പല്ലിശ്ശേരി

സെല്ലുലോയ്ഡ്

March 14, 2020, 6:00 am

മാര്‍ച്ച് 14ന് 41-ാം ചരമവാര്‍ഷികം, പി ജെ ആന്റണി ഇങ്ക്വിലാബിന്റെ മക്കളുമായി എത്തിയ കമ്മ്യൂണിസ്റ്റ്

Janayugom Online

കേരളത്തില്‍ കൊടും പട്ടിണി പടര്‍ന്നു പിടിച്ചപ്പോള്‍ ദെെവം പോലും പട്ടിണി കിടക്കുന്ന അവസരത്തില്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ വീടുകള്‍തോറും കയറിയിറങ്ങി ഒരു നേരത്തെ ആഹാരത്തിനുവേണ്ടി തെണ്ടിനടന്ന അപഹാസ്യനായ ഒരു വെളിച്ചപ്പാടിന്റെ വേദന നിറഞ്ഞ കഥ സിനിമയാക്കാന്‍ പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ തീരുമാനിച്ചു. ‘നിര്‍മ്മാല്യം’ എന്നു പേരിട്ട സിനിമയില്‍ വെളിച്ചപ്പാടായി അഭിനയിക്കാന്‍ പറ്റിയ പല നടന്മാരെക്കുറിച്ചും ആലോചിച്ചു. തന്റെ സങ്കല്പത്തിലുള്ള വെളിച്ചപ്പാടിനെ അവതരിപ്പിക്കാന്‍ പറ്റിയ ഒരാളെ ഇനിയും കണ്ടെത്താന്‍ എം ടിക്കു കഴിഞ്ഞില്ല. അപ്പോഴാണ് ധിക്കാരിയും കമ്മ്യൂണിസ്റ്റുകാരനുമായ ഒരു നടനെക്കുറിച്ച് എം ടി അറിഞ്ഞത്. അത് പി ജെ ആന്റണിയായിരുന്നു.

ഇടപ്പള്ളിയിലെ കൊച്ചു വാടക വീട്ടില്‍ കുടുംബസമേതം താമസിച്ചിരുന്ന പി ജെ ആന്റണിക്ക് എം ടി വാസുദേവന്‍ നായര്‍ ഒരു കത്ത് കൊടുത്തയച്ചു. ‘നിര്‍മ്മാല്യം’ എന്ന ചിത്രത്തില്‍ വെളിച്ചപ്പാടായി അഭിനയിക്കണം എന്ന അഭ്യര്‍ത്ഥനയായിരുന്നു. ഇനി സിനിമ വേണ്ട എന്ന തീരുമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തി നാടകവുമായി കഴിയുമ്പോഴാണ് പി ജെക്ക് ഇങ്ങനെ ഒരു കത്ത് ലഭിച്ചത്. എം ടി ആയതുകൊണ്ട് പി ജെ ആന്റണി സമ്മതിച്ചു. അങ്ങനെ ‘നിര്‍മ്മാല്യ’ത്തിലെ വെളിച്ചപ്പാടായി അഭിനയിച്ചു, ഭരത് അവാര്‍ഡ് നേടി.

വെളിച്ചപ്പാടിനെ കാണാത്ത നടന്‍

‘നിര്‍മ്മാല്യ’ത്തില്‍ അഭിനയിക്കാനെത്തിയ പി ജെ ആന്റണി എംടിയുമായി സംസാരിക്കുന്നു. അതുവരെ വെളിച്ചപ്പാടിനെ കാണാത്ത നടനായിരുന്നു പി ജെ ആന്റണി എന്ന് എം ടി തിരിച്ചറിയുന്നു. പിന്നീ­ട് വെളിച്ചപ്പാടിന്റെ രീതീകളും സ്വഭാവവും മനസിലാക്കുന്നതിനു യഥാര്‍ത്ഥ വെളിച്ചപ്പാടിനെ വിളിച്ചുവരുത്തി ആന്റണിക്ക് ക്ലാസ് കൊടുക്കുന്നു. എല്ലാം പെട്ടെന്ന് മനസിലാക്കുന്ന ആന്റണി. കാല്‍ച്ചിലമ്പ് അണിഞ്ഞപ്പോള്‍ ആന്റണിക്ക് നടക്കാനും തുള്ളാനും ബു­ദ്ധിമുട്ട്. അത്രയ്ക്കും ഭാരം അതിനുണ്ടായിരുന്നു. അ­തിട്ട് ചുവടുവച്ചപ്പോള്‍ വേ­ദനകൊണ്ട് പുളഞ്ഞിരുന്നു. എന്നാല്‍ വേദന കാര്യമാക്കാതെ പി ജെ അ­ഭിനയിച്ചു. വേദനയ്ക്കിടയി­ല്‍ എല്ലാം മറന്നുള്ള അഭിനയം എം ടിയേയും ചിത്രീകരണ സഹായികളേയും അത്ഭുതപ്പെടുത്തി. ഷൂട്ടിംഗ് സജീവമായിക്കൊണ്ടിരുന്നപ്പോള്‍ ഒരു പ്രധാന പ്രതിസന്ധി എംടിക്ക് അറിയാമായിരുന്നു.

