ഒളിമായാ മഴവില്ല്

Web Desk
Posted on March 17, 2019, 8:59 am

വിജയ് സി എച്ച്

‘ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ…’
‘ഒകെ നിര്‍ത്തി…’
‘ശരിക്കും വലി നിര്‍ത്തിയോ?’
‘ഉും, ഉും…, ഉമ്മ നിര്‍ത്തി…’
നിത്യ പ്രണയിനി ദേവിയില്‍ നിന്നും പതിവായുള്ള ഉമ്മകള്‍ കിട്ടിയില്ലെങ്കിലും പുകവലി നിര്‍ത്താനൊക്കില്ലെന്ന് ബിനീഷ്! ദേവിയുമായി അസ്ഥിയില്‍ പിടിച്ച ഇഷ്ടം, വലിച്ച് ‘തീവണ്ടി’ പോലെ പുക വിടുന്നത് എവിടെ പിടിച്ച ഇഷ്ടമാണെന്ന് ഒരു പിടിയുമില്ല!
”ജീവാംശമായ് താനേ നീ എന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ.….…”
മെലഡിക്ക് ഇതാ പുതിയ നിര്‍വചനം! കെ എസ് ഹരിശങ്കറും, ശ്രേയാ ഘോഷാലും, കൈലാസ് മേനോന്റെ സംഗീത സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്നത് ഇതുവരെ നാം നുണയാത്തൊരു ശ്രുതിമാധുര്യം.

hari

ശ്രവണസുഖദമായ വരികള്‍. നിള പോലെയൊഴുകണം ഇമ്പമുള്ള പദങ്ങള്‍! ആ വരികള്‍ ബി കെ ഹരിനാരായണന്‍ എന്ന നമ്മുടെ സ്വന്തം ഹരി എഴുതിയാലോ? മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ഇങ്ങു പോരും ഇല്ലത്തേക്ക്! കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഒരുപക്ഷെ ഏറ്റവും പുതുമയുള്ളത് ഹരിക്കു ലഭിച്ച അവാര്‍ഡായിരിക്കും! കാരണം, ചെറുപ്പക്കാര്‍ക്ക് കിട്ടാന്‍ സാധ്യതയുള്ളതൊന്നല്ല എഴുത്തിലെ മികവിനുള്ള പാരിതോഷികങ്ങള്‍! ചരിത്രം നോക്കിയാല്‍, വയലാറും, ഭാസ്‌കരന്‍ മാഷും, ഒഎന്‍വി സാറും, കാവാലം സാറും, തമ്പി സാറും, കൈതപ്രവും, പുത്തഞ്ചേരിയും, അതല്ല ഏറ്റവും പ്രായം കുറഞ്ഞ കവിയാണെങ്കില്‍ റഫീക്ക് അഹമ്മദ് വരെയുള്ളവരൊക്കെയായിരുന്നു ഗാനരചനക്കുള്ള പുരസ്‌കാരത്തിനു പത്ഥ്യം.
ഹരി ഇതുവരെ വിവാഹിതന്‍ പോലുമല്ല. പക്ഷെ, പലരുടേയും വിവാഹം നടത്തിയിട്ടുണ്ട്, അല്ലേ, ഹരീ?
‘അതെ, വിജയേട്ടാ…’
‘ഇതുവരെ മൊത്തം എത്ര വിവാഹങ്ങള്‍ക്ക് ആചാര്യന്‍ ആയിട്ടുണ്ട്?
‘അഞ്ഞുറിനു മേലെ കാണും.’
ഹരി ഒരു വേദ പുരോഹിതന്‍…

