6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 3, 2024
October 3, 2024
October 3, 2024
October 3, 2024
October 1, 2024
September 30, 2024
September 28, 2024
September 26, 2024
September 24, 2024
September 24, 2024

സമൃദ്ധിയുടെ ഉത്സവത്തിലെ ഓണക്കളികള്‍

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
September 14, 2024 10:11 pm

അടുത്ത ലോകകപ്പ് 2026ൽ നടക്കുകയാണ്. ലോകമാകെയുള്ള രാജ്യങ്ങളും കളിക്കാരും മത്സരത്തിനുള്ള കടുത്ത പരിശീലനത്തിലാണ്. ലോകകപ്പിനുള്ള ക്വാളിഫയിങ് മത്സരങ്ങൾ മിക്കരാജ്യങ്ങൾക്കും പ്രധാനമാണ്. അതിൽ ഏറ്റവും കൂടുതൽ ആവേശവും വാശിയും നിറഞ്ഞ മത്സരങ്ങൾ നടക്കുന്നത് ലാറ്റിനമേരിക്കൻ മേഖലയിലാണ്. അവിടെ നിന്നാണ് നിലവിലുള്ള ചാമ്പ്യന്മാർ കടന്നുവരേണ്ടത്. അർജന്റീന നന്നായി ശ്രദ്ധിച്ചാണ് ഓരോചുവടും മുന്നോട്ട് വയ്ക്കുന്നത്. ഗ്രൂപ്പ് മത്സരത്തിലുള്ള എട്ട് കളികൾ എല്ലാടീമുകളും മുഴുമിച്ചപ്പോൾ ഒന്നാംസ്ഥാനത്ത് അർജന്റീന തന്നെയാണ്. 18 പോയിന്റാണ് അവരുടെ അക്കൗണ്ടിലെത്തിയത്. രണ്ടാം സ്ഥാനത്ത് കൊളംബിയയാണ്. അവർക്ക് 16 പോയിന്റുണ്ട്. തൊട്ടടുത്ത് ഉറുഗ്വെ 15 പോയിന്റുമായി മൂന്നാമതുണ്ട്. ഇക്വഡോർ നാലാമതാണ് 11 പോയിന്റുണ്ട്. ബ്രസീൽ അഞ്ചാം സ്ഥാനത്താണ്, 10 പോയിന്റ്. തൊട്ടടുത്ത് വെനസ്വേല 10 പോയിന്റ് നേടി ആറാം സ്ഥാനത്തുണ്ട്.
ഒരിക്കൽ കൂടി ചാമ്പ്യൻഷിപ്പ് നേടി വീരനായകനായി വിരമിക്കാൻ കാത്തിരിക്കുന്ന ലയണൽ മെസിക്ക് സ്വന്തം രാജ്യത്തിന്റെ കരുത്തിൽ പ്രതീക്ഷയുണ്ട്. പക്ഷെ കഴിഞ്ഞ കളിയിൽ അവരോട് കണക്ക് പറയുവാൻ വന്നത് കൊളംബിയക്കാരാണ്. പഴയകാലത്ത് എസ്കോബാറിന്റെ സെൽഫ് ഗോളിൽ തോറ്റതിന് അദ്ദേഹത്തിന്റെ ജീവനെടുത്ത കളി ഭ്രാന്തന്മാരുടെ നാട്ടിൽ നിന്ന് വന്നവരാണ് കൊളംബിയ. അവർ ഇത്തവണ അർജന്റീനയോട് പകരംവീട്ടിയത് ലോകം കൗതുകത്തോടെ കണ്ടു. 

