Friday
06 Dec 2019

ദ്യുതി തേങ്ങുന്നു: ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സഹായം തേടി

By: Web Desk | Monday 28 January 2019 8:12 PM IST


ബി.എസ്. ഇന്ദ്രന്‍

പ്പാനില്‍ 2020-ല്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സ്വപ്നങ്ങള്‍ നെയ്ത ഒരു നിര്‍ധന കായികപ്രതിഭ താന്‍ നേടിയ നൂറുകണക്കിന് മെഡലുകളേയും ഒരു ചാക്കില്‍ നിറച്ച് സൂക്ഷിച്ചിരിക്കുന്ന ട്രോഫികളെയും നോക്കി വിതുമ്പുകയാണ്. 2014 ഏഷ്യന്‍ ഗെയിംസ് മുതലാണ് ട്രെയത്തോണ്‍ പരിശീലനം നേടിയാല്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന് മനസിലാക്കി അതിനായി കൊച്ചിയിലെ ട്രെയത്തോണ്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പരിശീലനം തുടങ്ങിയത്.

നീന്തല്‍, സൈക്ലിങ്, ഓട്ടം ഇവ മൂന്നും ചേര്‍ന്ന കായിക മത്സരയിനമാണ് ട്രെയത്തോണ്‍. എന്നാല്‍ നാലുവര്‍ഷമായി സ്വന്തം അധ്വാനം കൊണ്ട് പരിശീലനം തുടര്‍ന്ന നിര്‍ധനയായ ഈ കുട്ടിയ്ക്ക് പരിശീലനത്തിന് ഒരു സൈക്കിള്‍ പോലും വാങ്ങാന്‍ കഴിയില്ലെന്നറിഞ്ഞ് ദുഃഖം കടിച്ചമര്‍ത്തുകയാണിപ്പോള്‍.

അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ പോത്തന്‍കോടിന് സമീപം കൊയ്ത്ത്തൂര്‍ക്കോണത്ത് പഞ്ചായത്തിന്റെ സഹായത്താല്‍ നിര്‍മ്മിച്ച പണിതീരാത്ത കോവില്‍ വീട്ടിലെ കൂരയ്ക്ക് കീഴില്‍ കഴിയുന്ന നിര്‍ധനരും രോഗികളുമായ മാതാപിതാക്കള്‍ക്കും മകള്‍ ദ്യുതിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നത് ചിന്തിക്കാനാകുന്നില്ല. കേരളത്തിലെ പ്രമുഖ നാടകസമിതികളില്‍ അനവധി നാടകങ്ങളില്‍ നിരവധി പ്രമുഖ വേഷങ്ങളില്‍ അഭിനയിച്ചവരാണ് മാതാപിതാക്കളായ കെ. സുധീറും, പി. കോമളകുമാരിയും.

കായിക രംഗത്തുള്ള മകളുടെ അടങ്ങാത്ത അഭിനിവേശം അവളെ ദുഖിപ്പിക്കുമെന്നറിഞ്ഞു ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ തന്നെ ഒരു ജോലിക്കു വേണ്ടി നിരവധി വാതിലുകള്‍ മുട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നിവേദനം നല്‍കി. പക്ഷെ എല്ലാം നിരര്‍ത്ഥകമായി.

9 വയസിലാണ് ദ്യുതി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കൊയ്ത്തൂര്‍ക്കോണം അക്വാട്ടിക് ക്ലബ്ബില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചത്. തിരുവള്ളൂര്‍ എല്‍.പി.എസിലും കൊയ്ത്തൂര്‍ക്കോണം ഇ.വി.യു.പി.എസിലും പഠിച്ചു. തുടര്‍ന്ന് പോത്തന്‍ കോട് എല്‍.വി.എച്ച്.എസില്‍ ചേര്‍ന്നപ്പോഴാണ് ദ്യുതിക്ക് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ കിട്ടി പിരപ്പന്‍കോട് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചത്. തുടര്‍ന്ന് നെടുവേലി ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടൂ പഠനശേഷം കേരള യൂണിവേഴ്‌സിറ്റിയില്‍ ഡിസ്റ്റന്‍സ് എഡ്യൂക്കേഷനില്‍ ചേര്‍ന്നാണ് ഡിഗ്രി എടുത്തത്. ഈ പഠന കാലയളവിലാകെ ദ്യുതി നേടിയതാണ് നൂറുകണക്കിന് മെഡലുകളും ട്രോഫികളും.

