Friday
22 Feb 2019

ഓഖി ദുരന്തവും അനന്തര പ്രതിസന്ധികളും

By: Web Desk | Tuesday 13 March 2018 10:18 PM IST

സൈമണ്‍ എച്ച്

കേരളത്തിന്റെ തീരങ്ങളില്‍ വിതച്ച മഹാദുരന്തമാണ് ഓഖി ചുഴലിക്കാറ്റിലൂടെ നമ്മുടെ നാട് ദര്‍ശിച്ചത്. കന്യാകുമാരിക്ക് സമീപത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ്, തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും കനത്ത നഷ്ടമുണ്ടാക്കി. നൂറുകണക്കിന് ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട മഹാദുരന്തം. ഉറ്റവരെ കാത്തിരിക്കുന്ന മനസിന്റെ നൊമ്പരം വാക്കുകള്‍ക്കതീതമാണ്. മകനെ കാത്തിരിക്കുന്ന അമ്മ, ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യ, സഹോദരനെ നഷ്ടപ്പെട്ട സഹോദരങ്ങള്‍ ഇങ്ങനെ ഓഖിയുടെ ദുരന്തശേഷിപ്പുകള്‍ നിരവധിയാണ്.
കിടപ്പാടം വിറ്റ് വാങ്ങിയ ഉപകരണങ്ങളോടൊപ്പം ഓഖിക്കയത്തിലേയ്ക്ക് കൂടപ്പിറപ്പുകള്‍ വലിച്ചെറിയപ്പെടുമ്പോള്‍ നിസഹായരായി കണ്ടുനില്‍ക്കുവാനെ ഒപ്പമുണ്ടായിരുന്ന പലര്‍ക്കും സാധിച്ചുള്ളു. അനേകം കുടുംബങ്ങള്‍ അനാഥരാകുന്ന സന്ദര്‍ഭമായിരുന്നു ആ നിമിഷം.
മക്കളുടെ പഠിപ്പും ഭക്ഷണവും മാത്രം മുന്നില്‍കണ്ടുകൊണ്ടാണ് ഓരോ ദിവസവും ആയിരക്കണക്കിന് തൊഴിലാളികള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. കൊച്ചുവള്ളങ്ങളിലും ഫിഷിങ് ബോട്ടുകളിലുമായി യാത്രയാകുന്നവര്‍, ‘കുടുംബത്തിന് അന്നം മുടങ്ങാത്ത ദിവസമാകണേ’ എന്ന പ്രാര്‍ഥന മാത്രമായിരിക്കും ഇവരുടെ മനസുകളില്‍. മാസങ്ങള്‍ തങ്ങിയും ദിവസംതോറും പോയിവന്നും മത്സ്യബന്ധനം നടത്തുന്നവരും ഇവരിലുണ്ടാകും.
ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എത്തിച്ചേര്‍ന്നവരില്‍ പലരും രാഷ്ട്രീയ മുതലെടുപ്പിനായി തമ്മില്‍ തമ്മില്‍ പഴിചാരുവാന്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തിയത് നാം കണ്ടു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വന്നുപോയിട്ടും ദുരന്തബാധിതരുടെ കണ്ണീരിന് അറുതിവരുത്തുവാന്‍ സാധിച്ചില്ല.
ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ യഥാസമയത്ത് നല്‍കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തത്തിന്റെ ആക്കം കുറയ്ക്കാമായിരുന്നു എന്ന നഷ്ടബോധം ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളില്‍ ശക്തമാണ്. ഇവിടെ ദുരന്തമുണ്ടായപ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും എല്ലാ ചുഴലിക്കാറ്റുകളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവന്‍ മൃത്യുഞ്ജയ് മഹാപാത്ര പറയുകയുണ്ടായി.
കേരളത്തിലെ തെക്കന്‍തീരമേഖലകളില്‍ ഏറ്റവുമധികം മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത് വിഴിഞ്ഞം – പൂന്തുറ പ്രദേശങ്ങളിലാണ്. കടല്‍ ശക്തിയായി ആഞ്ഞടിച്ചാല്‍ ഈ ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലാകുന്ന സാഹചര്യം പൊതുവെ അവിടെ നിലനില്‍ക്കുന്നു.
കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തുന്ന ചെറുബോട്ടുകള്‍ക്ക് കരയ്ക്കടുക്കാന്‍ കഴിയാതെവരും. ഇത്തരം അവസരങ്ങളിലൊക്കെ തൊഴിലാളികള്‍ പ്രധാനമായും ആശ്രയിക്കുന്നത് വിഴിഞ്ഞം തുറമുഖത്തെയാണ്. പൂന്തുറയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഓഖി ദുരന്തത്തില്‍ 36 കുടുംബങ്ങളാണ് ഇവിടെ അനാഥരാക്കപ്പെട്ടത്. 16 പേരുടെ മൃതശരീരം ഡിഎന്‍എ ടെസ്റ്റിലൂടെയും മറ്റുമായി തിരിച്ചറിഞ്ഞെങ്കിലും 20 പേരുടെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോഴും ഈ ഗ്രാമം. വിഴിഞ്ഞത്തും നിരവധിപേര്‍ മരണപ്പെടുകയും കാണാതാവുകയുമുണ്ടായി. വലിയതുറ, അടിമലത്തുറ, പുല്ലുവിള, പുതിയതുറ തുടങ്ങി നിരവധി പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പറക്കമുറ്റാത്ത അനാഥകുഞ്ഞുങ്ങളെയും, അവരെ പരിപാലിക്കുവാന്‍ യാതൊരുമാര്‍ഗവുമില്ലാതെ നിസഹായരായ നൂറുകണക്കിന് അമ്മമാരെയും ഈ പ്രദേശങ്ങളില്‍ കാണാം.


തീരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. തങ്ങളുടെ തീരത്തെ സുരക്ഷിതമാക്കണമെന്ന ആഗ്രഹം പൂന്തുറയിലെ ജനങ്ങള്‍ അധികാരവര്‍ഗത്തിന് മുന്നില്‍വയ്ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. ഇവിടെ ഒരു ഹാര്‍ബര്‍ – ഇതാണ് ഇവിടത്തെ ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്‌നം.
വി സുരേന്ദ്രന്‍പിള്ള തുറമുഖവകുപ്പ് മന്ത്രിയായിരുന്ന കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് തീരം സംരക്ഷിക്കുവാനുള്ള പുലിമുട്ട് നിര്‍മാണവുമായി മുന്നോട്ടുപോയത്. ഒരു പരിധിവരെ തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന ഒന്നായിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പുലിമുട്ട് ശക്തിപ്പെടുത്തുന്നതിന് പകരം ഹാര്‍ബര്‍ നിര്‍മാണ പഠനവുമായി മുന്നോട്ടുപോകുകയാണ് ചെയ്തത്. പൂന്തുറ അനുയോജ്യമായ സ്ഥലമാണെന്ന പഠന റിപ്പോര്‍ട്ടും വന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്ന അവസാന ബജറ്റില്‍ പൂന്തുറ, വലിയതുറ തുടങ്ങിയ പ്രദേശങ്ങളില്‍ തുറമുഖനിര്‍മാണത്തിനായി കോടികള്‍ മാറ്റിവച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുപക്ഷത്തിന്റെ ഫിഷറീസ് വകുപ്പ് ഹാര്‍ബറിനെക്കാള്‍ പ്രയോജനം ചെയ്യുന്നത് വിശാഖപട്ടണത്ത് നിര്‍മ്മിച്ചിരിക്കുന്നതുപോലുള്ള ”ബ്രേക്ക് വാട്ടര്‍” സംവിധാനമാണെന്ന് അവകാശപ്പെടുന്നു. ഒപ്പം ഭൂവസ്ത്ര ട്യൂബി(ജിയോട്യൂബ്)നെ കുറിച്ചും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. കല്ലുകള്‍ക്ക് പകരം ഉപയോഗിക്കുന്ന ഒരു പ്രത്യേക സംവിധാനമാണ് ഭൂവസ്ത്ര ട്യൂബ്. കടലില്‍ നിന്ന് ഡ്രെഡ്ജിങ് ചെയ്‌തെടുക്കുന്ന മണ്ണ് (30 മീറ്റര്‍ വ്യാസം 20 മീറ്റര്‍ നീളം) ഭൂവസ്ത്ര ട്യൂബുകളിലാക്കി പകുതി വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന നിലയിലാകും ഇത് സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തിലുള്ള പൂന്തുറയിലെ നിര്‍മാണപ്രവര്‍ത്തനം ~ഒരുപക്ഷേ ഫലപ്രദമായില്ലെങ്കില്‍, പിന്നിടുന്ന നാളുകള്‍ ഈ ഗ്രാമം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നത് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം.
ഇത്തരം സംവിധാനങ്ങള്‍ കേരളത്തില്‍ എവിടെയും ഇതുവരെയും നടപ്പിലാക്കുകയോ ഫലപ്രദമെന്ന് തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തുറമുഖത്തിന്റെ അനുബന്ധ സംവിധാനം മാത്രമാണ് ബ്രേക്ക് വാട്ടറും ഭൂവസ്ത്ര ട്യൂബും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരം സംവിധാനം കൊണ്ടുമാത്രം കടല്‍ക്ഷോഭം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങളെ പ്രതിരോധിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ഈ വിദഗ്ധാഭിപ്രായങ്ങളെ അവഗണിച്ചാണ് അധികാരത്തിലിരിക്കുന്നവര്‍ പുതുനീക്കങ്ങള്‍ നടത്തുന്നത് എന്നത് തദ്ദേശവാസികളില്‍ അമര്‍ഷത്തിന് ഇടയാക്കിയിരിക്കുകയാണിപ്പോള്‍. മാറിമാറിവരുന്ന കേന്ദ്ര-സംസ്ഥാന ഭരണസംവിധാനത്തിന് നേതൃത്വം നല്‍കുന്നവര്‍ ഈ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയെ പന്താടുകയാണ് എന്ന തോന്നല്‍ ജനങ്ങളില്‍ സജീവമാണ്.

Related News