കാല്‍പനിക സ്വപ്നം പോലെ ഓള്

Web Desk
Posted on October 20, 2019, 2:09 pm

വി പി അശ്വതി

“ആദ്യചിത്രമായ പിറവിയില്‍ തന്നെ സ്വന്തം സ്റ്റാമ്പ് പതിച്ച ചലച്ചിത്രകാരനാണ് ഷാജി എന്‍ കരുണ്‍. നീണ്ട ഇടവേളക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ‘ഓള്’ ചലച്ചിത്രലോകത്താകെ സംസാരവിഷയമാവുകയാണ്. പെണ്ണിന്റെ കണ്ണിലൂടെ ജീവിതം കാണാന്‍ ശ്രമിക്കുകയും എല്ലാ യുക്തികള്‍ക്കുമപ്പുറം മനുഷ്യമനസ്സിന്റെ ഭാവനയുടെ ചിറകിലേറി സഞ്ചരിക്കുകയുമാണ് ഓള്. ഭാരതത്തില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും നിരവധി പൗരാണികവുമായ വാമൊഴിക്കഥകളുടെയും മിത്തുകളുടെയും പിന്‍ബലത്തിലാണ് മനുഷ്യ ജീവിതം കരുത്താര്‍ജ്ജിച്ച് വളര്‍ന്ന് വികസിച്ചതെന്നത് ചരിത്ര സത്യമാണ്. ഈ യാഥാര്‍ത്ഥ്യത്തില്‍ പദമൂന്നിയാണ് ഓളിന്റെ കഥ ചുരുളഴിയുന്നത്. പെണ്‍മയുടെ ഉള്ളുരുക്കം ഏത് പ്രശ്നത്തിനും പ്രതിസന്ധിക്കും സ്വയം പരിഹാരം കണ്ടെത്തി തളരാതെ മുന്നേറുന്ന ഭൂമിക്ക് എല്ലാ കഥകളിലും പെണ്‍ഭാവമാണ്. പ്രത്യക്ഷ ദൃഷ്ടിയില്‍ കാര്യങ്ങള്‍ കാണുമ്പോള്‍ സൃഷ്ടിയുടെ ആദിമ രൂപത്തിനും സത്രീ ഭാവം തന്നെയാണ്. ഒരു പാട് പരിമിതികള്‍ക്കും അനന്തമായ സാധ്യതകള്‍ക്കും മധ്യേയാണ് ഒരു സ്ത്രീയുടെ ജീവിതം നിലകൊള്ളുന്നതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുക കൂടിയാണ് ഓളിലൂടെ ഷാജി എന്‍ കരുണ്‍ ചെയ്യുന്നത്. പരിമിതികളെ സ്ഥായീഭാവമാക്കണോ അതോ സാധ്യതകളുടെ ചിറകിലേറി ഉയര്‍ന്നു പറക്കണോ എന്ന് തീരുമാനിക്കേണ്ടത് വ്യക്തി എന്ന നിലയില്‍ ഓള്‍ തന്നെയാണ്. കായലും കടലും അതിര്‍വരമ്പിടുന്ന ചെറിയൊരു തുരുത്തിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസ പരമായും സ്ത്രീകള്‍ അംഗീകരിക്കപ്പെടാത്ത സമൂഹം പുരോഗമിച്ചു എന്ന് പറയാനാവില്ലെന്ന് ഗാന്ധിജി പണ്ട് പറഞ്ഞിട്ടുണ്ട്. മുറിവേല്‍ക്കപ്പെടുന്ന സ്ത്രീയുടെ ശാപം വരും തലമുറകളെപോലും ഉന്മൂലനാശനം ചെയ്യുമെന്ന് വിശ്വസിക്കുന്ന വിവിധ ജനവിഭാഗങ്ങളുണ്ട് നമുക്ക് ചുറ്റും. എന്നാല്‍ അതുകൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നുകയറ്റങ്ങളും അക്രമങ്ങളും അവസാനിക്കുന്നുമില്ല. ആദ്യം പീഡ നങ്ങള്‍ ഏറ്റുവാങ്ങാനും മണ്ണോളം സഹിക്കാനും തുടര്‍ന്ന് ഭയം കലര്‍ന്ന വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ മാത്രം വിഗ്രഹാരാധനകള്‍ ഏറ്റുവാങ്ങാനുമാണ് സ്ത്രീ ജന്മങ്ങളുടെ വിധി. വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമായി അവശേഷിക്കുകയും കടന്നാക്രമണങ്ങള്‍ ഇടതടവില്ലാതെ തുടരുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യത്തോടാണ് ഓള് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ശരീരത്തിനേല്‍ക്കുന്ന ചില്ലറ മുറിവുകള്‍ക്കും മായാത്ത ക്ഷതങ്ങള്‍ക്കുമപ്പുറം പെണ്‍മനസ്സിന്റെ പൊള്ളുന്ന ചിന്തകളെ സൂക്ഷമമായി നിരീക്ഷിക്കാനും അവയ്ക്ക് യുക്തിക്കപ്പുറമുള്ള ദൃശ്യഭാവം നല്‍കാനും ടി ഡി രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ സാന്നിദ്ധ്യം ഷാജിയെ സഹായിച്ചിട്ടുണ്ട്. ”സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി” എന്ന നോവലിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ടി ഡി രാമകൃഷ്ണനാണ് ഓളിന്റെ തിരക്കഥ തയ്യാറാക്കിയത്. മണിക്കൂറിനിടയില്‍ മാറിമറിയുന്ന വിവര സാങ്കേതിക വിദ്യയുടെ മായാലോകത്ത് പണമുണ്ടെങ്കില്‍ ഒന്നും അസാദ്ധ്യമല്ലെന്ന് ധരിക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. എന്നാല്‍ പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങള്‍ക്കും യുക്തിപരമായ ഉത്തരം അന്വേഷിച്ചാല്‍ മനുഷ്യന്‍ നിസ്സഹായനായി പോകുന്ന അവസരങ്ങളുണ്ടാവും. അത്തരം മുഹൂര്‍ത്തങ്ങളിലൂടെയാണ് ഓളിന്റെ സഞ്ചാരം. ചിത്രകാരനായി ഷെയിന്‍ നിഗം ഒരു പാട് അപകര്‍ഷ ബോധവും ചൊല്ലിക്കേട്ട പഴം പുരാണങ്ങളിലുള്ള വിശ്വാസവും പ്രശസ്ത ചിത്രകാരനാവണമെന്നുള്ള ആഗ്രഹവും വിട്ടുമാറാത്ത മരണഭയവുമൊക്കെയുള്ള ചെറുപ്പക്കാരനായി വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെയും സ്വാഭാവികതയോടെയുമുള്ള അഭിനയമാണ് ഷെയിന്‍ നടത്തിയത്.

