സി ആർ ജോസ് പ്രകാശ്

March 18, 2020, 5:20 am

എണ്ണവിലയുടെ തകർച്ച; കേന്ദ്രത്തിന് ലോട്ടറി

Janayugom Online

ന്ത്യയിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചിരുന്നത് കേന്ദ്ര സർക്കാർ ആയിരുന്നു. ബജറ്റിൽ പ്രഖ്യാപിക്കുന്ന വില മിക്കപ്പോഴും ഒരു വർഷം മാറ്റമില്ലാതെ തുടരുമായിരുന്നു. 2001 ജൂൺ വരെ പെട്രോളിനും 2014 ഒക്ടോബർ വരെ ഡീസലിനും കേന്ദ്ര സബ്സിഡിയും നൽകിയിരുന്നു. ഭക്ഷ്യ സാധനങ്ങൾക്കും വളത്തിനും പെട്രോളിയം ഉല്പന്നങ്ങൾക്കുമായിരുന്നു ഏറ്റവും കൂടുതൽ സബ്സിഡി നൽകിയിരുന്നത്. എന്നാൽ 2014 ജൂൺ മുതൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് കൈമാറി. 2017 ജൂൺ മുതൽ ഇന്ധന വിലയിൽ ദിവസേന മാറ്റങ്ങൾ വരുത്തുവാനുള്ള അധികാരം കൂടി കമ്പനികൾക്ക് നൽകി. ഇതിന്റെ ഫലമായി 42 ദിവസം തുടർച്ചയായി എണ്ണ വില ഉയരുന്നത് രാജ്യം കണ്ടുനിന്നു. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞത്, ലോക മാർക്കറ്റിൽ എണ്ണയുടെ വിലയിൽ ഉണ്ടാകുന്ന മാറ്റത്തിന് ആനുപാതികമായി ഇന്ത്യയിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിൽ മാറ്റങ്ങൾ വരുമെന്നാണ്. ലോകമാർക്കറ്റിൽ എണ്ണവില കൂടുമ്പോൾ ഇവിടെയും കൂടുമെന്നും വില കുറയുമ്പോൾ അതനുസരിച്ചുള്ള കുറവ് ഇവിടെയും ഉണ്ടാകുമെന്നുമാണ് ഇതിനർത്ഥം. എന്നാൽ ഇന്ത്യയിൽ സംഭവിച്ചത് അങ്ങനെയല്ല.

