തൃശ്ശൂര്‍: നീണ്ട ഇരുപത് വർഷത്തെ പ്രണയത്തിനൊടുവിൽ കൊച്ചനിയനും ലക്ഷിയമ്മാളിനും ഇന്ന് പ്രണയ സാഫല്യം. രാമവര്‍മപുരം ഗവ. വൃദ്ധസദനത്തില്‍ ഇന്ന് ചരിത്ര നിമിഷമാണ് അരങ്ങേറിയത്. അറുപത്തിയേഴ് വയസ്സുള്ള കൊച്ചനിയൻ അറുപത്തിയാറു വയസ്സുള്ള ലക്ഷ്മിയമ്മാളിന്റെ കഴുത്തിൽ താലി ചാർത്തി. കല്യാണത്തിന്റെ ആവേശം ഇന്നലെതന്നെ തുടങ്ങിയിരുന്നു. മൈലാഞ്ചി കല്യാണം അന്തേവാസികള്‍ ഗംഭീരമായി നടത്തി. എല്ലാവരും ഒത്തുചേര്‍ന്ന് മൈലാഞ്ചി അണിയിച്ച് ലക്ഷ്മിയമ്മളിനെ വധുവാക്കി. കല്യാണച്ചെക്കനും അണിഞ്ഞൊരുങ്ങി മണവാളനായെത്തി. അന്തേവാസികള്‍ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താല്‍ വാങ്ങിയ താലിമാലയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ലക്ഷ്മിയമ്മാളിനെ ചാർത്തിയത്.
സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാര്‍ ഒന്നിക്കുന്ന കേരളത്തിലെ ആദ്യ വിവാഹമാണ് ഇന്ന് രാമവർമപുരം ഗവൺമെന്റ് വൃദ്ധസദനത്തിൽ നടന്നത്. തൃശൂര്‍ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ പതിനാറാം വയസില്‍ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യര്‍ സ്വാമിയായിരുന്നു ഭര്‍ത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ നാഗസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയന്‍. ദിവസും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്വാമിയേയും ലക്ഷ്മിയമ്മാളിനെയും കൊച്ചനിയന്‍ കാണാറുണ്ട്. സൗഹൃദത്തെതുടര്‍ന്ന് പിന്നീട് നാഗസ്വരം വായനനിര്‍ത്തി കൊച്ചനിയന്‍ സ്വാമിയുടെ പാചകസഹായിയായിമാറി.
20വര്‍ഷം മുമ്പ് കൃഷ്ണസ്വാമി മരണപ്പെട്ടു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്ബ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷംമുമ്ബാണ് ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തിയത്. കൊച്ചനിയന്‍ അമ്മാളെ കാണനെത്താറുണ്ടായിരുന്നു. തന്നെ കണ്ട് മടങ്ങുമ്പോൾ കൊച്ചനിയന്റെ കണ്ണുകൾ നിറഞ്ഞാെഴുകാറുള്ളത് ലക്ഷ്മിയമ്മാളും ശ്രദ്ധിക്കാറുണ്ടായുന്നു. ഇതിനിടയിൽ വഴിയില്‍ കുഴഞ്ഞ് വീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി എങ്കിലും രാമവർമ്മപുരത്തേയ്ക്ക് എത്താൻ നിരന്തരം ആവശ്യപ്പെട്ടതോടെ ഇങ്ങോട്ടേയ്ക്ക് മാറ്റുകയായിരുന്നു.
’ സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും പ്രത്യേകം മുറി നല്‍കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്, ’ സൂപ്രണ്ട് വി.ജി. ജയകുമാര്‍ വ്യക്തമാക്കി. വിവാഹത്തില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍,എംപി. ടി.എന്‍ പ്രതാപന്‍, ജില്ലാ വകുപ്പ് മേധാവികള്‍, പൗരപ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.