hari‘അതെ, നാടന്‍ ഭാഷയില്‍ ‘ഓതിക്കന്‍’ എന്നു പറയും.
‘വേളി കൂടാതെ, മറ്റെന്തല്ലാമാണ് ഓതിക്കന്റെ പരിധിയില്‍ പെടുന്നത്?
‘ജാത കര്‍മ്മം, നാമകരണം, അന്നപ്രാശം, ഉപനയനം, മരണാനന്തര ക്രിയ, ശ്രാദ്ധം…’
‘ഓതിക്കന്‍ പദവിയില്‍ എത്ര കാലമായി?
‘ഒമ്പതാം ക്ലാസ്സു മുതല്‍.’
‘ക്ഷേത്രങ്ങളിലെ പൂജ…?
‘അത്, അച്ഛനും ചെറിയച്ഛന്മാരുമൊക്കെയാണ് ചെയ്യുന്നത്.’
‘ഹരി ഇങ്ങനെ മന്ത്രോം, പൂജേം മാത്രം ആയിട്ട് നടന്നാ മത്യോ?, അമ്മേ…’ ഞാന്‍ ഹരിയുടെ അമ്മയോടു ചോദിച്ചു.
‘എന്തേ?’ ഭവാനി അന്തര്‍ജനം.
‘അല്ലാ, ഹരിക്ക് ഒരു കാര്യം നോക്കണ്ടേ, അമ്മേ…’
‘വേണം, വേണം,’ അന്തര്‍ജ്ജനം ഉറപ്പിച്ചു പറഞ്ഞു.
‘ആ നിയോഗം വന്നില്ല, അതുകൊണ്ടാ ഇതുവരെ ഒന്നും ശരിയായില്ല്യ…’
‘ഇനി താമസം ഉണ്ടാവില്ല്യ, അമ്മേ… ഹരിയെ ഇപ്പോള്‍ അറിയാത്ത മലയാളികള്‍ ഉണ്ടാവുമോ? ഹരിയുടെ ആ ഓമനത്തം തുളുമ്പുന്ന മുഖോം, മധുരിക്കുന്ന ചിരിയും കണ്ടിട്ട്, കൊറേ കുട്ട്യോള് നോട്ടോം ഇട്ടിട്ടുണ്ടാവും…’
‘ഹാ… ഹാ…’

‘അല്ല, അമ്മേ, ഒരു കാര്യം ചോദിക്കട്ടെ…?
‘ചോദിക്കൂ…’
‘ഒരു തമ്പുരാട്ടിക്കുട്ടി തന്നെ വേണോ, അമ്മേ…?’
‘അങ്ങിനെ ആയാല്‍ നന്നായി.’ അന്തര്‍ജനം ഇഷ്ടം അറിയിച്ചു.
‘എനിക്ക് അങ്ങിനെ ഒന്നും ഇല്ല്യ, വിജയേട്ടാ…,’ ഹരി ഇടപെട്ടു.
‘ഒരു നല്ല കുട്ടി ആയാല്‍ മതീന്ന് മാത്രം.’

”മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍
ദിനം കാത്തുവയ്ക്കാം അണയാതെ നിന്നെ ഞാന്‍…
ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാന്‍
ഇഴചേര്‍ത്തു വെച്ചിടാം വിലോലമായ്…
ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ…
നിറമേഴിന്‍ ചിരിയോടെ ഒളി മായാ മഴവില്ലായ്
ഇനിയെന്‍ വാനില്‍ തിളങ്ങി നീയേ…”

ഹരീ, ആ കുട്ടി ഭാഗ്യമുള്ളവളായിരിക്കും!
‘ഏതു കുട്ടി, വിജയേട്ടാ…?’
‘തീവണ്ടീ‘ലെ കുട്ടിടെ കാര്യല്ല പറഞ്ഞത്, ഹരീ…’
‘പിന്നെ?’
‘അമ്മി മെതിച്ച്, അരുന്ധതി നോക്കി, കുടിവെപ്പ് നടത്തി, ഭട്ടിയില്‍ കുഴിയാംകുന്നത്ത് മനയില്‍ എത്താനിരിക്കുന്ന ആ തമ്പുരാട്ടിക്കുട്ടിയെക്കുറിച്ചാണ്… ഉള്ളില്‍ കുളിരുകോരുന്ന വരികളെഴുതി, സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ ഒരു യുവ കവിയുടെ ഭാവി വധുവിനെക്കുറിച്ച്…’
‘ഹാ… ഹാ…’