കോപ്പ അമേരിക്ക ഫൈനലിൽ പരാജയം രുചിച്ചതിന് കണക്കുപറയാൻ അവർക്ക് കഴിഞ്ഞു. കോപ്പയിലെ ഫൈനലിൽ മെസിക്ക് പറ്റിയ പരിക്ക് കൊളംബിയയുടെ സംഭാവനയാണ്. അത് പൂർണമായും മാറിയില്ല. മെസിയില്ലാത്ത അർജന്റീന ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിലാകും കളിക്കളത്തിലെന്ന് കാണാറുണ്ട്. കൊളംബിയയുമായുള്ള കളിയിൽ 22-ാം മിനിറ്റിൽ വാങ്ങിയ ഗോൾ തിരിച്ചടിക്കാൻ അർജന്റീനയ്ക്ക് കഴിയാതിരുന്നതിൽ മെസിയുടെ അഭാവംകൂടിയുണ്ട്. അതിന്റെ അർത്ഥം കൊളംബിയ നിസാരക്കാരാണെന്നല്ല. ഇത്തവണയും കൊളംബിയയെ ഭയക്കേണ്ടതുണ്ട്. കോപ്പയിൽ നിർഭാഗ്യം കൂടി അവരെ തുലച്ചെങ്കിൽ പുതിയ നിര കൂടുതൽ കരുത്തരാണ്. എന്തായാലും ലാറ്റിനമേരിക്കയിൽ നിന്നും ക്വാളിഫൈ ചെയ്തു വരുന്നവർ എല്ലാം ശക്തരാണ്. അർജന്റീനയും ബ്രസീലും തോൽവി രുചിച്ചത് ഒരുമിച്ചാണ്. ബ്ര­സീൽ പരാഗ്വേയുടെ മുന്നിലാണ് ഇടറി വീണത്. അതും ലോകഫുട്ബോൾ റാങ്കിങ്ങിൽ 62-ാം സ്ഥാനക്കാരാണ് പരാഗ്വേ.
യുവനിരയുടെ കരുത്തിൽ വിനീഷ്യസ് ജൂനിയർ ഉൾപ്പെട്ട ആരെയും ഭയക്കാത്ത മുന്നേറ്റ നിരയുമായി വന്ന ബ്രസീലിന് 20-ാമത്തെ മിനിറ്റിൽ വന്നുകയറിയ ഗോളിന് മറുപടി നൽകുവാൻ പറ്റാത്ത നിസഹായതയാണ് ആരാധകരെ മൗനികളാക്കിയത്. ബ്രസീലിന്റെ പുതിയ പരിശീലകനും ഈ കളി ഒരു ഷോക്ക് തന്നെയാണ്. ബ്രസീലിന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ യോഗ്യതാറൗണ്ട് മത്സരങ്ങളിൽ ഇത്തവണത്തേത് പോലെയുള്ള തകർച്ച ഉണ്ടായിട്ടില്ല. ഇത്തവണ എട്ട് കളിയിൽ നാലും അവർ തോറ്റു. കഴിഞ്ഞ 20 വർഷത്തിൽ 71കളിയിൽ അവർ തോറ്റത് അഞ്ച് എണ്ണം മാത്രം. ഒരു നല്ല ചികിത്സയും കൂട്ടായ പരിശ്രമവും ഇല്ലെങ്കിൽ അവർക്ക് പ്രശ്നമാകും. അവരുടെയെല്ലാം മനസിൽ നെയ്മറുടെ വരവാണ്. നെയ്മറും തയ്യാറെടുത്തു തന്നെയാണ്. പക്ഷെ, ഏറ്റവും ഒടുവിൽ വന്ന മെഡിക്കൽ റിപ്പോര്‍ട്ടിൽ നെയ്മർക്ക് രണ്ട്മാസം കൂടി വിശ്രമം വേണമെന്നാണ് നിർദേശം. ചാമ്പ്യൻഷിപ്പിൽ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരുമാണ് അർജന്റീനയും ബ്രസീലും. രണ്ടു കൂട്ടർക്കും പുറമെ കൊളംബിയ, ഉറുഗ്വെ, ഇക്വഡോർ, വെനസ്വേല എന്നീ ആറു ടീമുകൾ ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ നിന്നും ലോകകപ്പിലെത്തുമെന്ന് പ്രതീക്ഷിക്കാം. 

