ഒമർ അബ്ദുള്ളയുടെ തടങ്കൽ തുടരും: തടങ്കൽ കേന്ദ്രം മാറ്റാനുള്ള നീക്കവും മരവിപ്പിച്ചു

Web Desk

ശ്രീനഗര്‍

Posted on January 16, 2020, 8:09 pm

ജമ്മു കാശ്മീരിന്റെ വിഭജനം നടത്തി പ്രത്യേക അധികാരം എടുത്തു കളഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും താഴ്‌വരയിലെ രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ തയ്യാറാകാതെ കേന്ദ്ര സര്‍ക്കാര്‍. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരമായ ഹരിനിവാസിൽ നിന്ന് മറ്റൊരു സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് വിവരങ്ങൾ പുറത്തുവന്നിരുന്നു. ഗുപ്കര്‍ റോഡിലെ സര്‍ക്കാര്‍ വസതിയിലേക്കാണ് മാറ്റാനിരുന്നത്. എന്നാൽ ഈ തീരുമാനം പിന്നീട് മരവിപ്പിച്ചു. അദ്ദേഹം ഹരിനിവാസിൽ തന്നെ വീട്ടുതടങ്കലില്‍ തന്നെ തുടരും.

മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്രാന്‍സ്പോര്‍ട്ട് ലെയ്നിലുള്ള അതിഥി മന്ദിരത്തില്‍ തന്നെ വീട്ടുതടങ്കലില്‍ തുടരും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയതീരുമാനമെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരുടെ പ്രതിനിധി സംഘവും കാശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.അതിനിടെ തടവിലാക്കപ്പെട്ടിരുന്ന അഞ്ച് നേതാക്കളെ വിട്ടയച്ചിട്ടുണ്ട്. പിഡിപി, നാഷണല്‍ കോൺഫറൻസ് നേതാക്കളായ മുക്ത്യാര്‍ ബാന്ദ്, നിസാംഭട്ട്, സല്‍മാന്‍ സാഗര്‍, ഷൗക്കത്ത് ഗനായി, അല്‍താഫ് കാലു എന്നിവരെയാണ് ഇന്നലെ വിട്ടയച്ചത്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കിയത്.

അതേസമയം താല്‍ക്കാലികമായി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വ്യവസ്ഥയില്‍ ഫാറൂഖ് അബ്ദുള്ളയെയും മകന്‍ ഒമര്‍ അബ്ദുള്ളയെയും മോചിപ്പിക്കാന്‍ നീക്കം നടക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരെയും ബ്രിട്ടനിലേക്ക് പോകാന്‍ അനുവദിക്കുമെന്നും വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണോയെന്ന് ആരായാന്‍ അധികൃതര്‍ ഇരുവരെയും സമീപിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Eng­lish sum­ma­ry: Omar Abdul­lah’s deten­tion will con­tin­ue

you may also like this video