അഹിന്ദുവായ പി ജെ ആന്റണിക്ക് അമ്പലത്തില്‍ കടക്കാന്‍ പാടില്ല. ഇന്നത്തപ്പോലെ ഭ്രാന്തമായ അവസ്ഥ അന്നുണ്ടായിരുന്നില്ലെങ്കിലും അമ്പലത്തിന്റെ പരിശുദ്ധി ഇത്തരം കാര്യങ്ങളില്‍ കാത്തു സൂക്ഷിച്ചിരുന്നു. എന്നാല്‍ ബുദ്ധിപരമായ നീക്കത്തിലൂടെ എം ടി സിനിമയ്ക്കാവശ്യമായതെല്ലാം പി ജെ ആന്റണിയെക്കൊണ്ട് ചെയ്യിച്ചു. അമ്പലത്തില്‍ തന്ത്രപൂര്‍വം പി ജെ ആന്റണിയെ പ്രവേശിപ്പിച്ചു. ദേവിയുടെ മുഖത്തേക്കു രക്തം തുപ്പുന്ന രംഗം ചിത്രീകരിച്ചു. നാട്ടുകാരോ അമ്പലക്കമ്മറ്റിയോ ഇതൊന്നും അറിഞ്ഞില്ല. എന്നാല്‍ ‘നിര്‍മ്മാല്യം’ റിലീസ് ചെയ്തപ്പോഴാണ് നാട്ടുകാര്‍ക്ക് എല്ലാം മനസിലായത്. നാട്ടുകാര്‍ ഇളകി. അവസാനം ശുദ്ധികലശം നടത്തി. ഇതെല്ലാം അറിഞ്ഞ ആന്റണി ‘അതൊക്കെ അവരുടെ വിശ്വാസം. ഞാന്‍ തികച്ചും ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. എനിക്ക് ദെെവവിശ്വാസമില്ല, എനിക്ക് പള്ളിയും പട്ടക്കാരനും ഇല്ല.’

തല കുനിക്കാത്ത ഭരത് നടന്‍

എറണാകുളത്ത് പച്ചാളം എന്ന സ്ഥലത്ത് ഒരു പാവപ്പെട്ട ബേക്കറി ഉടമയുടെ മകനായി ജനിച്ച ആന്റണിക്ക് ചെറുപ്പം മുതല്‍ തന്നെ കലാവാസന ഉണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍ മറ്റാര്‍ക്കും ഇത്തരം വാസനകള്‍ ഇല്ലാതിരുന്നതുകൊണ്ട് പ്രോത്സാഹിപ്പിക്കാന്‍ ആരുമില്ലായിരുന്നു. എന്നിട്ടും തന്റെ വഴി കലയാണെന്ന് ആന്റണി തിരിച്ചറിഞ്ഞു. അന്നൊക്കെ കലാകാരന്മാരുടെ പക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. വീട്ടില്‍ ജോലി ഇല്ലാതെ നില്‍ക്കേണ്ടി വന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാരനായി മാറി. അതിനിടയില്‍ ഒരു ജോലി ലഭിച്ചു. നേവിയില്‍ ചേര്‍ന്നു. ബോംബെയില്‍ പോയി. അവിടെ ഒരു നാടകം അവതരിപ്പിച്ചു. അതു ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിലും ജോലിയില്‍ നിന്നും പിരിച്ചുവിടാതെ ആന്റണിയെ നോട്ടപ്പുള്ളിയാക്കി. ആയിടയ്ക്ക് ബോംബെയില്‍ നാവിക കലാപം പൊട്ടിപ്പുറപ്പെട്ടു. ആന്റണി രണ്ടാമതൊന്നു ചിന്തിക്കാതെ കലാപത്തില്‍ പങ്കെടുത്തു. അതിന്റെ പേരില്‍ ആന്റണിയെ നേവിയില്‍ നിന്നും പിരിച്ചുവിട്ടു. ഒരു നല്ല കാര്യത്തിന് ഇറങ്ങിത്തിരിച്ചതിന്റെ പേരില്‍ ആന്റണിക്ക് വേദന തോന്നിയില്ല. ഒരു ജോലി പോയാല്‍ മറ്റൊരു ജോലി. എന്നാല്‍ സ്വാതന്ത്ര്യവും അഭിമാനവും ആര്‍ക്കും അടിയറ വയ്ക്കില്ലെന്ന് തീരുമാനമെടുത്തു.