തന്റെ തലമുറയിലെ മികച്ച നടന്മാര്‍ക്കൊപ്പം സംശയമില്ലാത്ത നടന വൈഭവം കൈമുതലായുണ്ടെന്ന് ഷെയ്ന്‍ തെളിയിച്ച് കഴിഞ്ഞിരിക്കുന്നു ഓളിലൂടെ. സര്‍ഗ്ഗാത്മകത ഉണരുന്ന നേരങ്ങളില്‍ ഒരു യഥാര്‍ത്ഥ കലാകാരന്റെ മനസ്സില്‍ വിടരുന്ന കിനാവുകളായും ഓളിലെ ആശയത്തെ നമുക്ക് കാണാനാവും. പാതിരാത്രിയില്‍ നടുക്കായലിലെ ഓളപ്പരപ്പില്‍ വച്ച് തന്റെ പ്രണയിനിയുമായുള്ള സംഭാഷണം മൊബൈല്‍ഫോണുപയോഗിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ചിത്രകാരനായ വാസുപ്പണിക്കര്‍. പിന്നീട് പലതവണ അത് റീപ്ലെ ചെയ്യുമ്പോഴും വാസുവിന്റെ ശബ്ദം മാത്രമാണ് കേള്‍ക്കാന്‍ കഴിയുന്നത്. വളരെ ബ്രില്ല്യന്റായ ഒരു ചലച്ചിത്രകാരനില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന സീനായിരുന്നു അത്. തുരുത്തിലെ ഐതിഹ്യമായി മാറിയ സ്ത്രീ സങ്കല്‍പത്തെയും അമ്പലത്തെയും ചുറ്റിപ്പറ്റിയാണ് അവിടെയുള്ള ഓരോരുത്തരുടെയും ജീവിതം പുലരുന്നത്. കായല്‍ക്കരയിലുള്ള അമ്പലത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചാല്‍ സ്നേഹിക്കുന്ന ആണിനും പെണ്ണിനും ദേവി സൗഭാഗ്യങ്ങള്‍ നല്‍കുമെന്ന വിശ്വാസമാണ് തുരുത്തിലെ ജീവിതങ്ങളുടെ അന്നമാര്‍ഗ്ഗം. വെളുത്ത ആമ്പല്‍പൂ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മംഗളാനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ചിത്രകാരന്റെ ഭാവനാലോകത്തെ തൊട്ടുണര്‍ത്തുന്ന ശാലീന സുന്ദരിയായി എസ്തര്‍അനില്‍ കൗതുകമുണര്‍ത്തുന്ന മായാ ലോകമാണ് നമുക്ക് സമ്മാനിക്കുന്നത്. ”പെണ്ണെന്ന് പറഞ്ഞാല്‍ പൂ പോലെയാണ് അല്ലേടാ? ഭാഗ്യമുണ്ടെങ്കില്‍ ആരെങ്കിലുമൊക്കെയെടുത്ത് തലയില്‍ വയ്ക്കും. അല്ലെങ്കില്‍ നിലത്തിട്ട് ചവിട്ടയരയ്ക്കും.

ചിത്രകാരന്റെ മാനസികാസ്വാസ്ഥ്യമുള്ള സഹോദരിയെ കൊണ്ടാണ് സംവിധായകന്‍ ഇത് പറയിക്കുന്നത്. കുറച്ചു സീനുകളിലേയുള്ളൂ എങ്കിലും സഹോദരിയായി കനികുസൃതി വേറിട്ട ശരീര ഭാഷയാണ് ഉപയോഗിച്ചത്. എന്നാല്‍ ഷെയ്നും കനിയും ഒഴികെയുള്ള കഥാപാത്രങ്ങളുടെ സംസാരവും ശരീരഭാഷയും വളരെ നാടകീയമായിപ്പോയി എന്ന് പറയാതെ വയ്യ. സ്വപ്നം പോലെ കായല്‍ കായലിന്റെയും കടത്ത് തോണിയുടെയും സൗന്ദര്യം ഇത്രയ്ക്ക് വശ്യമോ എന്ന് നമ്മള്‍ മലയാളികള്‍ പോലും അത്ഭുതപ്പെടുന്ന രീതിയിലാണ് എം ജെ രാധാകൃഷ്ണന്റെ ക്യാമറയുടെ സഞ്ചാരം. ചിത്രകാരന്റെ മാന്ത്രിക വിരലുകള്‍ കൊണ്ട് വരച്ചിട്ട പോലെയാണ് മിക്ക ഫ്രെയിമുകളും എം ജെ നമുക്ക് കാണിച്ച് തരുന്നത്. മിത്തുകളില്‍ രൂപം കൊണ്ട തുരുത്തിലെ വിശ്വാസങ്ങളും ജീവിതവും ആവിഷ്കരിക്കുന്നതിന് ഋഷികാന്തിന്റെ വിഷ്വല്‍ എഫക്ടുകളും ബോബന്റെ കലാസംവിധാനവും ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതവും എം ജെ ക്കും ഷാജിക്കും തുണയായിട്ടുണ്ട്. മനോജ് കുറൂറിന്റെ വരികള്‍ക്ക് ശ്രീവല്‍സന്‍ ജെ മേനോന്‍ ഈണം പകര്‍ന്ന മനോഹര ഗാനം ഓളിന് സൗന്ദര്യം ഏറ്റുന്നു. ചിത്രകാരന്റെ അന്നം തേടിയുള്ള പ്രയാണത്തിന്റെ ഭാഗമായി മുബൈയില്‍ ചിത്രീകരിച്ച ചില ഭാഗങ്ങളുമുണ്ട് ഓളില്‍. മഹാ നഗരത്തിലെ ശ്വാസം മുട്ടലും പണത്തിന് പിന്നാലെയുള്ള പരക്കം പാച്ചിലും കലാ ലോകത്തെ കച്ചവടവുമൊക്കെ കായല്‍ പകര്‍ത്തിയ അതേ ചാരുതയോടെ എം ജെ കാണിച്ച് തരുന്നു.

