ഓഖി: മുന്നറിയിപ്പ് നല്‍കാതെ കേന്ദ്രം വീഴ്ച വരുത്തി

Web Desk
Posted on December 01, 2017, 11:10 pm

തിരുവനന്തപുരം: സംസ്ഥാനത്ത് താണ്ഡവമാടിയ ഓഖി ചുഴലിക്കാറ്റില്‍ മുന്നറിയിപ്പ് നല്‍കാതെ കേന്ദ്രം വീഴ്ച വരുത്തി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇതിന് തെളിവുകളുമായി രംഗത്തെത്തിയത്.
കേന്ദ്ര കാലാവസ്ഥ വകുപ്പാണ് വീഴ്ച വരുത്തിയതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കേരളത്തില്‍ ചുഴലിക്കാറ്റുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേന്ദ്ര നിര്‍ദേശമില്ലാതെ സംസ്ഥാനത്ത് ജാഗ്രത പ്രഖ്യാപിക്കാന്‍ കഴിയില്ല.
കേന്ദ്ര കാലാവസ്ഥാ വകുപ്പും കേന്ദ്ര സമുദ്ര പഠനകേന്ദ്രമായ ഇന്‍കോയിസുമാണ് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. സാധാരണയായി ലഭിക്കാറുള്ള കാറ്റിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ദുരന്തമുന്നറിയിപ്പായി പരിഗണിക്കാന്‍ കഴിയില്ല. കൃത്യമായ നടപടിക്രമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന അതോറിറ്റിക്ക് മാനദണ്ഡപ്രകാരമല്ലാത്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നവംബര്‍ 29ന് 2.30 ന് ന്യൂനമര്‍ദ്ദമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായിരുന്ന മുന്നറിയിപ്പ്. ഇക്കാര്യം മാധ്യമങ്ങളിലൂടെ 4.30 ന് അറിയിച്ചു. ഒന്നാം തീയതി ശക്തമായ മഴയും രണ്ടാം തീയതി കടല്‍ ക്ഷോഭവുമുണ്ടാകും. കേരളത്തില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നുമായിരുന്നു മുന്നറിയിപ്പ്.
ഇതോടൊപ്പം ന്യൂനമര്‍ദ്ദ പാത സംബന്ധിച്ച ഭൂപടവും ലഭിച്ചിരുന്നു. ദിശ കേരളത്തില്‍ നിന്ന് ദൂരെയായിരിക്കും എന്നായിരുന്നു ചിത്രത്തില്‍. ഈ മുന്നറിയിപ്പിലും ചുഴലിക്കാറ്റ് പരമാര്‍ശമുണ്ടായിരുന്നില്ല. ഇക്കാര്യം രാവിലെ 7.35ന് സംസ്ഥാന അതോറിറ്റി മാധ്യമങ്ങളെ അറിയിച്ചു’
30ന് 8.30ന് ന്യൂനമര്‍ദ്ദം തീവ്രമായെന്ന് കേന്ദ്രം അറിയിച്ചു. ആ സമയം ന്യൂനമര്‍ദ്ദം കേരളതീരത്തുനിന്നും തെക്ക് കിഴക്ക് 170 കിലോമീറ്റര്‍ അകലെയായിരുന്നു. ന്യൂനമര്‍ദ്ദ പാത കേരളത്തില്‍ നിന്ന് ദൂരെയായിരിക്കും എന്നാണ് ഭൂപടത്തില്‍ കാണിച്ചത്. ഇതിലും ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല. 30 ന് 12ന് മറ്റൊരു മുന്നറിയിപ്പ് കേന്ദ്രം നല്‍കി. ഈ മുന്നറിയിപ്പിലാണ് ചുഴലിക്കാറ്റുണ്ട് എന്ന് കേന്ദ്രം അറിയിച്ചത്. ന്യൂനമര്‍ദ്ദ പാതയുടെ അതിരുകള്‍ കേരളത്തില്‍ എത്തുമെന്നും അറിയിച്ചു.
ആ സമയം ചുഴലിക്കാറ്റ് തിരുവനന്തപുരത്ത് നിന്ന് 120 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിരുന്നു. അഞ്ചുമിനിട്ടിനകം സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ച് അറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 30 ന് ഒരുമണിക്ക് സേനക്കും കോസ്റ്റ്ഗാര്‍ഡിനും മുന്നറിയിപ്പ് നല്‍കിയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറിയത് രാവിലെ 11 മണിയോടെ മാത്രമാണെന്നും മുന്‍കൂട്ടിയുളള പ്രവചനം പ്രായോഗികമല്ലെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിശദീകരണം. കേരള തീരത്ത് ന്യൂനമര്‍ദ്ദം സാധാരണമാണ്. അപൂര്‍വമായി മാത്രമേ ചുഴലിക്കാറ്റ് രൂപം കൊള്ളാറുളളു. കാറ്റിന്റെ പ്രഭവ കേന്ദ്രം തീരത്തിന് വളരെ അടുത്തായതും തിരിച്ചടിയായി. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ന്യൂനമര്‍ദ്ദം രൂപപ്പെടാറുണ്ടെങ്കിലും നാല് വര്‍ഷത്തിനിടെ ഇത്രയടുത്ത് എത്തുന്നതും ഇതാദ്യമാണ്.