എണ്ണ നികുതി: അരുണ്‍ ജെയ്റ്റ്‌ലിയുടെ ന്യായവാദങ്ങളും മോഡി സര്‍ക്കാരിന്റെ തട്ടിപ്പും

Web Desk
Posted on June 28, 2018, 11:03 pm
കെ രവീന്ദ്രന്‍

ഇന്ത്യക്കാര്‍ നികുതി നല്‍കാത്തിടത്തോളം കാലം പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നുനില്‍ക്കുമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ താക്കീത് അദ്ദേഹത്തിന്റെ അധികാര ധാര്‍ഷ്ട്യത്തിന്റെ പ്രകടനമാണ്. അത് ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷ് സിംഹാസനത്തോടുണ്ടാവേണ്ട സത്യസന്ധതയെപ്പറ്റിയും വിധേയത്വത്തെപ്പറ്റിയും വൈസ്രോയിമാര്‍ നടത്തിയിരുന്ന പ്രബോധനങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്.

‘സത്യസന്ധരായ നികുതിദായകരുടെ ഗതികേട് അവര്‍ അവരുടെ നികുതിവിഹിതം നല്‍കണമെന്നു മാത്രമല്ല നികുതി വെട്ടിപ്പുകാര്‍ക്ക് വേണ്ടി പിഴയൊടുക്കേണ്ടിയും വരുന്നുവെന്നതാണ്’ ജെയ്റ്റ്‌ലി പറയുന്നു. ‘രാഷ്ട്രീയ നേതാക്കളോടും അഭിപ്രായരൂപീകരണം നടത്തുന്നവരോടുമുള്ള എന്റെ അഭ്യര്‍ഥന എണ്ണയിതര നികുതിയിനങ്ങളില്‍ നടക്കുന്ന നികുതിവെട്ടിപ്പ് അവസാനിപ്പിക്കാന്‍ അവര്‍ മുന്‍കൈ എടുക്കണമെന്നാണ്. ജനങ്ങള്‍ സത്യസന്ധമായ നികുതി നല്‍കുകയാണെങ്കില്‍ എണ്ണ ഉല്‍പന്നങ്ങളുടെമേലുള്ള അമിതാശ്രയത്വം കുറയ്ക്കാനും എണ്ണവില നിയന്ത്രിക്കാനും കുറച്ചുകൊണ്ടുവരാനും കഴിയും.’ നികുതി നല്‍കുന്നതില്‍ ജനങ്ങള്‍ കൂടുതല്‍ സത്യസന്ധതയും ജാഗ്രതയും പുലര്‍ത്തണമെന്നാണ് ജെയ്റ്റ്‌ലിയുടെ ആവശ്യം.

ജനങ്ങള്‍ നികുതി നല്‍കാന്‍ വിസമ്മതിക്കുന്നതാണ് എണ്ണയുടെ നികുതി ഉയരാന്‍ കാരണമെന്നാണ് ജെയ്റ്റ്‌ലിയുടെ വാദം. എണ്ണ നികുതി അതിന്റെ വിലയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ നികുതി വെട്ടിപ്പ് സാധ്യമല്ലല്ലോ. സാമാന്യജനങ്ങള്‍ ബുദ്ധിശൂന്യരാണെന്ന തോന്നലില്‍ നിന്നായിരിക്കാം ജെയ്റ്റ്‌ലി കൂടുതല്‍ വിശദീകരണത്തിന് മുതിര്‍ന്നത്. നികുതി കൃത്യമായി നല്‍കാന്‍ ജനങ്ങള്‍ തയാറായാല്‍ എണ്ണയുടെ മേലുള്ള നികുതിയില്‍ ഇളവുവരുത്താനാവുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ആരാണ് നികുതി പിരിവ് ഉറപ്പുവരുത്തേണ്ടത്? അത് ജെറ്റ്‌ലിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും ഉത്തരവാദിത്വമല്ലെങ്കില്‍ മറ്റാരുടേതാണ്? തന്റെയും തന്റെ സര്‍ക്കാരിന്റെയും പരാജയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ തലയില്‍ കെട്ടിയേല്‍പ്പിച്ച് കൈമലര്‍ത്താനാണ് ധനമന്ത്രി ശ്രമിക്കുന്നത്. നികുതി പിരിവ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനാവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതിനാവശ്യമായ നിയമം നിലവിലുണ്ട്. അത് നടപ്പാക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും അധികാരവും സര്‍ക്കാരിനുണ്ട്. ഇപ്പോഴത്തെ നിയമങ്ങളും സംവിധാനങ്ങളും അതിന് അപര്യാപ്തമാണെങ്കില്‍ പുതിയവ സൃഷ്ടിക്കാന്‍ ആവശ്യമായ ഭൂരിപക്ഷവും സര്‍ക്കാരിനുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെങ്കില്‍ അതിന് ജനങ്ങളെ കുറ്റപ്പെടുത്താനും ശിക്ഷിക്കാനുമാവില്ല. യഥാര്‍ഥത്തില്‍ ജെയ്റ്റ്‌ലി തന്റെയും തന്റെ സര്‍ക്കാരിന്റെയും കഴിവില്ലായ്മയ്ക്ക് ജനങ്ങളെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയുമാണ് ചെയ്യുന്നത്.

