Friday
22 Feb 2019

ഓഖി ദുരന്ത ബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി

By: Web Desk | Thursday 6 December 2018 7:30 PM IST

കൊച്ചി: ഓഖി ദുരന്ത ബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശീതകാലസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സഭയുടെ സാമൂഹികക്ഷേമ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ചിലവാക്കിയ തുകയും യോഗം വിലയിരുത്തി. ജൂണ്‍ മാസത്തോടുകൂടി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് കരുതുന്നതായി അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കന്യാകുമാരി ജില്ലകളിലെ   തിരഞ്ഞെടുക്കപ്പെട്ട ദുരന്ത ബാധിതര്‍ക്കാണ് സഭ സഹായ ഹസ്തം നല്‍്കുന്നത്്. 400 ഓളം കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണം, വരുമാനവര്‍ധന പദ്ധതികള്‍, ശൗചാലയം എന്നിവ കേരള കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ നല്‍കും. യോഗത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുഴുവനായും നടപ്പിലാക്കാത്തതിലുള്ള നിരാശ മെത്രാന്‍ സമിതി രേഖപ്പെടുത്തി. ഓഖി പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ 13,18,09,641 രൂപ സഭ ചെലവഴിച്ചു. ഇതില്‍ 5,18,09,641 രൂപ കെസിബിസി സമാഹരിച്ചതാണ്. ഓഖി പുനരധിവാസത്തിനായി സര്‍ക്കാര്‍ സമാഹരിച്ച തുക വകമാറ്റിവിട്ടില്ല എന്നറിയുന്നത്് ആശ്വാസകരമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കാര്യമായി ഒന്നും നടക്കുന്നില്ല എന്നത് വേദനാജനകമാണെന്നും യോഗം വിലയിരുത്തി.കത്തോലിക്ക സഭയുടെ ദുരിത ബാധിതര്‍ക്കായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്  പിഒസിയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവുമാണ് നേതൃത്വം നല്കുന്നത്. ഈ നൂറ്റാണ്ടില്‍ കേരളം നേരിട്ട മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ പുനരുദ്ധാനത്തിനായി  കേരള കത്തോലിക്ക മെത്രാന്‍ സമിതി ആവിഷ്‌കരിച്ച പരിപാടികളുടെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്് കത്തോലിക്ക ബാവ യോഗത്തില്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് സൂസ പാക്യം അധ്യക്ഷത വഹിച്ചു. സിബിസിഐ യുടെ സാമൂഹിക വികസന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയും കെസിബിസി യും സംയുക്തമായാണ് പ്രളയപുരനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 32 രൂപതകളിലായി 2620 പുതിയ വീടുകളും ഭാഗികമായി തകര്‍ന്ന 6630 വീടുകളും  4226 ശൗചാലയങ്ങളും 4744 കിണറുകളൂടെ പുനര്‍നിര്‍മ്മാണവും നടത്തും. 31851 കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനായി വരുമാനവര്‍ധന പദ്ധതികളും യോഗത്തില്‍ പ്രഖ്യാപിച്ചു. വിവിധ രൂപതകളുടെയും സന്ന്യാസസഭകളുടെയും സഹകരണത്തോടെ 36.5 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്കായി സമാഹാരിച്ചു നല്‍കുവാന്‍ സഭയ്ക്ക് കഴിഞ്ഞതായി യോഗം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയ മല്‍സ്യ ത്തൊഴിലാളികള്‍ക്ക് കേരള കത്തോലിക്ക സഭയുടെ ആദരവ് സമര്‍പ്പിച്ചു. ദുരിതാശ്വാസ നടത്തിപ്പിനും ക്യാംപുകളുടെ നടത്തിപ്പിനും അവരുടെ തുടര്‍ന്നുളള അതിജീവനത്തിനുമായി കേരള കത്തോലിക്കാ സഭ 164 കോടി പ്രഥമഘട്ടത്തില്‍ ചെലവഴിക്കുകയുണ്ടായി. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുമായി കൈക്കോര്‍ത്തുകൊണ്ടാണ് സഭയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ് കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി,  ഫാ. ജോളി പുത്തന്‍പുര, ഫാ. വര്‍ഗ്ഗീസ് വളളിക്കട്ട്, ഫാ. ജോര്‍ജ്ജ് വെട്ടികാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Related News