ഒമാനില്‍ മഴ തുടരുന്നു; മരണം മൂന്ന്

Web Desk
Posted on May 20, 2019, 8:52 pm

മസ്‌കറ്റ്: തലസ്ഥാന നഗരി ഉള്‍പ്പടെ ഒമാനില്‍ കനത്തമഴ തുടരുകയാണ്. രാജ്യത്തിന്റെ മിക്ക ഗവര്‍ണറേറ്റുകളിലും ശനിയാഴ്ച മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു. വിവിധ ഇടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. ഇതിനിടയില്‍ ജഅലാന്‍ ബനീ ബൂ അലിയില്‍ രണ്ട് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി കാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ അകപെട്ട രണ്ടു ഒമാന്‍ സ്വദേശികളെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയില്‍ എത്തിയശേഷം ഇവരില്‍ ഒരാളും മരിച്ചു.

ദക്ഷിണ ശര്‍ഖിയ്യ ഗവര്‍ണറേറ്റില്‍ കനത്ത മഴയില്‍ കാണാതായ ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് ഹൈദരാബാദ് സ്വദേശികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വാദിയില്‍ അകപ്പെട്ട വാഹനത്തിലുള്ളവരെയാണ് കാണാതായതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാദി ബനീ ഖാലിദില്‍ വാദിയില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന സ്വദേശി മരിച്ചതായി അധികൃതര്‍ അറിയിച്ചു. വാദിയില്‍ അകപ്പെട്ട രണ്ട് സ്വദേശികളെ ഒമാനികള്‍ ചേര്‍ന്നാണ് ശനിയാഴ്ച രാത്രി രക്ഷപ്പെടുത്തിയത്.
ആമിറാത്ത്, തനൂഫ്, റുസ്താഖ്, നിസ്‌വ, ജഅലാന്‍ ബൂ അലി, അവാബി, വാദി സിരീന്‍, വാദി ബനീ ഗാഫിര്‍, സമാഈല്‍, ഹംറ തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് കൂടുതല്‍ ശക്തമായ മഴ ലഭിച്ചത്. ഇവിടങ്ങളില്‍ കാറ്റും ശക്തമായിരുന്നു. വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റോടെയാണ് മഴയെത്തിയത്.
സൂര്‍ വിലായത്തില്‍ മലമുകളില്‍ നിന്നും വെള്ളം കുത്തിയൊലിച്ചു. അല്‍ ഹജര്‍ പര്‍വത നിരകലും അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്തു രൂപംകൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ഒമാനില്‍ മഴ ലഭിച്ചത്. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വെള്ളക്കെട്ടില്‍വീണ് മരിച്ച രണ്ട് കുട്ടികളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സിവില്‍ ഡിഫന്‍സ് ആന്റ് ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തിയെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികള്‍ വെള്ളക്കെട്ടുകളിലും നീന്തല്‍കുളങ്ങളിലും കളിക്കുമ്പോള്‍ രക്ഷിതാക്കള്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.