ആന്റണിക്കെതിരെ നാടകവിരുദ്ധ മുന്നണി

നാട്ടില്‍ തിരിച്ചെത്തിയ ആന്റണി ജന്മിമാര്‍ക്കും പള്ളിക്കും എതിരെ ഒരു നാടകം എഴുതി. ‘തെറ്റിദ്ധാരണ’ എന്നു പേരിട്ട നാടകം എതിര്‍പ്പ് ഏറ്റുവാങ്ങി. അതിനുശേഷം പൂര്‍ണസമയം കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായി. കലകൊണ്ട് കമ്മ്യൂണിസം വളര്‍ത്താം എന്ന തീരുമാനത്തോടെ സ്വന്തമായി ഒരു നാടകസമിതി രൂപീകരിച്ചു. ‘പ്രതിഭ ആര്‍ട്ട്സ് ക്ലബ്’ എന്നു പേരിട്ട സമിതി’ ഈങ്ക്വിലാബിന്റെ മക്കള്‍’ എന്ന നാടകം അവതരിപ്പിച്ചു. ആന്റണിയുടെ ശക്തമായ രചനയായിരുന്നു അത്. ഈ നാടകം കോളിളക്കം സൃഷ്ടിച്ചു. ഫാദര്‍ വടക്കനച്ചനെപ്പോലുള്ളവര്‍ ഈ നാടകത്തിനെതിരെ രംഗത്തുവന്നു. അതിനുവേണ്ടി വടക്കനച്ചന്റെ നേതൃത്വത്തില്‍ നാടകവിരുദ്ധ മുന്നണി ഉണ്ടാക്കി. എല്ലാം കണ്ട് ആന്റണി ചിരിക്കുക മാത്രം ചെയ്തു. ‘ഇതുകൊണ്ടൊന്നും എന്റെ മനസ് മാറ്റാന്‍ കഴിയില്ല. അവസരങ്ങള്‍ക്കു വേണ്ടി ഞാന്‍ ആശയം അടിയറവ്‌ വയ്ക്കില്ല. കമ്മ്യൂണിസ്റ്റുകാരന്‍ ആണ് ഞാനെന്ന് അറിഞ്ഞുകൊണ്ട് ഉണ്ടാകുന്ന അംഗീകാരവും നേട്ടവും മതി എനിക്ക്.’ ആന്റണിയുടെ ധീരമായ പ്രഖ്യാപനം. എന്നാല്‍ അതു കേള്‍ക്കാനും ആളുകളുണ്ടായി. സിനിമാ നിര്‍മ്മാതാവിന്റെ രൂപത്തില്‍ ഒരാള്‍ വന്നു. പി സുബ്രഹ്മണ്യം മെരിലാന്റ് സ്റ്റുഡിയോ ഉടമസ്ഥന്‍. താന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയിലേക്ക് പി ജെ ആന്റണിയെ ക്ഷണിച്ചു. തകഴി ശിവശങ്കരപിള്ളയുടെ ‘രണ്ടിടങ്ങഴി’ എന്ന നോവലായിരുന്നു സിനിമക്കാധാരം.

