Tuesday
19 Mar 2019

മോഡി പങ്കെടുത്ത പരിപാടിയിൽ വനിതാ മന്ത്രിക്കു നേരെ ലൈംഗികാതിക്രമം

By: Web Desk | Tuesday 12 February 2019 11:24 AM IST


അഗർത്തല:  പ്രധാന മന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടിയിൽ വനിതാ മന്ത്രിക്കു നേരെ ലൈംഗികാതിക്രമം. കായിക വകുപ്പ് മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രി സന്ദന ചക്മയോട് അപമര്യാദയായി പെരുമാറിയത്. ദിവസങ്ങൾക്ക് മുൻപ് നരേന്ദ്ര മോഡി ത്രിപുരയിൽ പങ്കെടുത്ത പരിപാടിയിലാണ് മന്ത്രിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മനോജ് കാന്തിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നതിനിടെ വേദിയുടെ വശത്തേക്കായി മാറി നിന്ന മനോജ് ദേബ് വനിതാ മന്ത്രിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. മനോജ് ദേബിന്റെ പെരുമാറ്റത്തെ സന്ദന ചക്മ എതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വേദിയില്‍ ഒരു തിരക്കുമില്ലായിരുന്നിട്ടും കായിക മന്ത്രി ബോധപൂര്‍വ്വമാണ് ഇവരെ കടന്നു പിടിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ കായിക മന്ത്രിയെ അറസ്റ്റ്‌ ചെയ്യണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട ഇടത് മുന്നണി കണ്‍വീന‍ര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമായി വര്‍ദ്ധിച്ചെന്നും ഒരു മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

Related News