വാർധക്യം ഒടുക്കമല്ല, തുടക്കമാവട്ടെ

Web Desk
Posted on November 08, 2019, 10:14 pm

വഗണിച്ച് കൊണ്ടുള്ള, പദ്ധതികളും, ആസൂത്രണങ്ങളും, മനുഷ്യശേഷിയുടെ വൻനിരാസത്തിലാണെത്തുക. മുമ്പൊക്കെ അമ്പതോ, അറുപതോ ആയാൽ അവരെ പാർശ്വവൽക്കരിക്കുകയാണ് പതിവ്. ഒന്നും ചെയ്യാനില്ല. വല്ല പെൻഷനും കിട്ടാനുള്ളവരാണെങ്കിൽ, വലിയ ആശ്രിതത്വമില്ലാതെ, ഒതുങ്ങിക്കൂടാം. നിഷ്ക്രിയത്വത്തിന്റെ പരമ ബോറടി സഹിച്ച് കഴിയാം. എന്നാൽ ഇന്ന് അങ്ങനെയല്ല. അറുപതു കഴിഞ്ഞവർക്കും മോശമല്ലാതെ ഉല്പാദനക്ഷമമായ പണികൾ ചെ­യ്ത്, ഉപയോഗപ്രദമായും സജീവമായും ജീവിയ്ക്കാം. പ്രധാനകാരണം, പിരിഞ്ഞവരിൽ വ­ലിയൊരു വിഭാഗം, സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരാണ്. അവർക്ക് കഠിനാധ്വാനമില്ലാതെ, ചെറിയമൂലധനം കൊണ്ട്, പലതരം ലാഭകരമാ­യ പണികളിലും ഏർപ്പെടാനാവും.

ഒരർഥത്തിൽ ‘ഡെമോഗ്രഫിക് ഡിവിഡന്റ്’ എന്നു പറയുന്നതിൽ, ചെറുപ്പക്കാർ മാത്രമല്ല, ഈ വിഭാഗത്തിൽ പെടുന്നവരും പെടും. മനുഷ്യശേഷിയുടെ അവസാനത്തെ ഔൺസ് വ­രെ ഉൽപാദന ക്ഷമതയോടെ ഉപയോഗിക്കുക എന്നതാണല്ലോ ലക്ഷ്യം. വയസാവുന്ന ജനസംഖ്യയെ എങ്ങനെ ഉപയോഗിക്കാം എന്നു മാത്രമല്ല, അതിനും അവസ്ഥയില്ലാത്തവർക്ക് സാമൂഹിക സുരക്ഷ നൽകി, എങ്ങനെ ജീവിതം, അവസാന ഘട്ടത്തിൽ, സമാധാനപൂർണമാക്കാം. എന്നും ആസൂത്രണം ചെയ്യേണ്ടത് ഒരു സർക്കാരിന്റെ കടമയാണ്. സാമ്പത്തിക ശേഷിയില്ലാത്തവർക്കും, വാർധക്യ ത്തിൽ, സമാധാനം നൽകേണ്ടത്, ഒരു സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. അതിനായി ബജറ്റിൽ പണം നീക്കിവയ്ക്കുക മാത്രമല്ല, വിശദമായ ആക്ഷൻപ്ലാൻ ഉണ്ടാക്കുകയും വേണം. ‘ഏജിങ് പോപ്പുലേഷൻ’ ഒരു ബാധ്യതയല്ല, ഉത്തവാദിത്തമാണ് എന്നതാവണം നയം.

