കശ്മീരിൽ തടങ്കലിലുള്ള ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്ത്

Web Desk

ശ്രീനഗർ

Posted on January 25, 2020, 10:13 pm

കശ്മീരിന് പ്രത്യേക അവകാശം നൽകുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നാലെ ശ്രീനഗറിൽ തടങ്കലിലായ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രം പുറത്ത്. കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ജമ്മു ആന്റ് കശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടി നേതാവായ ഒമർ അബ്ദുള്ളയുടെ ചിത്രം ഒക്ടോബറിന് ശേഷമാണ് പുറത്തു വരുന്നത്. നരച്ച് നീണ്ട താടിയോടും ചുളിവുകൾ വീണ മുഖത്തോടും കൂടിയുള്ള പുതിയ ചിത്രം അക്ഷരാർത്ഥത്തിൽ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം പേരാണ് ഒമറിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ പഴയ ചിത്രവും പുതിയ ചിത്രവും താരതമ്യപ്പെടുത്തിയാണ് ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഒമർ അബ്ദുള്ളയെ കണ്ടാൽ 30 വർഷത്തോളം തടങ്കലിൽ കഴിഞ്ഞ ആളെപോലെയാണ് തോന്നുന്നതെന്നാണ് പൊതു അഭിപ്രായം. 50 വയസ്സ് പോലും തികയാത്ത ഒമർ വളരെ ക്ഷീണിതനായി തോന്നുന്നുവെന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് തടങ്കലിൽ നിന്നും മോചിപ്പിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.  ചെറിയ നരച്ച താടിയുള്ള ഒമറിന്റെ ചിത്രം ഒക്ടോബറിൽ പുറത്തുവന്നിരുന്നു. തടങ്കലിൽ നിന്നും പുറത്തുവരാതെ ക്ഷൗരം ചെയ്യില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അന്ന് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Omer abdul­lahs lat­est pic­ture