2014 ൽ ലോകമാർക്കറ്റിൽ ക്രൂഡോയിലിന്റെ വിലയിൽ 42% വിലക്കുറവുണ്ടായി. അന്ന് കേന്ദ്ര സർക്കാർ ചെയ്തത്, എണ്ണവില കുറഞ്ഞതിന് ആനുപാതികമായി അതിന്മേലുള്ള നികുതി വർദ്ധിപ്പിക്കുകയായിരുന്നു. ജനങ്ങളെ വിഡ്ഢികളാക്കുന്ന വിധത്തിൽ അപൂർവ്വം സന്ദർഭങ്ങളിൽ വിലയിൽ നേരിയ കുറവ് വരുത്തുകയും ചെയ്തു. ഫലത്തിൽ ലോകമാർക്കറ്റിൽ ഉണ്ടായ കുറവിന്റെ നാലിലൊന്ന് കുറവ് പോലും ഇന്ത്യയിൽ ഉണ്ടായില്ല. എണ്ണ വില കുറയാതിരിക്കാൻ എണ്ണ ഉല്പാദക- കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ‘ഒപെക്’ രാജ്യങ്ങൾ നല്ല ആസൂത്രണത്തോടെയാണ് നീങ്ങുന്നത്. ഇത് തങ്ങൾക്കും ഗുണകരമായതിനാൽ റഷ്യ അവർക്കൊപ്പം നിന്നു. കാരണം, ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഉല്പദിപ്പിക്കുന്നത് സൗദി അറേബ്യ ആണെങ്കിൽ തൊട്ടടുത്ത് നിൽക്കുന്ന രാജ്യം റഷ്യയാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. എണ്ണ ഉല്പാദനം പരമാവധി കുറയ്ക്കണമെന്നും വില കൂടുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും സൗദി അറേബ്യ കഴിഞ്ഞ മാസം റഷ്യയോട് ആവശ്യപ്പെട്ടു. റഷ്യ ഇതിനോട് യോജിച്ചില്ല. അവർ ഉല്പാദനം കുറച്ചതുമില്ല. ഇതിൽ പ്രതിഷേധിച്ച് ഏപ്രിൽ ഒന്നുമുതൽ ക്രൂഡോയിലിന്റെ വിലയിൽ കുറവുവരുത്താനും ഉല്പാദനം വർദ്ധിപ്പിക്കാനും സൗദി അറേബ്യ തീരുമാനിച്ചു. ഇതിനെ തുടർന്ന് 2020 മാർച്ച് 10ന് ഒരു ബാരൽ ക്രൂഡോയിലിന്റെ വിലയിൽ ഒറ്റയടിക്ക് 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അങ്ങനെ 2020‑ൽ മൂന്നു മാസങ്ങൾക്കുള്ളിൽ ആകെ 44 ശതമാനത്തിന്റെ കുറവ് ക്രൂഡോയിലിന്റെ വിലയിൽ ഉണ്ടായിരിക്കുന്നു. ഇത് പുതിയ ചരിത്രമാണ്. അസംസ്കൃത എണ്ണയുടെ വില ബാരലിന് 32 ഡോളർ എത്തിയാണ് ഇപ്പോൾ നിൽക്കുന്നത്. ഇത് 25 ഡോളറിന് താഴേക്ക് തലകുത്തി വീണാലും അത്ഭുതമില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം കൊറോണ വ്യാപനത്തിന്റെ പുതിയ സാഹചര്യത്തിൽ ലോകമാകെ മാന്ദ്യം കൂടുതൽ ശക്തിപ്പെടുകയാണ്. സ്ഥിതി ഏറ്റവും രൂക്ഷമായ ചൈനയിൽ, എണ്ണയുടെ ഉപയോഗം കുത്തനെ കുറയുകയും ഇറക്കുമതിയിൽ വലിയ കുറവുവരുത്തുകയും ചെയ്തിരിക്കുന്നു.

ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും എണ്ണയുടെ ഉപയോഗം വൻതോതിൽ കുറയുകയാണ്. ലോക മാർക്കറ്റിൽ എണ്ണയുടെ വില ഇടിയുന്നത് ഇന്ത്യക്ക് വലിയ നേട്ടമാകേണ്ടതാണ്, കാരണം ആവശ്യത്തിന്റെ 82 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. എണ്ണ ഇറക്കുമതിക്കാണ് രാജ്യം ഏറ്റവും കൂടുതൽ പണം വിദേശത്തേക്ക് ഒഴുക്കുന്നത്. 2018–19 ൽ 2216 ലക്ഷം ബാരൽ ക്രൂഡോയിൽ ആണ് ഇറക്കുമതി ചെയ്തത്. അതിന് 6.39 ലക്ഷം കോടി രൂപയായിരുന്നു ചെലവ്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. അതിനാൽ എണ്ണ വില കുറയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയും പൊതുകടവും കുറയും. പണപ്പെരുപ്പത്തിന്റെ തോത് കുറയാനും രൂപയുടെ മൂല്യം ഉയരാനും ഇതുപകരിക്കും. ഇപ്പോഴത്തെ ക്രൂഡോയിലിന്റെ വില തുടർന്നാൽ തന്നെ രണ്ടരലക്ഷം കോടി രൂപയുടെ നേട്ടമാണ് ഒരു വർഷം രാജ്യത്തിനുണ്ടാകുന്നത്. ഇനിയും ലോക മാർക്കറ്റിൽ എണ്ണ വില കുറഞ്ഞാൽ, ഈ നേട്ടം കുതിച്ചുയരും എന്നത് വ്യക്തം. എണ്ണ വിലയിൽ വൻ ഇടിവുണ്ടാകുന്നത് ആ­ഗോള സമ്പദ്‌വ്യവസ്ഥയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കും എന്നത് ഉറപ്പാണ്. എണ്ണ ഉല്പാദക രാജ്യങ്ങൾക്ക് ഇത് ദുരന്തമായി മാറുമ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത് വലിയ നേട്ടമായി മാറും. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരേ സമയം ഇത് നേട്ടവും കോട്ടവുമാണ്. എണ്ണ വില കുറയുമ്പോൾ കേരളത്തിന്റെ ചെലവിലും കുറവുണ്ടാകും.