hari

”ആരാരും കാണാ മനസ്സിന്‍
ചിറകിലൊളിച്ച മോഹം
പൊന്‍പീലിയായി വളര്‍ന്നിതാ…
മഴ പോലെയെന്നില്‍ പൊഴിയുന്നു
നേര്‍ത്ത വെയിലായ് വന്നു മിഴിയില്‍
തൊടുന്നു പതിവായ് നിന്നനുരാഗം…
ഒരു കാറ്റു പോലെ പുണരുന്നു നെഞ്ചില്‍
നിള പോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ…
ഈ അനുരാഗം…”
അതാ വരുന്നു പോസ്റ്റ്മാന്‍! കയ്യില്‍ ഒരു നീണ്ട, വെള്ള കവര്‍ ഉണ്ട്. എല്ലാവര്‍ക്കും ആകാംക്ഷ. ഹരി അതു വാങ്ങി പൊട്ടിച്ചു വായിച്ചു.
സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അഭിനന്ദനങ്ങളാണ്! ഇനിയും പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ പുരസ്‌കാരം പ്രചോദനമാകട്ടെയെന്നുകൂടി എഴുതി, എ കെ ബാലന്‍ ഒപ്പിട്ടിരിക്കുന്നു.
അമ്പത് വര്‍ഷം മുന്നെ പ്രഥമ ജേതാവായി വയലാര്‍ ഏറ്റുവാങ്ങിയ പുരസ്‌കാരമാണിത്! ഹരി ഈ വിശിഷ്ട ഗാന സാഹിത്യ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണി.
‘നദി’, ‘കടല്‍പ്പാലം’ എന്നീ രണ്ടു പടങ്ങളിലെ പാട്ടുകളാണ് വയലാറിന് അവാര്‍ഡ് നേടികൊടുത്തതെങ്കില്‍, ‘തീവണ്ടി‘യിലേയും ‘ജോസഫി‘ലേയും ഗാനങ്ങള്‍ ഹരിയെ മികച്ച ഗാനരചയിതാവാക്കി, രണ്ടുപേര്‍ക്കും രണ്ടുപടങ്ങളിലെ പാട്ടുകള്‍ക്ക്!
‘ഈ അര നൂറ്റാണ്ടു കാലത്തെ മലയാള സിനിമാ ഗാനങ്ങളുടെ പരിണാമം ഒന്നു വിലയിരുത്താമോ?
‘സാധാരണക്കാരന്റെ സുഖവും ദുഃഖവും, അവര്‍ക്കുള്ള സന്ദേശങ്ങളും വയലാര്‍ ഗാനങ്ങളില്‍ നിറഞ്ഞു നിന്നു. അന്നു നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നായിരുന്നു അദ്ദേഹത്തിനു ഊര്‍ജ്ജം ലഭിച്ചത്.
‘പിന്നീട്, യാഥാര്‍ത്ഥ്യങ്ങളിലും ജീവിത രീതിയിലും അല്‍പ്പം പരിണതിയുണ്ടായി. ഭാസ്‌കരന്‍ മാഷിന്‍ന്റെ വരികള്‍ പരിശോധിച്ചാല്‍ ആ വ്യത്യാസം മനസ്സിലാകും.’
”താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ?
അനുരാഗലഹരിയില്‍ അലിയുമ്പോള്‍ കാണുന്ന
കനകക്കിനാവുകളുണ്ടോ?”
‘ഒഎന്‍വി സാറിന്റെ വരികളില്‍ നാം ദര്‍ശിക്കുന്നത് സമാനതകളില്ലാത്ത കാവ്യ മേന്മയാണ്.’