വാർധക്യം കൃത്യമായി നിർവഹിക്കാനാവില്ല. സാമൂഹിക സാമ്പത്തിക വികസനം, വ്യാവസായിക മുന്നേറ്റം, ആരോഗ്യപരിപാലനം തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് വാർധക്യം എന്ന അവസ്ഥ നിർണ്ണയിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് അമ്പതുവയസിനു മുമ്പുതന്നെ ഗ്രാമത്തിലെ മുതിർന്നവർ, ഊന്നുവടി, മേൽമുണ്ട് തുടങ്ങിയ വാർധക്യ ലക്ഷണങ്ങളോടെയാണ് ജീവിച്ചിരുന്നത്. ചില്ലറ അസുഖങ്ങൾ പോലും ചികിത്സയില്ലാതെ, നേരത്തെ തന്നെ മൂർച്ഛിച്ചിരുന്നു. ഇന്ന് ആ അവസ്ഥ കുറേ മാറി. താരതമ്യേന ഭേദപ്പെട്ട സാമ്പത്തികശേഷി നാട്ടിൻപുറത്തു പോലുമുള്ള ചികിത്സാകേന്ദ്രങ്ങൾ, തുടങ്ങിയവ കാരണം ഏതാണ്ട് എഴുപതുവയസുവരെപോലും, വാർധക്യമെന്ന അവസ്ഥയില്ലാതെ കഴിയാം.

ആയുർദൈർഘ്യം, മെച്ചപ്പെട്ട ചികിത്സ, ജനനനിരക്കിലെ കുറവ് തുടങ്ങിയവ കാരണം, വൃദ്ധ ജനങ്ങളുടെ എണ്ണം, ഇന്ത്യയിൽ വളരെ അധികമാണ്. 2030 ആവുമ്പോഴേക്കും വൃദ്ധർ ഏതാണ്ട് 140 കോടിയുണ്ടാവും. പതിനഞ്ചുവയസിൽ കുറവുള്ള കുട്ടികളെക്കാൾ അധികമാവുമിത്. അതായത് നമ്മുടെ ഡെമോഗ്രഫിക് ഘടന തന്നെ മെല്ലെമാറുകയാണ്. ഉൽപാദനശേഷിയുള്ള ജനതയെക്കാൾ, ആശ്രിതർ അധികമുണ്ടാവുമെന്നർഥം. 2050 ആവുമ്പോഴേയ്ക്കും യുവജനങ്ങളെക്കാളുമധികം വൃദ്ധരായിരിക്കും. ഓരോ ഇരുപതുവർഷത്തിലും വൃദ്ധരുടെ എണ്ണം ഇരട്ടിയാവുന്നു എന്നാണ് ജനസംഖ്യാപഠനങ്ങൾ പറയുന്നത്. മൊത്തം ജനസംഖ്യയിൽ വൃദ്ധരുടെ തോത് ഓരോ സ്റ്റേറ്റിലും ഓരോമാതിരിയാണ്. കേരളത്തിൽ അത് 12.6 ശതമാനമാണ്. വിദ്യാഭ്യാസം, സാമൂഹിക‑സാമ്പത്തി­ക വികസനം, ലിംഗസമത്വം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ഇതിനു പിന്നിലുണ്ട്. ദേ­ശീയ ശരാശരി ഇത് 8.6 ശതമാനം മാത്രമാണ്. ശ്രദ്ധേയമായൊരു സംഗതികൂടിയുണ്ട്. 2005 നും 2050നുമിടയിൽ വർക്കിംഗ് ജനസംഖ്യ അഞ്ച് ശതമാനം മാത്രം വർധിയ്ക്കുമ്പോൾ വൃദ്ധരുടെ വർധന 13 ശതമാനം ആവും.

പൊതു വികസനനയം, സാമൂഹിക ക്ഷേമപരിപാടികൾ എന്നിവ പ്ലാൻ ചെയ്യുമ്പോൾ ജനസംഖ്യയുടെ ഘടനയിൽ വരുന്ന ഈ മാറ്റം ശ്രദ്ധേയമാണ്. ഓരോ വിഭാഗത്തെയും, പ്രത്യേകം ബാധിക്കുന്നതരത്തിലുള്ള നയവൈവിധ്യം ആവശ്യമാണ്. വാർധക്യം, ബാല്യം പോലെതന്നെ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെടുന്നതാണ്. പൊതുവായ ക്ഷേമപദ്ധതികളും, നീക്കിയിരുപ്പും മാത്രം കൊണ്ട് ഇതിനെ അഭിമുഖീകരിയ്ക്കാനാവില്ല. പുതിയ തലമുറ ജോലിതേടി നഗരങ്ങളിലെത്തുമ്പോൾ, ഗ്രാമങ്ങളിൽ ഒറ്റയ്ക്കും, വൃദ്ധദമ്പതികൾ മാത്രമായും താമസിക്കുന്ന ജനസംഖ്യ വർദ്ധിച്ചു വരുന്നതായി, ചില ഡെമോഗ്രഫിക് പഠനങ്ങൾ പറയുന്നു. പാരമ്പ­ര്യ കൂട്ടുകുടുംബവ്യവസ്ഥ ഗ്രാമങ്ങളിലും ഇല്ലാതായതോടെ, വൃദ്ധരുടെ ഒറ്റപ്പെടൽ അധികമായിട്ടുണ്ട്. കാർഷിക വ്യവസ്ഥയുടെ തകർച്ചയും ഇതിനൊരു കാരണമാണ്. രണ്ടാം തലമുറ കൃഷിയിടങ്ങൾ വിട്ട്, ജോലിയ്ക്കായി നഗരങ്ങളിലെത്തിയതോടെ പാരമ്പര്യ കൂട്ടുകുടുംബങ്ങൾ ഏതാണ്ട് ഇല്ലാതായി. ഗ്രാമങ്ങളിൽ പോലും ഒറ്റപ്പെട്ടു താമസിക്കുന്ന വൃദ്ധദമ്പതികൾ അനുഭവിയ്ക്കുന്ന അരക്ഷിതാവസ്ഥ ഏറിവരുന്നു.

സാമ്പത്തിക വളർച്ചയും, സാമൂഹിക പരിണാമങ്ങളും സംഭവിക്കുമ്പോൾ ഉണ്ടാകാവുന്ന അവസ്ഥയാണിത്. ഈ പരിവർത്തനത്തിന്റെ സ്വഭാവം അതറിഞ്ഞുവേണം പൊതുനയങ്ങൾ രൂപീകരിയ്ക്കാൻ. ആയാസരഹിതമായ വാർധക്യം എന്നത്, സാമ്പത്തിക ഐക്യത്തിന്റെ മാത്രം പ്രശ്നമല്ല. മക്കൾ ജോലിയുമായി നഗരങ്ങളിലെത്തുന്നതോടെ, മിക്കപ്പോഴും രക്ഷിതാക്കളും അങ്ങോട്ടു ചേക്കേറും. തീർത്തും അപര്യാപ്തമായ ഭൗതിക സാഹചര്യത്തിലാണ് അവരവിടെ താമസിയ്ക്കേണ്ടി വരിക. അത്യാവശ്യം വേണ്ട സൗകര്യങ്ങൾ പോലും ഇല്ലാത്ത ഒരു പാട് കുടുംബങ്ങളുണ്ട്. രോഗം വന്നു കിടപ്പിലാവുന്നതോടെ പ്രശ്നങ്ങൾ കൂടുന്നു. അല്ലാത്ത വൃദ്ധരിൽ വലിയൊരു ശതമാനം ഡിപ്രഷൻ അനുഭവിയ്ക്കുന്നു. പലർക്കും ഒറ്റയ്ക്കിരുന്ന് പഴയകാല പ്രതാപങ്ങൾ ഓർക്കലാണ് പ്രധാനജോലി. ഇന്ത്യയിൽ നടത്തിയ ഒരു പഠനപ്രകാരം 26.3 ശതമാനം വൃദ്ധർ സാമ്പത്തികമായി ആശ്രിതത്വമില്ലാത്തവരാണ്. 20. 3 ശതമാനം ഭാഗികമായി മക്കളെ ആശ്രയിക്കുമ്പോൾ, 53.4 ശതമാനവും പരാശ്രയത്തിലാണ്. കേരളത്തിലെ ഇപ്പോഴത്തെ വൃദ്ധരിൽ വലിയൊരു ശതമാനം സ്വന്തമായ സമ്പാദ്യവും, പെൻഷനും ഉള്ളവരാണ്. അത്രയും ആശ്രിതത്വം കുറവാണ്.

