19 April 2024, Friday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

പത്താം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

റെജി കുര്യന്‍
ന്യൂഡല്‍ഹി
July 29, 2022 11:16 pm

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ആഴ്ചയും പ്രതിഷേധത്തില്‍ അവസാനിച്ചു. സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ ഭരണപക്ഷ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ തുടര്‍ച്ചയായ പത്താം ദിവസവും നടപടികള്‍ സ്തംഭിച്ചു. സസ്‌പെന്‍ഷനെതിരെ എംപിമാര്‍ നടത്തിവന്ന 50 മണിക്കൂര്‍ സത്യഗ്രഹം പൂര്‍ത്തിയായി.
വിലക്കയറ്റം, ജിഎസ്‌ടി വര്‍ധന, അഗ്നിപഥ് ഉള്‍പ്പെടെ രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി.
ലോക്‌സഭയില്‍ നിന്നും നാല് എംപിമാരെയും രാജ്യസഭയില്‍ നിന്നും 23 എംപിമാരെയുമാണ് ഈയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് വിഷയങ്ങള്‍ക്കൊപ്പം എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്.
ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടലുണ്ടായി. ഭരണപക്ഷം സഭയില്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചപ്പോള്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം നടത്തി.
രാവിലെ സമ്മേളിച്ച ലോക്‌സഭ ആദ്യം 12 വരെയും പിന്നീട് രണ്ടുവരെയും അവസാനം നാലു വരെയും നിര്‍ത്തിവച്ചു. തുടര്‍ന്ന് സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
രാജ്യസഭാ നടപടികള്‍ ഏതാനും മിനിറ്റുകളില്‍ ഒതുങ്ങി. പതിനൊന്നിനു ചേര്‍ന്ന സഭയില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതോടെ ഉച്ചവരെ നിര്‍ത്തിവച്ചു. വീണ്ടും സമ്മേളിച്ചെങ്കിലും സമാന ദൃശ്യങ്ങളാണ് കാണാനായത്. തുടര്‍ന്ന് രണ്ടിനു ചേര്‍ന്ന സഭ നാലുവരെ നിര്‍ത്തിവച്ചു. നാലിനു ചേര്‍ന്ന സഭ പ്രതിഷേധം തുടര്‍ന്നതോടെ തിങ്കളാഴ്ചത്തേക്ക് പിരിയുകയാണുണ്ടായത്.
വിലക്കയറ്റം ലോക്‌സഭയില്‍ തിങ്കളാഴ്ച ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് സൂചന. ഈ മാസം 18ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വരുന്ന മാസം 12നാണ് അവസാനിക്കുന്നത്.
സഭാ സമ്മേളനം പൂര്‍ത്തിയാകുന്നതിന് മുമ്പ്, ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്.

Eng­lish Sum­ma­ry: On the 10th day, Par­lia­ment stalled

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.