സർക്കാർ ചെലവുകളിലും കുറവുണ്ടാകും. രൂപയുടെ മൂല്യം കുറയുന്നതുമൂലം വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന പണം കേരളത്തിന് കരുത്തായി മാറുകയും ചെയ്യും. എന്നാൽ എണ്ണവില കുത്തനെ കുറയുമ്പോൾ ഗൾഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയെ അത് പ്രതികൂലമായി ബാധിക്കും. അതിന്റെ ഫലമായി ഗൾഫ് മലയാളികൾക്ക് തൊഴിൽനഷ്ടവും വരുമാനനഷ്ടവും ഉണ്ടാകും. ഗൾഫ് മലയാളികളുടെ വരുമാന നഷ്ടം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ക്ഷതം സൃഷ്ടിക്കുന്നതായി മാറും. ഇന്ധന വില കുറയുമ്പോൾ ജനങ്ങളുടെ ക്രയശേഷി ശക്തിപ്പെടുകയും ഉപഭോക്തൃ വിപണിക്ക് അത് ഉത്തേജനം പകരുകയും ചെയ്യും. എന്നാൽ അതോടൊപ്പം എണ്ണവില കുറയുന്നത് ഇന്ത്യയ്ക്ക് ദോഷമായി മാറുന്ന ഒരു ഘടകവുമുണ്ട് എന്ന കാര്യം കാണാതിരുന്നുകൂട. ഇറക്കുമതി ചെയ്യുന്ന എണ്ണ സംസ്‌ക്കരിച്ച് വിവിധ ഉല്പന്നങ്ങളാക്കി മാറ്റി കയറ്റുമതി ചെയ്യുന്ന ധാരാളം കമ്പനികൾ ഇന്ത്യയിലുണ്ട്. പതിനായിരക്കണക്കിന് തൊഴിലാളികളാണ് അവിടെ പണിയെടുക്കുന്നത്. എണ്ണവിലയുടെ തകർച്ച ഈ കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. എന്നാൽ ഇറക്കുമതി ചെലവിൽ ഉണ്ടാകുന്ന വമ്പിച്ച കുറവുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണവില ഇടിവ് ഇന്ത്യക്ക് നേട്ടം തന്നെ ആയിരിക്കും.