ശമ്പളക്കാര്‍ മാത്രമെ കൃത്യമായി നികുതി നല്‍കുന്നുള്ളൂവെന്ന ജെയ്റ്റ്‌ലിയുടെ പ്രസ്താവന ശരിയാണ്. അവര്‍ക്ക് നികുതി വെട്ടിപ്പ് നടത്താന്‍ കഴിയില്ലല്ലോ. മികച്ച ഭരണനിര്‍വഹണവും കള്ളപ്പണം ഇല്ലായ്മചെയ്യലും വാഗ്ദാനം ചെയ്താണ് ഇതര ഗവണ്‍മെന്റുകളെ പോലെ ഈ സര്‍ക്കാരും അധികാരത്തില്‍ വന്നത്. പക്ഷെ അവര്‍ നികുതി വെട്ടിപ്പുകാര്‍ക്ക് ഒത്താശ ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. നികുതി വെട്ടിപ്പുകാരാണല്ലോ ഭരണകക്ഷിയുടെ പണപ്പെട്ടി നിറയ്ക്കുന്നത്. അത്തരക്കാര്‍ക്കെതിരെ ചെറുവിരലനക്കാനുള്ള തന്റേടം ബിജെപി സര്‍ക്കാരിനില്ലെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്.

പെട്രോള്‍ വില ലിറ്ററിന് 25 രൂപ കണ്ട് കുറയ്ക്കാവുന്നതേയുള്ളൂവെന്ന തന്റെ ‘പ്രഗത്ഭനായ മുന്‍ഗാമി’ ചിദംബരത്തിന്റെ നിര്‍ദേശത്തെ ജെയ്റ്റ്‌ലി പരിഹസിച്ചു തള്ളുന്നു. ചിദംബരത്തിന്റെ നിര്‍ദ്ദേശം ‘കെണി‘യാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് ഇന്ത്യന്‍ ജനതയ്ക്കുള്ള കെണിയല്ല, മറിച്ച് നിലവിലുള്ള ധനമന്ത്രിക്കുള്ളതാണ്. ചിദംബരത്തില്‍ നിന്ന് മറിച്ചൊന്ന് പ്രതീക്ഷിക്കുന്നത് ജെയ്റ്റ്‌ലിയുടെ മൗഢ്യമല്ലാതെ മറ്റെന്താണ്?

