ഓമശ്ശേരി ജ്വല്ലറിയിലെ കവര്‍ച്ച; പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശി

Web Desk
Posted on July 14, 2019, 9:16 pm

മുക്കം (കോഴിക്കോട്): ഓമശ്ശേരി ശാദി ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പിടിയിലായത് ബംഗ്ലാദേശ് സ്വദേശി നഈം അലി. കവര്‍ച്ചയ്ക്കിടെ ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ജ്വല്ലറി ജീവനക്കാരുടെ പിടിയിലായത്.സംഭവസ്ഥലത്ത് ബോധരഹിതനായ ഇയാളെ പൊലീസ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.

ഞായറാഴ്ച രാവിലെ ബോധം തിരിച്ചു കിട്ടിയ പ്രതിയെ കൊടുവള്ളി സി.ഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. നിര്‍ണ്ണായകമായ പല വിവരങ്ങളും പ്രതിയില്‍ നിന്ന് ലഭിച്ചതായാണ് സൂചന. ഓമശേരിക്കുത്ത പൂള പൊയില്‍, ചാത്തമംഗലം പഞ്ചായത്തിലെ കളന്‍തോട് എന്നിവിടങ്ങളില്‍ താമസിച്ചിരുന്ന പ്രതികള്‍ വളരെ ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കവര്‍ച്ച നടത്തിയത്. രാത്രിയില്‍ പൊതുവെ ആളുകള്‍ കുറവായ മുക്കം റോഡിലെ ശാദി ജ്വല്ലറി കവര്‍ച്ചയ്ക്ക് തെരഞ്ഞെടുത്തതും അങ്ങനെയാണ്.

ജ്വല്ലറി ജീവനക്കാരെ തോക്കു ചൂണ്ടി ഭയപ്പെടുത്തി നിര്‍ത്തി ജ്യല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും എടുത്ത് കടന്ന് കളയാനായിരുന്നു പ്ലാന്‍.ബംഗാളിലോ ജാര്‍ഖണ്ഡിലോ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തുകയും നാട്ടിലേയ്ക്ക് കടക്കുകയുമായിരുന്നു ലക്ഷ്യം.പക്ഷെ ജ്വല്ലറി ജീവനക്കാരുടെ അവസരോചിത ഇടപെടലില്‍ ഈ പ്ലാനെല്ലാം തകര്‍ന്നു.

നഈം അലിയെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു പ്രതികള കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.ഇവര്‍ ഉടന്‍ പിടിയിലാവും. നാടന്‍ പിസ്റ്റളാണ് നഈമില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് ബംഗ്ലാദേശില്‍ നിന്നു വാങ്ങിയതാണ്. കവര്‍ച്ചക്കിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വെടിയുതിര്‍ത്ത് പരിഭ്രാന്തി സൃഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇവരുടെ പ്ലാനെന്നറിയുന്നു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരും പരിശോധന നടത്തി. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മൂന്നംഗ സംഘം ജീവനക്കാരെ തോക്കു ചൂണ്ടി ഭയപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നത്. മുഖം മൂടിയും കയ്യുറയും ധരിച്ചാണ് ഇവര്‍ എത്തിയത്. 12.5 പവന്‍ തൂക്കത്തിലുള്ള 15 വളകളാണ് നഷ്ടപ്പെട്ടത്.