ഡിഗ്രി കഴിഞ്ഞപ്പോള്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി ലഭിക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അത് ലഭിക്കാത്തത് സാഹചര്യത്തിലാണ് കൊച്ചിയിലെ നേവല്‍ ബേസില്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ താത്കാലിക ജോലി സമ്പാദിച്ചത്. ട്രെയത്തോണ്‍ അസോസിയേഷന്‍ കൊച്ചിയിലായതിനാല്‍ ഇതില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് അവിടെ വാടകയ്ക്ക് താമസിച്ച് പരിശീലനം തുടരുന്നതിനിടയില്‍ നേവല്‍ ബേസിലെ താത്കാലിക ജോലിയും നിലയ്ക്കുന്ന അവസ്ഥയായതോടെയാണ് ദ്യുതി വീണ്ടും യുവജനകാര്യ ഡയറക്ടറേറ്റിനേയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനേയും സമീപിച്ച് വിവരങ്ങള്‍ ധരിപ്പിച്ചത്. എന്നാല്‍ ട്രെയത്തോണ്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ സഹായം ലഭ്യമാക്കാന്‍ കഴിയില്ലെന്ന മറുപടിയില്‍ അവരെല്ലാം ഒതുക്കുകയായിരുന്നു.

പരിശീലനത്തില്‍ പങ്കെടുക്കുവാനുള്ള വിലകുറഞ്ഞ സൈക്കിളിനു തന്ന രണ്ടരലക്ഷം രൂപയാകുമെന്ന് ദ്യുതി പറയുന്നു. ഒരു കായികതാരം പാലിക്കേണ്ട ആഹാരക്രമങ്ങള്‍ ദ്യുതിക്കിന്നും അന്യമാണ്. എന്നിട്ടും പരിശീലകരായ പലരുടേയും സഹായത്താല്‍ ആത്മവിശ്വാസം കൈവിടാതെ എത്തിയ ദ്യുതി ഇപ്പോള്‍ തളര്‍ന്നു പോകുകയാണ്. ഒളിംപിക്‌സ്‌വരെ പരിശീലനം തുടരുവാന്‍ കുറഞ്ഞത് ആറ് ലക്ഷത്തി നാല്പത്തിയൊന്നായിരം രൂപയെങ്കിലുമാകുമെന്ന് ദ്യുതി തുപ്പല്‍തൊട്ട് കണക്കുകൂട്ടി വച്ചിട്ടുണ്ട്.

മെഡലും ട്രോഫികളുമായി ദ്യുതി

 

ഒളിമ്പിക്‌സില്‍ അതാതു രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഓരോ രാജ്യവും താരങ്ങളെ ഏറ്റെടുത്ത് എല്ലാ പരിശീലനവും സഹായവും നല്‍കുമ്പോള്‍ ഭാരതത്തെ പ്രതിനിധീകരിക്കുവാന്‍ കേരളത്തില്‍ നിന്നുള്ള ഒരു കായിക താരത്തിന് ലഭിക്കുന്ന അസുലഭമായ സന്ദര്‍ഭത്തെ തട്ടിത്തെറിപ്പുക്കകയാണ് കേരളം ചെയ്യുന്നതെന്ന് വ്യാപകമായ വിമര്‍ശനം ഇതിനകം ഉയര്‍ന്ന്കഴിഞ്ഞിട്ടുണ്ട്. ഒളിംപിക്‌സില്‍ കേരളത്തിന് അഭിമാനമായി ഒരു താരത്തെ പങ്കെടുപ്പിക്കാന്‍ കിട്ടുന്ന അവസരം അധികൃതരുടെ അവഗണകൊണ്ടു കളഞ്ഞുകുളിക്കുമ്പോള്‍ ദ്യുതിയെ തേടി മറ്റ് സംസ്ഥാനങ്ങള്‍ എത്തുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാവുന്നതല്ല.

മെഡലും ട്രോഫികളുമായി ദ്യുതി മാതാപിതാക്കളോടൊപ്പം

 

 

Related News