ഓരോ സിനിമയിലും എന്തെങ്കിലും പുതുമ കൊണ്ടുവരാന്‍ പി സുബ്രഹ്മണ്യം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് തകഴിയുടെ നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചത്. ‘രണ്ടിടങ്ങഴി’ എന്ന പ്രശസ്ത നോവല്‍ സിനിമയാക്കും മുമ്പുതന്നെ വായനക്കാര്‍‌ക്ക് ഇഷ്ടമായിരുന്നു. ഏറെ ജനശ്രദ്ധ നേടിയ നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ‘കലയും കച്ചവടവും’ എന്ന നിലയിലാണ് പി സുബ്രഹ്മണ്യം അതിനെ കണ്ടത്. കര്‍ഷക തൊഴിലാളികളായ അധഃകൃതരെ ഭൂഉടമകള്‍ ചൂഷണം ചെയ്യുന്നതിനെതിര വിപ്ലവ കാഹളം മുഴക്കിയ എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു തകഴി ശിവശങ്കരപിള്ള. ഈ നോവല്‍ വായിച്ചിരുന്ന പി ജെ ആന്റണിക്ക് ‘രണ്ടിടങ്ങഴി‘യില്‍ ഏതു റോള്‍ അഭിനയിക്കാനും സന്തോഷമായിരുന്നു. കേരളത്തില്‍ ഇടതുപക്ഷ തരംഗവും കമ്മ്യൂണിസ്റ്റ് ഭരണവും പുതിയ പ്രതീക്ഷകളാണ് ഉയര്‍ത്തിവിട്ടത്. അതിനു ഒരു കാരണമായിത്തീര്‍ന്നത് ‘രണ്ടിടങ്ങഴി‘യും. നായക കഥാപാത്രമായ കോരനെയാണ് പി ജെ ആന്റണി അവതരിപ്പിച്ചത്. കോരന്‍ ഒരു പറയ യുവാവാണ്. കോരനും പറയി ചിരുതയും അവളെ സ്നേഹിച്ച ചാത്തനും അടങ്ങുന്നതാണ് ‘രണ്ടിടങ്ങഴി‘യുടെ ലോകം. മൂന്നുപേരും ഔസേപ്പ് എന്ന ജന്മിയുടെ കര്‍ഷകതൊഴിലാളികളാണ്. തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ മാത്രമായിരുന്നു ഔസേപ്പിനുണ്ടായിരുന്നത്. തൊഴിലാളികളെ വേദനിപ്പിച്ചു പീഡിപ്പിക്കുന്നതില്‍ അയാള്‍ ഒരു തരം സുഖം കണ്ടെത്തിയിരുന്നു. ഇതിനെതിരെ സംഘടിക്കാനും ശക്തരാകാനും കോരന്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കി. അതുകൊണ്ട് നിരവധി എതിര്‍പ്പുകള്‍ കോരന് നേരിടേണ്ടിവന്നു.

ഔസേപ്പിനെപോലെ തന്നെ ക്രൂരനും സ്ത്രീലമ്പടനുമാണ് അയാളുടെ മകന്‍. അയാള്‍ ചിരുതയെ പ്രലോഭിപ്പിച്ച് തന്റെ ഇഷ്ടം നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ വഴങ്ങിയില്ല. എങ്കിലും അയാള്‍ പരാജയപ്പെട്ടില്ല. എങ്ങനെയെങ്കിലും തന്റെ ആഗ്രഹം സാധിച്ചെടുക്കുന്നതിനുവേണ്ടി തക്കം നോക്കി നടന്നു. മറ്റാരും ഇല്ലാത്ത ഒരു ദിവസം രാത്രി അയാള്‍ അവളുടെ കുടിലില്‍ ചെന്ന് ആഗ്രഹം സാധിക്കുന്നതിന് ബലാല്‍ക്കാരം ചെയ്യുന്നു. രക്ഷപ്പെടാനുള്ള ശ്രമം നടത്തയെങ്കിലും കഴിയുന്നില്ല. അപ്പോഴാണ് കോരന്‍ അവിടെ എത്തിയത്. ഒടുവില്‍ ചിരുതയെ രക്ഷിക്കാന്‍ അയാളെ കൊലപ്പെടുത്തേണ്ടി വന്നു. കോരന്‍ ജയിലിലേക്ക് പോയി. ആ സമയം ചിരുതയുടെ സംരക്ഷണം ചാത്തനെ ഏല്‍പ്പിച്ചു. കോരന്‍ വരുന്നതും കാത്ത് ചിരുത വര്‍ഷങ്ങള്‍ കാത്തിരുന്നു. തന്നെ കാത്തിരിക്കരുതെന്നും ചാത്തനുമായി ചേര്‍ന്ന് നല്ലൊരു ജീവിതം തുടങ്ങണമെന്നും കോരന്‍ പറഞ്ഞെങ്കിലും ചിരുത അത് കേട്ടില്ല. ചാത്തനെ സഹോദരനായിട്ടാണ് കണ്ടിരുന്നതെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ചിരുത തുറന്നുപറഞ്ഞു. ജയില്‍ മോചിതനായി തിരിച്ചെത്തുന്ന കോരന്‍ ചിരുതയോടൊപ്പം ജീവിക്കുന്നതും തൊഴിലാളികള്‍ക്കു വേണ്ടി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതുമാണ് ‘രണ്ടിടങ്ങഴി‘യുടെ കഥ. കമ്മ്യൂണിസ്റ്റുകാരനായ പി ജെ ആന്റണിക്ക് കോരന്‍ എന്ന കഥാപാത്രത്തെ ലഭിച്ചപ്പോള്‍ അത് വിചാരിച്ചതിനേക്കാള്‍ പതിന്മടങ്ങ് നന്നായി അഭിനയിച്ചു. ‘സത്യത്തില്‍ ഞാന്‍ കോരനായി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു’ എന്നാണ് അഭിമാനത്തോടെ പി ജെ ആന്റണി പറഞ്ഞത്: ആദ്യ സിനിമയില്‍ തന്നെ ഇത്തരത്തിലുള്ള കഥാപാത്രം നല്കിയതില്‍ പി സുബ്രഹ്മണ്യത്തിനു നന്ദിപറഞ്ഞുകൊണ്ടാണ് അവിടംവിട്ടത്.

