ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ അഗ്നിപര്‍വത സമാനമായ സവിശേഷതകള്‍

Web Desk

വാഷിങ്ടണ്‍ഡിസി

Posted on June 17, 2020, 5:43 pm

ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ ധ്രുവങ്ങളില്‍ അഗ്നിപര്‍വതങ്ങള്‍ കണ്ടെത്തി. നാസയുടെ ബഹിരാകാശ വാഹനമായ കാസിനിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ഇവയ്ക്ക് ധ്രുവങ്ങളിലെ തടാകങ്ങളുമായും ബന്ധമുണ്ടാകാമെന്ന് ശാസ്ത്രജ്ഞനായ ചാള്‍സ് എ വുഡ് ചൂണ്ടിക്കാട്ടുന്നു. ടൈറ്റനില്‍ ഇപ്പോഴും അഗ്നിപര്‍വത സ്‌ഫോടനം സജീവമാണെന്ന് ഇവയുടെ ഗര്‍ത്തങ്ങളില്‍ നിന്ന് മനസിലാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരധ്രുവത്തിലെ ചില താഴ്‌വരകള്‍ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായി ഉണ്ടായവയാണെന്നും ജിയോഫിസിക്കല്‍ റിസര്‍ച്ച്: പ്ലാനറ്റ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തില്‍ പറയുന്നു. ഇത്തരം താഴ്‌വരകള്‍ ദക്ഷിണ ധ്രുവത്തിലും കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയുടേതിന് സമാനമായ പല ഭൂവിഭാഗങ്ങളും ടൈറ്റനിലുമുണ്ടെന്ന് കാസിനി ദൗത്യം കണ്ടെത്തിയിട്ടുണ്ട്. മണല്‍ക്കൂനകളും നദീതടങ്ങളും തടാകങ്ങളുമുണ്ട്. ഗ്രഹോപരിതലത്തിലെ ഊഷ്മാവ് വ്യതിയാനമാണ് ഇതിന് കാരണമെന്നും വൂഡ് പറയുന്നു. ഇവിടെ ആന്തരികമായ ഊഷ്മാവ് ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഐസ് നിറഞ്ഞ ഉള്‍ക്കാമ്പില്‍ നിന്ന് ടൈറ്റന്റെ ഉപരിതലത്തിലേക്ക് ജലപ്രവാഹമുണ്ടാകാനുള്ള കാരണമിതാണ്. തിരിച്ചും സംഭവിക്കാറുണ്ട്.

അഗ്നിപര്‍വത സ്‌ഫോടനങ്ങളിലൂടെ ഭൂമിയിലും ചൊവ്വയിലുമുണ്ടായ രൂപമാറ്റങ്ങളാണ് ഇവിടെയും സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

eng­lish sum­ma­ry: On Sat­urn’s Moon Titan, Vol­cano Like Fea­tures Found By NASA Space­craft

you may also like this video: