വൃദ്ധയെ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം: നാലുപേര്‍ അറസ്റ്റില്‍

Web Desk
Posted on February 01, 2018, 7:34 pm

പെരിയ: ആയംപാറ ചെക്കിപ്പാറയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പൊലീസ് പിടികൂടി. പ്രതികളുടെ അറസ്റ്റ് ഇന്ന് ഉത്തരമേഖലാ ഐജി മഹിപാല്‍യാദവ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തും. ചെക്കിപ്പാറയിലെ സുബൈദ(60)യെയാണ് കഴിഞ്ഞ 19ന് ഉച്ചയ്ക്ക് വീട്ടില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയ  നിലയില്‍ കണ്ടെത്തിയത്. പടല്‍ പെരിയ സ്വദേശികളായ നാലുപേരാണ് പിടിയിലുള്ളത്. പട്‌ലയിലെ അസീസ്(21), സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (38) എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മാന്യ കുഞ്ചാര്‍ സ്വദേശികളായ മറ്റു രണ്ടുപേരുമാണ് പൊലീസിന്റെ വലയിലുള്ളത്. വീട്ടില്‍ നിന്ന് കവര്‍ന്ന ആറരപ്പവന്‍ സ്വര്‍ണാഭരണം പൊലീസ് കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെള്ളനിറമുള്ള കാറിലാണ് പ്രതികള്‍ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെളുത്ത കാറുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചത്. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ആഭരണങ്ങള്‍ കൈക്കലാക്കി ഊടുവഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു. സുബൈദയുടെ വീടിന്റെ താക്കോല്‍ ഒരു പുഴയില്‍ ഉപേക്ഷിച്ചതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സുബൈദയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വളര്‍ത്തുമക്കളടക്കം നിരവധി പേര്‍ കഴിഞ്ഞ 17 മുതല്‍ 19 വരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് ബന്ധുവായ ഒരാള്‍ വീട്ടിലെത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകമറിഞ്ഞത്. അടുക്കള ഭാഗത്തെ വാതില്‍ അകത്ത് നിന്നും മുന്‍ഭാഗത്തെ വാതില്‍ പുറത്തുനിന്നും പുട്ടിയ നിലയിലായിരുന്നു. വീട്ടുമുറ്റത്ത് വച്ച് സുബൈദയെ ഫോണില്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. ഇതോടെ സംശയം തോന്നുകയും ബേക്കല്‍ പൊലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലിസെത്തി അടുക്കള ഭാഗത്തെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകടന്നപ്പോഴാണ് സുബൈദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ധരിക്കുന്ന പര്‍ദ്ദ കീറി കൈകാലുകളും മുഖവും മൂക്കും വായയും കെട്ടി ചെരിഞ്ഞ് കിടന്ന നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ രണ്ട് ദിവസം മുമ്പാണ് കൊല നടത്തിയതെന്നാണ് സ്ഥിരീകരിച്ചത്. ഐജി മഹിപാല്‍ യാദവ്, ജില്ലാ പൊലിസ് ചീഫ് കെ ജി സൈമണ്‍, ഡിവൈഎസ്പിമാരായ കെ ദാമോദരന്‍, പി അസിനാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം തയ്യാറാക്കി വച്ച നിലയിലും കാണപ്പെട്ടു. ഇതില്‍ ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തില്‍ പകുതി കുടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ കോളുകളുടെ പരിശോധന നടത്തിയാണ് പ്രതികളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. 17ന് വൈകിട്ട് മൂന്നിന് വീട്ടിലെത്തിയ കാറിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ സഹായകമായത്. അന്ന് 3.02ന് ഫോണിലേക്ക് വന്ന സര്‍വീസ് മെസേജ് നിര്‍ണായകമായ തെളിവായി. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ രാവിലെ കാസര്‍കോടിന് സമീപം വച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്തിയതിന് പിന്നില്‍ കവര്‍ച്ച മാത്രമാണെന്നാണ് പോലിസ് പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതികളിലൊരാളുടെ നേതൃത്വത്തിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് സംശയിക്കുന്നതെന്ന് പോലിസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ അസീസ് 2011ല്‍ കര്‍ണാടക പൂഞ്ചാര്‍കട്ട തണ്ണീര്‍പന്ത ഗ്രാമത്തിലെ ഖദീജുമ്മയെ(35) കഴുത്ത് ഞെരിച്ച് കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ്. അസീസിന്റെ രണ്ട് സഹോദരിമാരും കേസില്‍ പ്രതിയാണ്. ഒരു സഹോദരിയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ഖദീജുമ്മയാണ് കൊല്ലപ്പെട്ടത്. പിന്നീട് കാസര്‍കോട്ടേക്ക് താമസം മാറിയ അസീസ് കോണ്‍ക്രീറ്റ് പണിക്കാരനായും മറ്റും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. ബ്രൗണ്‍ ഷുഗറും കഞ്ചാവും ഉപയോഗിക്കുന്ന സംഘം ഒത്തു കൂടിയതോടെ പണത്തിനായി കവര്‍ച്ചക്ക് പദ്ധതിയിടുകയായിരുന്നു.
പെരിയയിലെ പലസ്ഥലങ്ങളിലും അസീസ് കോണ്‍ക്രീറ്റ് ജോലിക്കെത്തിയിരുന്നു. അവിടെ ആള്‍താമസമില്ലാത്ത ഒരു വീട് കണ്ടുവെച്ച അസീസ് വിവരം മറ്റ് മൂന്നു പേരോട് പറഞ്ഞു. വാടകക്കെടുത്ത വെള്ള ഹ്യുണ്ടായി ഐ20 കാറിലാണ് വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേന നാലുപേരും ആയംപാറയിലെത്തിയത്. അതുവഴി വന്ന സുബൈദ ഇവരുമായി സംസാരിച്ചു.

കഴുത്തിലും കയ്യിലും ആഭരണങ്ങള്‍ കണ്ട സംഘം പിറ്റേന്ന് തന്നെ ഇവ തട്ടിയെടുക്കാനായി തന്ത്രം മെനഞ്ഞു. ജില്ലാ പോലിസ് ചീഫ് കെ ജി സൈമണ്‍, ഡിവൈഎസ് പി കെ ദാമോദരന്‍, സിഐമാരായ സി കെ സുനില്‍കുമാര്‍, വി കെ വിശ്വംഭരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതികളെ ചോദ്യം ചെയ്തുവരുന്നു.