അരിവാളും ചുറ്റികയുമുള്ള കൊടി മലയാള സിനിമയില്‍

സംഭാഷണമധ്യേ പി ജെ ഒരിക്കല്‍ പറയുകയുണ്ടായി. ഞാന്‍ ആഗ്രഹിച്ചതുപോലെ ഒരു കഥാപാത്രത്തെ ആദ്യസിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. അതുപോലെ മലയാള സിനിമയിലാണ് അരിവാളും ചുറ്റികയുമുള്ള രക്തപതാക ആദ്യം അവതരിപ്പിച്ചത്. ആ കൊടി പിടിച്ച് ജാഥ നയിക്കാനുള്ള ഭാഗ്യം ഉണ്ടായതും എനിക്കാണ്- ”രണ്ടിടങ്ങഴി‘യില്‍. സിനിമയില്‍ നിന്നും നാടകലോകത്തു നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും എന്റെ ആദര്‍ശത്തിനൊത്ത് ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ‘രണ്ടിടങ്ങഴി’ എന്ന ചിത്രത്തെ തുടര്‍ന്ന് ഭാര്‍ഗവീനിലയം, മുടിയനായ പുത്രന്‍, നിണമണിഞ്ഞ കാല്പാടുകള്‍, കാല്പാടുകള്‍, തച്ചോളി ഒതേനന്‍, അമ്മയെ കാണാൻ, ആദ്യകിരണങ്ങള്‍, റോസി, കളഞ്ഞുകിട്ടിയ തങ്കം, രാജമല്ലി, കറുത്ത പൗര്‍ണമി, അസുരവിത്ത്, പുന്നപ്ര വയലാര്‍, ഇരുട്ടിന്റെ ആത്മാവ്, തറവാട്ടമ്മ, കുഞ്ഞാലിമരയ്ക്കാര്‍, ശീലാവതി, ബാല്യകാലസഖി, മനസ്വിനി, ചൂള തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. നാടകമായിരുന്നു പി ജെ ആന്റണിക്ക് എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍‍ ഷൈന്‍ ചെയ്യാന്‍ കഴിഞ്ഞത്. ഇങ്ക്വിലാബിന്റെ മക്കളില്‍ തുടങ്ങിയ ശക്തമായ നാടകത്തെ തുടര്‍ന്ന് മണ്ണ്, സോഷ്യലിസം, പ്രളയം, ശിക്ഷ, രശ്മി, കാഴ്ചബംഗ്ലാവ്, ചക്രായുധം, രംഗം, മൂഷിക സ്ത്രീ, സോക്രട്ടറിസ്, ഞങ്ങളുടെ മണ്ണ്, പൊതുശത്രുക്കള്‍, ജ്വാല തുടങ്ങി നിരവധി നാടകങ്ങളിലൂടെ പി ജെ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് സാംസ്കാരിക ചരിത്രത്തിനു മറക്കാന്‍ കഴിയില്ല.

