത് സ്റ്റോക്കുണ്ടായിരുന്നതിനാൽ രണ്ട് പ്രശ്നങ്ങളും ഇവിടെ കാര്യമായി ബാധിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.