2014 മെയ് മാസത്തിൽ മോഡിസർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഞ്ചു വർഷത്തിനുള്ളിൽ 13 തവണയാണ് പെട്രോളിയം ഉല്പന്നങ്ങളുടെ എക്സൈസ് തീരുവ വർദ്ധിപ്പിച്ചത്. ഈ കാലഘട്ടത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെ എക്സൈസ് തീരുവ, അധിക എക്സൈസ് തീരുവ, സെസ്, കമ്പനികളുടെ ലാഭവിഹിതം, റോയൽറ്റി ഇവയിലൂടെ 2014–15 ൽ 1,05,653 കോടിയും 2015–16 ൽ 1,85,958 കോടിയും 2016–17 ൽ 2,53,254 കോടിയും 2017–18 ൽ 2,10, 592 കോടിയും 2018–19 ൽ 2,57,850 കോടിയും ഉൾപ്പെടെ അഞ്ചു വർഷത്തിനുള്ളിൽ 10, 13,307 കോടി രൂപയാണ് കേന്ദ്ര ഖജനാവിൽ എത്തിച്ചേർന്നത്. പുതിയ നിരക്കിൽ ക്രൂഡോയിൽ ഇന്ത്യയിലെത്തുമ്പോൾ, ഒരു ലിറ്ററിന്റെ യഥാർത്ഥവില 16.28 രൂപ മാത്രമാണ്. ശുദ്ധീകരണചെലവ്, പ്രവേശന നികുതി ഇവയ്ക്കുവേണ്ട പെട്രോളിന് 12.20 രൂപയും ഡീസലിന് 15.80 രൂപയും ചെലവുവരും. ഇതുകൂടി ചേരുന്ന തുകയ്ക്കാണ് കേന്ദ്രം എക്സൈസ് തീരുവ ചുമത്തുന്നത്. ഇതിനുപുറമേ പെട്രോളിന് 3.55 രൂപയും ഡീസലിന് 2.49 രൂപയും പമ്പ് ഉടമകൾക്ക് കമ്മീഷൻ നൽകണം. ഇതിനുശേഷം പെട്രോളിന് 16.50 രൂപയും ഡീസലിന് 12.28 രൂപയും സംസ്ഥാന നികുതിയുമുണ്ട്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് 2020 മാർച്ച് 14 ന് ഒരു ലിറ്റർ പെട്രോളിന്റെയും ഡീസലിന്റെയും പുറത്ത് പ്രത്യേക എക്സൈസ് തീരുവയായി രണ്ടു രൂപ വീതവും റോഡ് സെസായി ഒരു രൂപ വീതവും വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിലൂടെ ഒരു വർഷം 39,800 കോടി രൂപ കേന്ദ്ര സർക്കാരിന് കൂടുതലായി ലഭിക്കും. ഈ മാർച്ച് മാസത്തിൽ മാത്രം 2100 കോടി രൂപയാണ് കേന്ദ്രഖ ജനാവിൽ കൂടുതലായി എത്തുന്നത്. മോഡി അധികാരത്തിൽ വന്ന 2014 ൽ ഒരു ലിറ്റർ പെട്രോളിന്റെ നികുതി 9.48 രൂപയും ഡീസലിന്റെ നികുതി 3.56 രൂപയും ആയിരുന്നു. അതിപ്പോൾ യഥാക്രമം 22.98 രൂപയും 18.83 രൂപയുമായി വർദ്ധിച്ചിരിക്കുന്നു. ഇതിലൂടെ വ്യക്തമാകുന്നത്, ബിജെപി ഭരണത്തിന്റെ ആറു വർഷ കാലയളവിനുള്ളിൽ പെട്രോളിന് 142 ശതമാനവും ഡീസലിന് 429 ശതമാനവും നികുതി വർദ്ധനവ് ഉണ്ടായി എന്നാണ്. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ് എണ്ണയാണ്. ലോകത്ത് ഒരു രാജ്യവും എണ്ണ നികുതി ഈ വിധത്തിൽ വർദ്ധിപ്പിച്ചിട്ടില്ല. ആഗോള വിപണിയിൽ ഇന്ധനവില കുറഞ്ഞതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് കിട്ടരുതെന്ന വാശിയിൽ അതീവ ജാഗ്രതയോടെയും വേഗതയിലുമാണ് കേന്ദ്ര സർക്കാർ പ്രവർത്തിച്ചത്. ലോക വിപണിയിൽ എണ്ണവില കുത്തനെ കുറഞ്ഞപ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും 10 മുതൽ 12 രൂപ വരെ കുറയുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് ജനങ്ങളെ കൊള്ളയടിക്കുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നത്. ഈ കൊള്ള നടത്തിയതിനുശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ഒന്നോ രണ്ടോ രൂപയുടെ കുറവ് വരും ദിവസങ്ങളിൽ വരുത്തുവാനാണ് സാധ്യത.

ലോക മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോഴൊക്കെ ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും പെട്രോളിനും ഡീസലിനും വില കുറഞ്ഞിരുന്നു എന്നതാണ് അനുഭവം. എന്നാൽ ഈ സന്ദർഭത്തിൽ ഇന്ത്യയിൽ മാത്രം വില കൂട്ടുകയായിരുന്നു. മാർച്ച് 14 ന് പെട്രോളിയം ഉല്പന്നങ്ങളുടെ പുറത്ത് വരുത്തിയിരിക്കുന്ന നികുതി വർദ്ധനവ് എല്ലാ അർത്ഥത്തിലും ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്. രാജ്യത്ത് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നില്ലെങ്കിൽ, വരുംനാളുകളിൽ ആഗോളതലത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള എണ്ണവില ഇടിവിന്റെ പ്രയോജനവും ഇന്ത്യക്കാർക്ക് മാത്രം ലഭിക്കാത്ത സ്ഥിതി ഉണ്ടാകും. ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഒരു സർക്കാർ രാജ്യത്തില്ല എന്നതാണ് അതിനു കാരണം.