മദ്ധ്യവയസ്ക്കന് നേരെ മുഖംമൂടി ആക്രമണം

Web Desk
Posted on October 29, 2019, 5:41 pm

മാനന്തവാടി: മദ്ധ്യവയസ്ക്കന് നേരെ മുഖം മൂടി ആക്രമണം. വെള്ളമുണ്ട കോക്കടവ് പൊണ്ണൻ മമ്മൂട്ടി (50)ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മമ്മൂട്ടിയെ മാനന്തവാടി ജില്ലാ ആസ്പത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച രാത്രി 8.30 മണിയോടെ കോക്കടവ് എല്‍പി സ്കൂളിനു സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്.

രാത്രി എട്ടരയ്ക്ക് കോക്കടവ് ജുമാ മസ്ജിദില്‍ നിന്ന് നിസ്കാരം കഴിഞ്ഞ് പോവുകയായിരുന്ന മമ്മൂട്ടിയെ റോഡില്‍ നിന്നും വയലിലേക്ക് വലിച്ചു കൊണ്ടുപോയി കാപ്പിവടികളും മറ്റുമുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മമ്മൂട്ടിയുടെ നിലവിളികേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും മുഖംമൂടി ധരിച്ച രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കഞ്ചാവു ലോബിയടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.