എന്നിട്ടും അര്‍ഹിക്കുന്ന ഒന്നും പി ജെക്ക് ലഭിച്ചില്ല. ആരുടെ മുന്നിലും കൈനീട്ടാനോ തനിക്കെന്തെങ്കിലും സ്ഥാനമാനങ്ങള്‍ വേണമെന്നു പറയാനോ പി ജെ ആന്റണി തയാറായിരുന്നില്ല. ഒന്നു മുട്ടുമടക്കിയിരുന്നെങ്കില്‍, പലതും നേടാന്‍ കഴിയുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും വിശ്വസിക്കുന്നു. ‘എന്നെ വിലയ്ക്കുവാങ്ങാന്‍ മാത്രം ആരും വളര്‍ന്നിട്ടില്ല, എനിക്ക് വിലയിടാനും സിനിമ ജീവിതകാലം മുഴുവന്‍ വേണമെന്ന അഭിപ്രായവും എനിക്കില്ല.’ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മുറുകെ പിടിച്ച ഈ സ്നേഹമുള്ള ധിക്കാരി താന്‍കൂടി അംഗമായ സിനിമയെക്കുറിച്ച് പരസ്യമായി പറഞ്ഞതെന്താണെന്നോ? ‘കള്ളപ്പണക്കാരും വേശ്യകളും ഇടകലര്‍ന്ന് ഒന്നായി നടക്കുന്ന വര്‍ണത്തേരാണ് സിനിമ.’ ഈ തുറന്നുപറച്ചിലിനുശേഷമാണ് പി ജെ ആന്റണിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞത്. അതിലൊന്നും ആന്റണിക്ക് സങ്കടമോ വിഷമമോ പരിഭവമോ ഉണ്ടായിരുന്നില്ല. പറഞ്ഞത് തിരുത്തിപ്പറയാനോ തെറ്റുപറ്റിയെന്നു മാപ്പു പറയാനോ ആന്റണി ഒരുക്കമല്ലായിരുന്നു. എന്നിട്ടും ആന്റണിയെ സ്നേഹിക്കുന്നവര്‍ തങ്ങളുടെ സിനിമകളിലേക്ക് ക്ഷണിച്ചു. അപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാനാണ് ആന്റണി ശ്രമിച്ചത്. അങ്ങനെ ലഭിച്ച സിനിമയാണ് ‘മണ്ണിന്റെ മാറില്‍. പി എ ബക്കര്‍ സംവിധാനം ചെയ്ത ഈ സിനിമയാണ് ഈ വിപ്ലവകാരിയുടെ അവസാന സിനിമ. സിനിമയുടെ ഡബ്ബിംഗ് നടക്കുന്ന അവസരത്തിലാണ് (1979 മാര്‍ച്ച് 14ന്) ഈ ബഹുമുഖ പ്രതിഭ ലോകത്തോടു വിട പറഞ്ഞത്. അപ്പോഴും ഒരു ചെറിയ വാടകവീടും ഭാര്യയും രണ്ടുമക്കളും മാത്രമായിരുന്നു പി ജെ ആന്റണിയുടെ സമ്പാദ്യം.

മരണശേഷം സഹായം സ്വീകരിക്കരുത്

മരണത്തിന് ഏതാനും നാള്‍മുമ്പ് ആന്റണി ഭാര്യയോടും മക്കളോടുമായി പറഞ്ഞു. “തന്റെ മരണശേഷം പലരും കണ്ണീരൊഴുക്കി, പല തരത്തിലുള്ള സഹായ വാഗ്ദാനങ്ങളുമായി വരും. എന്നാല്‍ ഒരു ചില്ലിക്കാശ് ആരില്‍ നിന്നും വാങ്ങരുത്. അങ്ങനെ എന്തെങ്കിലും സഹായം വാങ്ങിയാല്‍ ഞാന്‍ ശവക്കല്ലറയില്‍ നിന്നും എണീറ്റുവന്ന് കാര്‍ക്കിച്ചു തുപ്പും.” പി ജെ യുടെ മരണശേഷം ആരും സഹായങ്ങളുമായി വന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടുനീക്കിയത്. ഒരു മകളെ പഠിപ്പിച്ചു വക്കീലാക്കി. മകന്‍ പി ജെ പബ്ലിക്കേഷന്റെ പേരില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല. പി ജെ ആന്റണി വളര്‍ത്തിക്കൊണ്ടുവന്ന ഒരു നടന്‍ ആന്റണി മരിച്ചെന്നറിഞ്ഞിട്ടും ഒന്നുവരാനുള്ള സന്മനസും പോലും കാട്ടിയില്ല. എന്നാല്‍ പിന്നീട് ആ വീട്ടില്‍ വന്ന് അധികാരവും അവകാശവും സ്ഥാപിച്ച് പലതും സ്വന്തമാക്കാന്‍ ശ്രമിച്ചു. അതിലൊന്നിലും ആന്റണിയുടെ ഭാര്യയോ മക്കളോ വീണില്ല.

