എണ്ണയുദ്ധം തുടങ്ങി

Web Desk
Posted on April 24, 2018, 10:51 pm

ജിദ്ദയില്‍ നടന്ന എണ്ണ ഉച്ചകോടിയില്‍ സൗദി ഊര്‍ജ്ജമന്ത്രി  ഖാലിദ് അല്‍ഫലേയും റഷ്യന്‍ എണ്ണകാര്യമന്ത്രി അലക്‌സാണ്ടര്‍ നൊവാകും

  • ഗള്‍ഫും എണ്ണ ഉല്‍പ്പാദക സംഘടനയും തിരിച്ചടിക്കുന്നു
  • യു എസ് ലക്ഷ്യം മുസ്‌ലിം എണ്ണ സമ്പദ്ഘടനകള്‍ തകര്‍ക്കല്‍

കെ രംഗനാഥ്

ദുബായ്: ആഭ്യന്തര — വിദേശരംഗങ്ങളില്‍ തോല്‍വിമാത്രം കൊയ്തുകൂട്ടുന്ന യു എസ് പ്രസിഡന്റ് ട്രംപ് എണ്ണ സമ്പദ്‌വ്യവസ്ഥകള്‍ തകര്‍ക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങളും എണ്ണ ഉല്‍പ്പാദകരാജ്യ സംഘടനയായ ഒപ്പേക്കും ശക്തമായ തിരിച്ചടി തുടങ്ങി.
നാല് വര്‍ഷത്തിനുശേഷം ഇതാദ്യമായി ആഗോളവിപണിയിലെ എണ്ണവില ഇന്നലെ ബാരലിന് 73.78 ഡോളറായി ഉയര്‍ന്നു. ഇത് കൃത്രിമമായി സൃഷ്ടിച്ച വിലക്കയറ്റമാണെന്നും അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും ട്രംപിന്‍റെ ട്വീറ്റ് എണ്ണ ഉല്‍പ്പാദകരായ അറബ്‌രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകള്‍ തകര്‍ക്കാനുള്ള എണ്ണയുദ്ധത്തിന്‍റെ നാന്ദിയാണെന്ന് യുഎഇ ഇന്ധനകാര്യമന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍മസ്‌റൂയി ചൂണ്ടിക്കാട്ടി. എണ്ണവില തെല്ല് ഉയര്‍ന്നതുകൊണ്ട് ആഗോളവിപണിയില്‍ ഉപഭോഗത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും പ്രത്യുത ഉപഭോഗം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുവെന്നുമായിരുന്നു ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാജ്യമായ സൗദി അറേബ്യയുടെ എണ്ണകാര്യമന്ത്രി ഖാലിദ് അല്‍ ഫലേയുടെ പ്രതികരണം. ആഗോളവിപണിയില്‍ അനാവശ്യമായി എണ്ണ പ്രവഹിപ്പിച്ച് വിലയിടിവുണ്ടാക്കി എണ്ണ സമ്പദ്ഘടനകളെ പ്രതിസന്ധിയിലാക്കിയെന്നും പരിഹാരമായി ഉല്‍പ്പാദനം വെട്ടിക്കുറച്ച 24 രാജ്യങ്ങളുടെ നടപടി എണ്ണവ്യവസായം തകര്‍ച്ചയില്‍ നിന്നു കരകയറുകയായിരുന്നുവെന്നും ഒപ്പേക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബാര്‍ഖിന്‍ഡോ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച സൗദി അറേബ്യയില്‍ ചേര്‍ന്ന ഒപ്പേക് രാഷ്ട്രങ്ങളും റഷ്യയും വെനിസ്വേലയുമടങ്ങുന്ന ഒപ്പേക് ഇതരരാഷ്ട്രങ്ങളും ഒന്നിച്ച ഉച്ചകോടി വിലത്തകര്‍ച്ചയ്‌ക്കെതിരെ ഉല്‍പ്പാദനനിയന്ത്രണം തുടരാന്‍ തീരുമാനിച്ചിരുന്നു. ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നാണ് ട്രംപിന്‍റെ ഭീഷണി.

2014 ജൂണ്‍ 19ന് ബാരലിന് 115.5 ഡോളര്‍വരെ എണ്ണവില ഉയര്‍ന്നുനിന്നത് 2016 ജനുവരി 20ന് 27.82 ഡോളറിലേക്കുവരെ കൂപ്പുകുത്തിയിരുന്നു. തുടര്‍ന്ന് റഷ്യയും ഒപ്പേക്കും ചേര്‍ന്ന് ഉല്‍പ്പാദനത്തില്‍ പ്രതിദിനം 24 ലക്ഷം ബാരലിന്റെ വെട്ടിക്കുറവുവരുത്താന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് പിടിച്ചുകയറിയ എണ്ണവില ഇന്നലെ 73.78 ഡോളറായി ഉയര്‍ന്നു. ഗുണനിവലാരം കുറഞ്ഞ യു എസിന്‍റെ ഷെയ്ല്‍ ഓയില്‍ വില കുറച്ച് ആഗോളവിപണിയിലേക്ക് ഒഴുക്കി വിപണി അട്ടിമറിക്കാനുള്ള അമേരിക്കന്‍ നീക്കം പൊളിഞ്ഞതോടെയാണ് മുസ്‌ലിം — റഷ്യന്‍ — വെനിസ്വേലന്‍ എണ്ണ സമ്പദ്ഘടനകളെ തകര്‍ക്കാനുള്ള ട്രംപിന്‍റെ നേരിട്ടുള്ള രംഗപ്രവേശമെന്ന് വിപണിനിരീക്ഷകനായ ഓലേ ഹാല്‍സന്‍ പറയുന്നു.

എണ്ണ ഉല്‍പ്പാദകരാജ്യങ്ങള്‍ അനാവശ്യമായി ശേഖരിച്ചുവച്ചിരുന്ന ക്രൂഡ് ഓയിലിന്റെ അളവ് 30 കോടി ബാരലില്‍ നിന്നും 3 കോടിയായി ചുരുങ്ങിയതിനെത്തുടര്‍ന്നാണ് വില ഉയര്‍ന്ന് 74 ഡോളറോളമായത്. വില 60 ഡോളറായി ഉയര്‍ന്നതുമുതല്‍ പ്രതിസന്ധിയിലായിരുന്ന ഗള്‍ഫ് സമ്പദ്‌വ്യവസ്ഥകളില്‍ പുതിയൊരു ഉണര്‍വുണ്ടായി. ഗള്‍ഫ് രാജ്യങ്ങളടക്കം എണ്ണ ഉല്‍പ്പാദകരാജ്യങ്ങളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് മലയാളികളടക്കം രണ്ട് കോടിയിലേറെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വിലവര്‍ധന പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതിനിടെയാണ് പ്രസിഡന്റ് ട്രംപിന്റെ ഇടങ്കോലിടലും ഭീഷണിയും. ഇറാനടക്കമുള്ള എണ്ണ ഉല്‍പ്പാദനരാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ് തന്ത്രങ്ങള്‍ മെനയുന്നുവെന്ന് ബ്ലൂംബര്‍ഗും വോര്‍ട്ടെക്‌സാ ലിമിറ്റഡും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏത് കോണില്‍ നിന്ന് ഭീഷണി ഉയര്‍ന്നാലും എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തില്‍ നിന്ന് ഉല്‍പ്പാദകരാജ്യങ്ങളും ഒപ്പേക്കും പിന്നോട്ടില്ലെന്ന് യുഎഇ ഇന്ധനവ്യവസായകാര്യമന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് വ്യക്തമാക്കിയതും ട്രംപിന്‍റെ ഭീഷണിക്ക് തിരിച്ചടിയായി. ഈ വര്‍ഷംതന്നെ ഇന്ധനവില ബാരലിന് 80 ഡോളറായി ഉയരുമെന്ന് എണ്ണകാര്യ വിശകലന സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്‌സ് പ്രവചിച്ചിട്ടുണ്ട്. ട്രംപ് എന്തു പറഞ്ഞാലും തങ്ങള്‍ തങ്ങളുടെ പണി തുടരുമെന്ന സൗദി അറേബ്യയുടെയും യുഎഇയുടെയും റഷ്യയുടെയും ഉറച്ച നിലപാട് മധ്യപൂര്‍വദേശത്ത് ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന അറബ് — റഷ്യന്‍ സാമ്പത്തിക ഐക്യദാര്‍ഢ്യം ഒരു രാഷ്ട്രീയസഖ്യത്തിലേക്ക് വഴിതെളിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ലെന്നാണ് ഗള്‍ഫിലെ നയതന്ത്രവൃത്തങ്ങളും വിലയിരുത്തുന്നത്.