ഒടുവിൽ മാറ്റി

Web Desk

ടോക്കിയോ:

Posted on March 24, 2020, 9:47 pm

കോവിഡ് 19 ഭീതിയെ തുടർന്ന് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം മാറ്റിവച്ചു. ജൂലൈ 24ന് ആരംഭിക്കാനിരുന്ന ടോക്കിയോ ഒളിമ്പിക്സ് അടുത്തവർഷത്തേക്കാണ് മാറ്റിവച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

തോമസ് ബാച്ചുമായി ഫോണിലൂടെയാണ് ആബെ ചര്‍ച്ച നടത്തിയത്. മാറ്റിവച്ചില്ലെങ്കില്‍ ഗെയിംസ് അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടത്താനാവില്ലെന്ന് കണ്ടാണ് തീരുമാനമെന്ന് ഷിന്‍സോ ആബെ പറഞ്ഞു. 1964ൽ ആണ് ഏറ്റവും ഒടുവിൽ ഒളിമ്പിക്സ് നടന്നത്. ഒളിമ്പിക്‌സ് വേദികളുടേയും വില്ലേജുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാവുകയും ഒളിമ്പിക്‌സ് ഒരുക്കങ്ങളില്‍ ടോക്കിയോ ആഗോളതലത്തില്‍ വലിയ പ്രശംസ നേടുകയും ചെയ്തിരുന്നു. എന്നാല്‍ ലോകവ്യാപകമായി കൊറോണ വൈറസ് ഉണ്ടാക്കിയിട്ടുള്ള അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഒളിമ്പിക്‌സ് മാറ്റിവയ്ക്കണമെന്ന് ജപ്പാന്‍ ഐഒസിയോട് ആവശ്യപ്പെട്ടത്. നേരത്തെ, ഏതുവിധേനയും ഒളിമ്പിക്‌സ് നടത്താനുള്ള പുറപ്പാടിലായിരുന്നു ജപ്പാന്‍. ലോകജനതയെ സാക്ഷിയാക്കി നിശ്ചയിച്ചപ്രകാരം ഒളിമ്പിക്‌സ് നടത്തുമെന്ന് ജാപ്പന്റെ ഒളിമ്പിക്‌സ് മന്ത്രി സെയ്‌കോ ഹാഷിമോട്ടോ പറയുകയുണ്ടായി.

എന്നാല്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷിച്ചത്. കോവിഡ് ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്ന സാഹചര്യത്തിൽ ടീമിനെ ജപ്പാനിലേക്ക് വിടില്ലെന്ന് പല രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. ബ്രിട്ടൺ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്നും നിലവിലെ സാഹചര്യത്തിൽ ടീമിനെ അയക്കില്ലെന്നും പറഞ്ഞിരുന്നു. പല കായിക താരങ്ങളും ഇതേ അഭിപ്രായത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. നിലവിൽ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയാമെന്നും എന്നാൽ കായിക താരങ്ങളുടെയും ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയുമാണ് ഇതിനേക്കാൾ വലുതെന്ന് പ്രസ്താവനയിൽ കാനഡ വ്യക്തമാക്കിയിരുന്നു. ഇതോടെ ജപ്പാനിൽ നടക്കേണ്ട ഈ തവണത്തെ ഒളിമ്പിക്സ് മാറ്റിവെക്കാൻ ഇന്റർനാഷണൽ ഒളിമ്പിക്സ് അസോസിയേഷന്റെ മേൽ കടുത്ത സമ്മർദ്ദമുയരുകയായിരുന്നു. 1940 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറ് വരെ നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്സ് ലോകയുദ്ധം മൂലം റദ്ദാക്കി. 1944ൽ ലണ്ടനിൽ നടത്താനിരുന്ന ഒളിമ്പിക്സും യുദ്ധം മൂലം ഒഴിവാക്കുകയായിരുന്നു.

ENGLISH SUMMARY: Olympics post­pond­ed

YOU MAY ALSO LIKE THIS VIDEO