August 9, 2022 Tuesday

Related news

August 8, 2022
August 7, 2022
August 7, 2022
August 6, 2022
August 6, 2022
August 5, 2022
August 5, 2022
August 5, 2022
August 3, 2022
August 3, 2022

ജനുവരി മൂന്നിന് സിപിഐ സ്ത്രീ സുരക്ഷാ — ശാക്തീകരണ ദിനമായി ആചരിക്കും

Janayugom Webdesk
December 10, 2019 10:24 pm

ന്യൂഡൽഹി: ജനുവരി മൂന്നിന് സ്ത്രീ സുരക്ഷാ — ശാക്തീകരണ ദിനമായി ആചരിക്കാൻ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. വനിതാ വിമോചനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവായ സാവിത്രിഭായ് ഫുലെയുടെ ജന്മദിനമാണ് ജനുവരി മൂന്ന്. സ്ത്രീസുരക്ഷ സമൂഹത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്നും സമീപകാലത്തു നടന്ന കൊലപാതകങ്ങൾ എല്ലാവിഭാഗം ജനങ്ങളുടെയും ശക്തമായ പ്രതിഷേധത്തിന് കാരണമാകുന്നുവെന്നും എക്സിക്യൂട്ടീവ് പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളൂുന്നതിൽ ഭരണാധികാരികൾ വൻപരാജയമാണെന്നും യോഗം വിലയിരുത്തി.

രണ്ടുദിവസമായി ഹൈദരാബാദിൽ നടന്ന യോഗത്തിൽ ചഡ്ഡ വെങ്കിട്ടറെഡ്ഡി അധ്യക്ഷനായി. മുൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, സി രാഘവാചാരി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജനുവരി എട്ടിന് കേന്ദ്ര തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പൊതു പണിമുടക്കിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഗ്രാമീൺ ഭാരത് ബന്ദിനും പിന്തുണ പ്രഖ്യാപിച്ച എക്സിക്യൂട്ടീവ് ജനുവരി ഒന്നു മുതൽ ഏഴ് വരെ പ്രതിഷേധ — പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

അതിവേഗം തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയിൽ എക്സിക്യൂട്ടീവ് ഉൽക്കണ്ഠ രേഖപ്പെടുത്തി. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സമ്പദ്ഘടനയെ വീണ്ടെടുക്കുന്നതിനെന്ന പേരിൽ കൈക്കൊണ്ട കോർപ്പറേറ്റ് അനുകൂല നടപടികളും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളും കർഷകരും ജനുവരി എട്ടിന് ദേശീയ പണിമുടക്കിനും ഗ്രാമീണ ബന്ദിനും ആഹ്വാനം നൽകിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങൾ തങ്ങൾക്ക് അവകാശപ്പെട്ട ചരക്കുസേവന നികുതി വിഹിതം തടഞ്ഞുവച്ചതിനെതിരെ രംഗത്തുവരാനിടയാക്കിയ, ധനപരമായ ഫെഡറലിസം എന്ന കാഴ്ചപ്പാട് തകർക്കുന്ന കേന്ദ്ര നടപടിയിൽ എക്സിക്യൂട്ടീവ് ഉൽക്കണ്ഠ രേഖപ്പെടുത്തി.

സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതിൽ പരാജയപ്പെട്ട സർക്കാർ രാജ്യത്തിനാകെ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി ബിൽ എന്നിങ്ങനെയുള്ള വൈകാരിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കാനുള്ള നീക്കം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നതിനാൽ രണ്ടു നടപടികളെയും ശക്തമായി എതിർക്കുമെന്ന് എക്സിക്യൂട്ടീവ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.