വാർധക്യകാല പെൻഷൻ, വൃദ്ധരോട് ചെയ്യാവുന്ന ഒരു നല്ല കാര്യമാണ്. മെഡിക്കൽ സെക്യൂരിറ്റി, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയും ഇതോട് ചേർന്നു പോകേണ്ടതുണ്ട്. പ്രധാന കാരണം കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ചയും തുടർന്നുള്ള, വയോജനങ്ങളുടെ അരക്ഷിതാബോധവുമാണ്. സാമ്പത്തിക സ്വാസ്ഥ്യമുള്ളവർക്കിടയിലും വ്യാപകമായ ഈ അരക്ഷിതാബോധമുണ്ട്. അത് പലരെയും വയസുകാലത്ത് ഡിപ്രഷനിലെത്തിയ്ക്കുന്നതായി പഠനങ്ങ­­ൾ പറയുന്നു. അവർക്കു മാനസികാരോഗ്യത്തിനായുള്ള കേന്ദ്രങ്ങളും വയോജനങ്ങൾക്കുള്ള സമ്പർക്ക കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഉണ്ടാക്കുന്നത്, നന്നാവും. പല സ്റ്റേറ്റുകളിലും വൃദ്ധജനങ്ങൾക്കുള്ള സ­ഹായം വളരെ നിസാരമാണ്. ഏഴ് സ്റ്റേറ്റുകൾ ഇ­തിനായി ബജറ്റിൽ പൂജ്യം സംഖ്യയാണ് നീക്കിവച്ചത്. ഇന്ത്യയിലെ തന്നെ സ്റ്റേറ്റുകളിൽ, ഇവരോടുള്ള സഹായ സമീപനത്തിൽ വലിയവ്യത്യാസമുണ്ട്. ചില സ്റ്റേറ്റുകളിൽ തീർത്തും അ­വഗണനയുമുണ്ടെന്നാണ്, ഈയടുത്ത് പ്രസിദ്ധം ചെയ്ത ഒരു റിപ്പോർട്ട് പറയുന്നത്.

അന്യനാടുകളിലും ഓൾഡ് ഏജ് സെക്യൂരിറ്റി പദ്ധതികളുണ്ട്. പ്രതിശീർഷവരുമാനം ഇന്ത്യയെക്കാൾ കുറവായ നേപ്പാളിൽ, ഇന്ത്യയിലുള്ളതിലും ഉയർന്ന ക്ഷേമപദ്ധതികൾ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്നു. ആരോഗ്യകരമായ വാർധക്യം, ജനസംഖ്യയുടെ പൊതു ഗുണനിലവാരം സംരക്ഷിക്കുന്നതിലും പ്രധാന പങ്കുവഹിയ്ക്കുന്നുണ്ട്. മുതിർന്നവർക്ക് ചില സമാന്തര തൊഴിൽ സാധ്യതകളുണ്ടാക്കി, അവർക്ക് ‘ആക്ടിവ് ഏജിങ്‍’ ഉറപ്പുവരുത്തുക എന്ന ആശയം പ്രബലമായിട്ടുണ്ട്. മുതിർന്നവരിൽ വലിയൊരു ശതമാനം, മുമ്പ് പലതരം ഉൽപാദന ക്ഷമമായ ജോലികൾ ചെയ്തവരാണ്. പെട്ടെന്ന് അവർ ഉപയോഗശൂന്യരാവുന്നില്ല. ആരോഗ്യത്തിനനുസരിച്ച്, പല സേവനങ്ങളിലും ചെന്നെത്താനും സാമൂഹിക സമ്പർക്കത്തിലൂടെ ദൃഢമായൊരു ജീവിതം നയിക്കാനും വഴിയൊരുക്കണം.

വാർധക്യം അവസാനമല്ല, മറ്റൊരു തുടക്കമാണ്.