ജെയ്റ്റ്‌ലി മറ്റൊരു മഹത്തായ സിദ്ധാന്തം കൂടി അവതരിപ്പിക്കുന്നു. ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വിലകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേട്ടമായെന്നതാണ് അത്. എണ്ണയ്ക്ക് സംസ്ഥാനങ്ങള്‍ നികുതി ചുമത്തുക വഴി അവരും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതായി ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടുന്നു. ഇതാണ് സര്‍ക്കാരുകളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെങ്കില്‍ ഇപ്പോഴത്തെ തോതില്‍ അത് എന്തിന് ഒതുക്കി നിര്‍ത്തണം? സര്‍ക്കാരുകള്‍ക്ക് നികുതി നിരക്ക് കൂടുതല്‍ ഉയര്‍ത്താവുന്നതേയുള്ളൂ; വ്യവസായികള്‍ അത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിക്കൊള്ളും; ഉപഭോക്താക്കള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ ആരായാം; നികുതി തട്ടിപ്പിന്റെ പുതിയ രീതികളാവാം അതിലൊന്ന്! അത് സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പുതിയൊരു തട്ടിപ്പ് രീതിതന്നെയാക്കി വികസിപ്പിക്കാം! ആരും ചോദ്യങ്ങള്‍ ഉന്നയിക്കില്ലല്ലോ!

സമ്പത്തുല്‍പാദനമാണ് സര്‍ക്കാരിന്റെ പ്രാഥമിക ചുമതല. അതിനുപകരം ജനങ്ങളുടെമേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ധനമന്ത്രിയുടെ ശ്രദ്ധക്ഷണിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. സമ്പത്തുല്‍പാദനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയണം. അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ വിഹിതം അവകാശപ്പെടാന്‍ സര്‍ക്കാരിന് കഴിയും. നികുതി പിരിവ് സര്‍ക്കാരിന്റെ ഭരണനിര്‍വഹണ ചെലവുകള്‍ കണ്ടെത്താനുള്ള നിയമാനുസൃത മാര്‍ഗം തന്നെയാണ്. പക്ഷെ സര്‍ക്കാരിന്റെ ഏക വരുമാന സ്രോതസ് നികുതി മാത്രമായിക്കൂട.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ എണ്ണനയം അതീവ സങ്കീര്‍ണമാണ്. അത് എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് ജനങ്ങളെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. എണ്ണവില ഉയരുമ്പോള്‍ അത് ജനങ്ങളില്‍ നിന്ന് ഈടാക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. എപ്പോഴൊക്കെ എണ്ണവില കുറയുന്നുവോ അപ്പോഴൊക്കെ നികുതികള്‍ കുത്തനെ ഉയര്‍ത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഫലത്തില്‍ അന്താരാഷ്ട്ര വിപണിവിലയ്ക്ക് അനുസൃതമായ വില നിശ്ചയിക്കുകയെന്നത് സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുളള തട്ടിപ്പായി മാറിയിരിക്കുന്നു.

2008 ല്‍ 132 ഡോളര്‍ വിലയുണ്ടായിരുന്ന അസംസ്‌കൃത എണ്ണവില 2014 ല്‍ 46 ഡോളറായി കൂപ്പുകുത്തി. അന്നുമുതല്‍ 11 തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതി ഉയര്‍ത്തി നിശ്ചയിച്ചത്. ഡീസലിന്റെ നികുതി ലിറ്ററിന് 3.56 രൂപയില്‍ നിന്ന് 17.33 രൂപയാണ് ഉയര്‍ത്തിയത്, 380 ശതമാനത്തിന്റെ വര്‍ധന. പെട്രോള്‍ വിലയില്‍ 120 ശതമാനമാണ് വര്‍ധന ഉണ്ടായത്. 9.48 രൂപ ലിറ്ററിനുണ്ടായിരുന്ന നികുതി 21.48 രൂപയായാണ് ഉയര്‍ത്തിയത്. എണ്ണവില നിരന്തരം കുറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഏറ്റവും ചുരുങ്ങിയത് നാലുതവണയെങ്കിലും നികുതി രണ്ടു രൂപ കണ്ടോ അതിലധികമോ ആയാണ് ഉയര്‍ത്തിയത്. നികുതികളും തീരുവകളും ഇപ്പോള്‍ ഉല്‍പാദന ചെലവിനെക്കാള്‍ നൂറുശതമാനത്തിലേറെ ഉയര്‍ന്നനിലയിലാണ്. ഇത് ഇന്ത്യന്‍ ജനതയ്ക്കുമേല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അനുസ്യൂതം തുടരുന്ന ക്രൂരതകളുടെ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്.

ഇന്ത്യ പ്രസ് ഏജന്‍സി