hari

”ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു…
തരള കപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു…”
‘വേണമെങ്കില്‍ നുള്ളി നോവിക്കാം, പക്ഷെ, ഞാനതു ചെയ്യില്ല… നേരിട്ടു കാണുന്ന കാവ്യഭംഗിക്കപ്പുറം, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു അദ്ധ്യാപകനേയുംകൂടിയാണ് ഈ വരികളില്‍ നമുക്കു ദര്‍ശിക്കാനാകുന്നത്.’
‘ശരിയാണ് ഹരി പറഞ്ഞത്. ഒഎന്‍വി സാറിന്റെ ഇമേജറികള്‍ക്ക് ഒപ്പം നിന്ന് എഴുതാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല്യ.’
”ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ…
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ…”
‘കാവാലം സാറിന്റെ ഫിലോസഫിയാണ്, അല്ലേ, ഹരീ…?’
‘അതെ, വിജയേട്ടാ…’

”കത്തിത്തീര്‍ന്ന പകലിന്റെ പൊട്ടും പൊടിയും ചാര്‍ത്തീ,
ദുഃഖസ്മൃതികളില്‍ നിന്നല്ലോ പുലരി പിറക്കുന്നൂ വീണ്ടും…”

‘എന്നാല്‍, തമ്പി സാറിനെപ്പോലെ പ്രണയ ഗാനങ്ങളെഴുതിയ മറ്റൊരാളില്ല.’

”താരകരൂപിണീ, നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും…
ഏകാന്തചിന്തതന്‍ ചില്ലയില്‍ പൂവിടും
എഴിലംപാലപ്പൂവായിരിക്കും…
താരകരൂപിണീ…”
‘നോക്കു, ഈ ‘താരകരൂപിണീ…’ എന്ന സംബോധന തന്നെ ഭാഷയ്ക്കു തമ്പി സാറിന്റെ സംഭാവനയാണ്! ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ നടന്നിരിക്കുന്നതും തമ്പി സാറിന്റെ പ്രണയ ഗാനങ്ങളെക്കുറിച്ചാണ്.’
‘കൈതപ്രത്തിന്റെയും, ഗിരീഷേട്ടന്റെയും, ശരത്ചന്ദ്ര വര്‍മ്മയുടേയും കാലമെത്തിയപ്പോള്‍ രീതികള്‍ വീണ്ടും മാറി.’

hari‘ബിച്ചു തിരുമലയും, യൂസഫലി കേച്ചേരിയും, രമേശന്‍ നായരും, ഒ വി ഉഷയും, പ്രഭാവര്‍മ്മയും, ഒ എസ് ഉണ്ണികൃഷ്ണന്‍വരെയുള്ളവരും നിസ്തുലമായ സംഭാവനകള്‍ ചെയ്തവരാണ്.’
‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്… റഫീക്ക് ഇക്കയും, ഞാനുമൊക്ക എഴുതുന്നതില്‍, ഭാവനകളിലും അവയുടെ അവതരണ രീതിയിലും സമൂല പരിവര്‍ത്തനമാണ് വന്നിരിക്കുന്നത്. ഭാവുകത്വത്തിലാണ് കാര്യമായ വ്യത്യാസം.’
‘ഭാവുകത്വത്തിലെ വ്യത്യാസം എന്നത് ഒന്നു വ്യക്തമാക്കാമോ, ഹരീ…?’
‘ഗാനരചനക്കായി എനിക്ക് ഈയിടെ കിട്ടിയ ഒരു സിനാരിയോ പറയാം. കാമുകന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ വാട്‌സാപ്പില്‍ ഒരു സന്ദേശം; കാമുകി അയാളെ വിട്ട്, വേറെ ഒരാളെ വിവാഹം ചെയ്യുന്നുവെന്ന്. സമയം ഇഴഞ്ഞു നീങ്ങി. കൊച്ചിയിലെ ഒരു വന്‍കെട്ടിടത്തിന്റെ മുകളിലെ ഫ്‌ളാറ്റില്‍നിന്ന് ജനല്‍ വഴി അയാള്‍ താഴോട്ടു നോക്കുന്നു. നിയോണ്‍ ബള്‍ബുകളുടെ മാസ്മരിക ശോഭയില്‍ വാഹനങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന റോഡിലാണ് ഇപ്പോള്‍ അയാളുടെ ശ്രദ്ധ.’
‘ഈ ഭാവുകത്വത്തിനു നാം മുന്നെ കേട്ടു പരിചയമുള്ള തരത്തിലുള്ള ഏതെങ്കിലും ഗാനങ്ങള്‍ യോജിക്കുമോ?’

”സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്‌നത്തിലെങ്കിലും ഈ ഗാനം…
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം…”

‘ഇങ്ങിനെയുള്ളൊരു ഗാനം, മേലെ പറഞ്ഞ സന്ദര്‍ഭത്തിനു ചേരുമോ, വിജയേട്ടാ?’
ഹാ… ഹാ… ചേരില്ല.
ഭാവുകത്വവും, സിനാരിയോവും വ്യക്തം, ഉചിതമായൊരു ഗാനം ഹരി എഴുതേണ്ടിവരുമെന്നുമാത്രം!
ഇതുവരെ ശ്രോതാക്കള്‍ കേട്ടു ശീലിച്ചതൊന്നും ഈ സാഹചര്യത്തില്‍ തരമാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല…
‘അതെ.’

hariറഫീക്ക് അഹമ്മദ് നാട്ടുകാരന്‍. ഹരിക്ക് വലിയ പ്രചോദനമാണല്ലേ അദ്ദേഹം?
‘അതെ.’
ഈ സൗഹൃദത്തിന്റെ തുടക്കം ഒന്നു പറയാമോ?
‘ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തെ ബസ്സില്‍ വെച്ചു കാണാറുണ്ടായിരുന്നു. റഫീക്ക് ഇക്ക അന്ന് ആരോഗ്യ വകുപ്പില്‍ ജോലിക്കുപോയിരുന്നു. ബേഗും, ലഞ്ച് ബോക്‌സും ഒക്കെ ആയിട്ട്. വലിയ ആരാധന തോന്നാറുണ്ട് അദ്ദേഹത്തെ കാണുമ്പോള്‍. പക്ഷെ, അക്കാലങ്ങളില്‍ ഞങ്ങള്‍ സംസാരിച്ചിട്ടേയില്ല.’
‘ആദ്യമായി സംസാരിച്ചത്, ആശുപത്രിയില്‍ വെച്ചാണ്.’
‘ചെറിയമ്മയുടെ പ്രസവം സങ്കീര്‍ണമായി. അടിയന്തിരമായി യോജിക്കുന്ന ഗ്രൂപ്പില്‍പ്പെട്ട രക്തം ആവശ്യമായിവന്നു. പെട്ടെന്ന് അവിടെ ഓടിയെത്തി രക്തം നല്‍കി ചെറിയമ്മയുടെ ജീവന്‍ രക്ഷിച്ചത് റഫീക്ക് ഇക്ക ആയിരുന്നു!’
‘ശരിക്കും പറഞ്ഞാല്‍, ഞങ്ങളുടേത് ഈ ‘രക്തബന്ധ’മാണ്!’
ആല്‍മരങ്ങള്‍ മാത്രമല്ല, മുളങ്കൂട്ടങ്ങളും വേദമന്ത്രങ്ങള്‍ ഉരുവിടുന്ന ഹരിയുടെ നാട്ടില്‍, വ്യക്തിബന്ധങ്ങള്‍ക്ക് ഇപ്പോഴും രക്തബന്ധങ്ങളുടെ വിലയുണ്ട്.
പുരസ്‌കാരങ്ങള്‍ നേടിയവരെ തേടി അവരുടെ നാട്ടിലേക്കുള്ള എന്റെ യാത്രകള്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍, മറ്റു പ്രദേശങ്ങളിലൊന്നും കാണാത്തൊരു അഭിനിവേശമാണ് കൊങ്ങണൂര്‍ ദേശത്തു ഞാന്‍ കണ്ടത്. ഒരു വ്യക്തിയുടെ വിജയം ഒരു നാടു മുഴുവന്‍ ആഘോഷിക്കുന്നു!