സി അച്യുതമേനോന്റെ സഹായം

സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായരുന്നപ്പോള്‍ പി ജെ ആന്റണിയുടെ കുടുംബത്തിന് പത്ത് സെന്റ് സ്ഥലം വാങ്ങി അതില്‍ ഒരു വീടുവയ്ക്കാനും ബാക്കി തുക ബാങ്കിലിടാനും ഒരു ശ്രമം നടത്തി. അന്ന് മന്ത്രിയായിരുന്ന പി ജെ ജോസഫിനെക്കൊണ്ട് എറണാകുളം ഭാഗത്ത് കുറച്ചുസ്ഥലവും കാര്യമായ ഫണ്ടും സംഘടിപ്പിച്ചു. എന്നാല്‍ ഇതറിഞ്ഞ പി ജെ ആന്റണിയുടെ ഭാര്യയും മക്കളും സ്നേഹപൂര്‍വം അത് നിരസിക്കുകയാണ് ചെയ്തത്. ആന്റണിയുടെ സ്വഭാവമറിയാവുന്നതു കൊണ്ട് പിന്നീട് അതേക്കുറിച്ച് കൂടുതല്‍ പറയുകയോ നിര്‍ബന്ധിക്കുകയോ ചെയ്തില്ല. രൂപ ഫെഡറല്‍ ബാങ്കിലാണ് ഡെപ്പോസിറ്റ് ചെയ്തിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആന്റണിയുടെ വീട്ടുകാര്‍ ഫണ്ടും സ്ഥലവും ഉപേക്ഷിച്ചപ്പോള്‍ അച്യുതമേനോന്റെ അടുത്തുചെന്ന് ഫണ്ട് തിരിമറി നടത്താന്‍ ശ്രമിച്ച നടനെ ദേഷ്യത്തോടെ അച്യുതമോനോന്‍ തിരികെ അയച്ചു. ഇപ്പോള്‍ ആ ഫണ്ടിന്റെ സ്ഥിതി എന്താണെന്ന് അറിയില്ല.

ചെങ്കൊടി പിടിച്ചു നില്‍ക്കുന്ന സ്മാരകമെങ്കിലും

ആരോടും ഒന്നും ചോദിക്കാതെ, കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറയുകമാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വിപ്ലവത്തിന്റെ ജ്വാലകള്‍ നാടകങ്ങളിലൂടെ തുറന്നുവിട്ട ആദര്‍ശത്തിന്റെ ആള്‍രൂപമായ പി ജെ ആന്റണി എന്ന ബഹുമുഖ പ്രതിഭയായ കമ്മ്യൂണിസ്റ്റുകാരന് ഒരു സ്മാരകത്തെക്കുറിച്ച് ചിന്തിക്കേണ്ടതായിരുന്നു. ജനം വെറുത്ത പലര്‍ക്കും വാരിക്കോരി കോടികള്‍ എറിഞ്ഞ് സ്മാരകങ്ങള്‍ ഉണ്ടാക്കാന്‍ അനുവാദം നല്‍കുന്നവര്‍ പി ജെ ആന്റണിയെ മറക്കുരുതായിരുന്നു. അദ്ദേഹം ചെങ്കൊടി പിടിച്ചു നില്‍ക്കുന്ന സ്മാരകമെങ്കിലും നിര്‍മ്മിക്കാന്‍ വിപ്ലവം മനസില്‍ സൂക്ഷിക്കുന്നവരെങ്കിലും മുന്നോട്ടുവരിക.