October 3, 2022 Monday

അന്ന് PPEകിറ്റിനുള്ളിലൂടെ എന്റെ ആർത്തവ രക്തം സ്വതന്ത്രമായി ഒഴുകി, കോവിഡ്‌ ഐ.സി.യുവിലെ ഡോക്ടറിന്റെ കുറിപ്പ്‌ വൈറലാവുന്നു

Janayugom Webdesk
May 31, 2020 12:53 pm

‘എന്റെ ആർത്തവരക്തം അന്ന് സ്വതന്ത്രമായി ഒഴുകി. അതിനെ തടയാൻ എന്റെ കാലുകൾക്കിടയിൽ അന്ന് നാപ്കിനുകൾ സുരക്ഷിതമായി ഉണ്ടായിരുന്നില്ല, ആർത്തവ ശുചിത്വം പാലിച്ചില്ലെങ്കിൽ ഉണ്ടാവുന്ന അണുബാധയുടെ പേടി എനിക്കുണ്ടായിരുന്നു’.ആർത്തവ ശൂചിത്വദിനത്തിൽ കോവിഡ് പ്രതിരോധത്തിലേർപ്പെട്ട ഡോക്ടറുടെ അനുഭവ കുറിപ്പ് വൈറാലായിരിക്കുകയാണ്. സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ കോവിഡ് ഐസിയു വാർഡിൽ ജോലിക്കിടെ ആർത്തവം സംഭവിച്ചതിന്റെ പ്രയാസമായാണ് ഡോ. കാംന പറയുന്നത്.

അനസ്തീഷ്യോളജി സ്‌പെഷ്യലിസ്റ്റാണ് ഞാന്‍. പിപിഇ കിറ്റ്, ഗോഗിള്‍സ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവകൊണ്ടുള്ള സുരക്ഷതീര്‍ത്തുമാത്രമേ കോവിഡ് ചികിത്സയില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ എന്നാണ് നിയമം. പിപിഇ കിറ്റ് ധരിക്കാന്‍ തന്നെ വേണം ഏറെ നേരം. ഡോണിങ് എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഏറ്റവും ഗുരുതരമായ കോവിഡ് രോഗികളുള്ള ഐസിയുവിലേക്ക് ഞങ്ങള്‍ പ്രവേശിക്കുന്നതും, 6 മണിക്കൂര്‍ ഡ്യൂട്ടിക്ക് ശേഷം ഐസിയുവില്‍ നിന്നും പുറത്തിറങ്ങുന്നതും വ്യത്യസ്ത വഴികളിലൂടെയാണ്. രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. രോഗാണുക്കളെ തടയുന്നതിന്റെ ഭാഗമായി ധരിക്കുന്നതിനേക്കാള്‍ സൂക്ഷ്മമായാണ് പിപിഇ കിറ്റ് അഴിക്കുന്നത്. ഡോഫിങ് എന്ന് പറയുന്ന ഈ പ്രക്രിയയ്ക്കും വേണം 45 മിനുട്ടില്‍ അധികം നേരം.

എനിക്ക് ആർത്തവം ഉണ്ടായ ദിവസത്തിന് മുന്നോടിയായി എനിക്ക് ചെറിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥകൾ ഉണ്ടായിരുന്നു. എന്നാൽ, അതൊന്നും അത്ര കാര്യമായിട് എടുത്തിരുന്നില്ല. ഡ്യൂട്ടി ആരംഭിച്ച് രണ്ട് മണിക്കൂറിനുശേഷമാണ് കാലുകള്‍ക്കിടയില്‍ അസ്വാഭാവികമായ എന്തോ ഒന്നുണ്ടെന്ന തോന്നല്‍. പെട്ടെന്ന്‌ മനസ്സിലായില്ലെങ്കിലും കുറച്ച് നേരം കൊണ്ട് തിരിച്ചറിഞ്ഞു, ആ ഒഴുകിയിറങ്ങുന്നത് എന്റെ ആര്‍ത്തവരക്തമാണെന്ന്. ആകെ സ്തബ്ധയായി പോയ അവസ്ഥയായിരുന്നു അത്.

എന്റെ കൈയിൽ സാനിറ്ററി നാപ്കിനില്ല. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡ് ഡ്യൂട്ടിയിലുള്ളവർ ഇത്തരം സാധനങ്ങൾ ഒന്നും കൊണ്ട് വരൻ അനുവാദമില്ല. ഇനി സാനിറ്ററി നാപ്കിൻ സംഘടിപ്പിച്ചാൽ തന്നെ ഒന്നര മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിലൂടെ മാത്രമേ എനിക്ക് പിപിഇ കിറ്റ് ഊരി നാപ്കിന്‍ ധരിച്ച് വീണ്ടും പിപിഇ കിറ്റ് ധരിച്ച് ഡ്യൂട്ടിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുയുള്ളൂ. എനിക്ക് പകരം മറ്റാരെയെങ്കിലും ഡ്യൂട്ടി ഏല്‍പ്പിക്കാമെന്നു വിചാരിച്ചാല്‍ അത് മൂന്നോളം പിപിഇ കിറ്റുകളെ നശിപ്പിക്കുന്ന അവസ്ഥയുമാണ്, അത് മാത്രമല്ല എനിക്ക് പകരം ഡ്യൂട്ടിയില്‍ കയറാന്‍ മറ്റൊരാള്‍ അവിടെ ഇല്ലാതാനും. സീനിയര്‍ ഡോക്ടര്‍മാരെല്ലാം മീറ്റിങിലാണ്. ഈ അവസരത്തില്‍ അവരെ വിളിച്ച് എന്ത് ചെയ്യണമെന്ന് ചോദിക്കാനും പറ്റില്ല. എനിക്ക് മുന്നില്‍ ആകെ ഉണ്ടായിരുന്ന വഴി ആ പിപിഇ കിറ്റില്‍ ശേഷിക്കുന്ന നാല് മണിക്കൂര്‍ ഷിഫ്റ്റില്‍ തുടരുക എന്നുമാത്രമായിരുന്നു.

കോവിഡ് വരും, പകര്‍ച്ചവ്യാധികള്‍ വരും, വെള്ളപ്പൊക്കം വരും, ചുഴലിക്കാറ്റ് വരും, ഭൂകമ്പങ്ങള്‍ വരും.. അപ്പോഴൊക്കെ ഉണ്ടാവും ഇത്തരത്തില്‍ ആര്‍ത്തവകാല പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍. അവര്‍ക്കായി ഇടപെടാന്‍ നമുക്ക് കഴിയണം. തന്റെ അനുഭവത്തിനുശേഷം കോവിഡ് വാര്‍ഡിലെ സ്ത്രീ പ്രവര്‍ത്തകര്‍ക്ക് ആര്‍ത്തവ സൈക്കിളിന്റെ കാലം ഡ്യൂട്ടി മാറ്റിക്കൊടുക്കാന്‍ നടപടി ഉണ്ടായെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കാമ്‌ന തന്റെ അനുഭവം പറഞ്ഞുനിര്‍ത്തുന്നത്.

ENGLISH SUMMARY: On my first day of Covid ICU duty bled in my PPE Peri­ods hap­pen even in a pandemic

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.