ഒരു മണിക്കൂര്‍ നാല്‍പത്തിയൊമ്പത് മിനിട്ടില്‍ ഫാന്റസിയുടെ മായാലോകം തീര്‍ത്ത് എ വി അനൂപ് നിര്‍മ്മിച്ച ഓളില്‍ ഇന്ദ്രന്‍സ്, പുന്നശ്ശേരി കാഞ്ചന, മായാമേനോന്‍, രാധിക, ടി ശ്രീകുമാര്‍ തുടങ്ങിയവരും ശ്രദ്ധേയ കഥാപാത്രങ്ങളാണ്. ആത്മാവ് നഷ്ടപ്പെടാത്ത ചിത്രം യഥാര്‍ത്ഥ കലാ സൃഷ്ടികള്‍ കാലാതിവര്‍ത്തിയാണെന്ന് പറയാറുണ്ട്. ശ്രദ്ധിച്ച് നോക്കിയാല്‍ ഓളില്‍ പ്രകൃതിയാണ് പ്രധാന കഥാപാത്രമെന്ന് തോന്നും. മലയാള മണ്ണിലും കായലോളങ്ങളിലും അനശ്വരമായി നിലകൊള്ളുന്ന നിഗൂഢ സൗന്ദര്യവും വിശ്വാസങ്ങളുമാണ് ഓള് പറഞ്ഞ് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ചലച്ചിത്ര പഠന ക്ലാസുകളില്‍ വരും കാലങ്ങളിലും ചര്‍ച്ചയാവാന്‍ പോന്നതാണ് ഓളെന്ന ചലച്ചിത്ര സൃഷ്ടി. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി എന്‍ കരുണ്‍ ഓള് സംവിധാനം ചെയ്യുന്നത്. മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത ആറു ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. ഓള് യൂറോപ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാജി. ആണും പെണ്ണും തമ്മിലെ സൗഹൃദത്തിനപ്പുറം ഗ്രാമവും വന്‍ നഗരവും തമ്മിലെ വൈരുദ്ധ്യങ്ങളും അവിടങ്ങളിലെ ആളുകള്‍ക്കിടയിലെ മനോഭാവ വ്യത്യാസവുമൊക്കെ ഓള് കാണിച്ച് തരുന്നു. മിത്തിക്കല്‍ കഥകളില്‍ ചോദ്യങ്ങള്‍ പാടില്ലെന്നും അവ വിശ്വസിക്കുകയാണ് സര്‍ഗ്ഗാത്മകമെന്നും ഓള് വ്യക്തമാക്കുന്നു. സ്വപ്നങ്ങളാണ് ഒരാളെ കലാകാരനാക്കുന്നത്. സ്വപ്നങ്ങളെ കൈയ്യെത്തി പിടിക്കാനല്ല, സ്വപ്നങ്ങള്‍ പകരുന്ന വിസ്മയകരമായ ഊര്‍ജ്ജത്തിലാണ് കലാകാരന്‍ വിശ്വസിക്കേണ്ടതെന്നും ഷാജി എന്‍ കരുണ്‍ പറയാതെ പറയുന്നു.