കേരളീയർക്ക് സമൃദ്ധിയുടെ ഉത്സവമാണ് ഓണനാളുകൾ. ഓണക്കാലത്ത് വിവിധയിനം കളികൾ ആഘോഷത്തിന് മാറ്റുകൂട്ടും. അതിൽ ഫുട്ബോൾ മത്സരങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണത്തെ ഓണത്തിന് ആവേശം കോരിച്ചൊരിയാൻ കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും മലപ്പുറത്തും ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നു. ഒപ്പം തന്നെ തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗും നടക്കുന്നു. കേരള സൂപ്പർലീഗ് ഫുട്ബോൾ ആറുടീമുകളുടെ ആവേശപ്പോരാട്ടമാണ്. കണ്ണൂരും തൃശൂരും മലപ്പുറവും കൊച്ചിയും തിരുവനന്തപുരവും ചേർന്ന ആറുടീമുകളുടെ പോരാട്ടവീഥികൾ ആവേശം വാരിയെറിയുന്നുണ്ട്. നാലു പതിറ്റാണ്ട് കാലമായി നിലച്ചുപോയ ഓൾ ഇന്ത്യ ഫു­ട്ബോൾ മത്സരങ്ങളുടെ സമരവീഥികൾ വീണ്ടും സജീവമാകുന്നത് ആർത്തിയോടെയാണ് ഫുട്ബോ­ൾ ആ­രാധകർ സ്വീകരിക്കുന്നത്. സേട്ട് നാഗ്ജിയുടെ ആരവങ്ങളുയർന്ന കോഴിക്കോട് സ്റ്റേഡിയം വീണ്ടും ആർപ്പു വിളികളും കരഘോഷങ്ങളുമായി ജനസഞ്ചയം വരവറിയിച്ചു. കണ്ണൂർ വാരിയേഴ്സും, തൃശൂർ മാജിക് എഫ്‌സിയുമായുള്ള കളിയിലൂടെയാണ് തുടങ്ങിയത്. കണ്ണൂർ ഹോം ഗ്രൗണ്ടിൽ വിജയം തുടങ്ങിവച്ചു. രണ്ടാം മത്സരം കൊച്ചി ഫോഴ്സായോട് സമനിലയിലായി. സിനിമാ താരങ്ങളും ബിസിനസ് മേഖലയും സംബന്ധ വ്യക്തികളും ചേർന്ന സൗഹൃദ കൂട്ടായ്മയാണ് ടീമുകൾക്ക് പിന്നിൽ. മലപ്പുറക്കാരുടെ സഹ ഉടമസ്ഥനായത് ഇന്ത്യൻ ക്രിക്കറ്റിന് കേരളത്തിന്റെ സംഭാവനയായ സഞ്ജു സാംസനാണ്. ഇത് നമ്മുടെ നാട്ടിൽ ഫുട്ബോളിന്റെ വളർച്ചയ്ക്ക് വലിയ സഹായമാകും.

നമുക്കു എന്നും ഫുട്ബോളിന്റെ കാര്യത്തിൽ നിരാശയാണ്. കാരണം ലോകമാകെ ശ്രദ്ധിക്കുന്നതും ജനകോടികൾ ഇഷ്ടപ്പെടുന്നതുമായ കളിക്ക് നമ്മുടെ രാജ്യം ഇല്ലാത്തതെന്ത് എന്നാണ് നമ്മുടെ ചിന്ത. ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വന്നത് ലോകകപ്പിൽ ഇടമില്ലാത്ത ലോകജനസംഖ്യയിലെ വമ്പന്മാർ ഇന്ത്യയാണെന്നാണ്. അതോടൊപ്പം തന്നെയാണ് ലോകം സ്നേഹിക്കുന്ന ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 100 കോടി ആരാധകർ സമൂഹമാധ്യമങ്ങളിലുണ്ടെന്ന വാർത്ത. ലോകം ശ്രദ്ധിക്കുകയും ലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലത്തിലുള്ള കളികൾ ടിവിക്കു മുമ്പിൽ ഇരുന്നുകണ്ട് ആവേശം കൊള്ളുമ്പോഴും മനസിൽ ഇന്ത്യയില്ലാത്ത ദുഃഖം. എന്തുപറ്റി നമ്മുടെ നാട്ടിന്. ഫിഫ നേരത്തെ തന്നെ ആകാര്യം പറഞ്ഞതാണ്. നമ്മുടെ അസോസിയേഷൻകാർക്ക് കളിയിൽ ജയിക്കലല്ല പ്രധാനം, സ്വന്തം കാര്യമാണ്. ഫിഫ നേരത്തെ പറഞ്ഞു ഇന്ത്യൻ ഫുട്ബോളിൽ ഫ്രൊഫഷനിസം തുടങ്ങണമെന്ന്. നമ്മുടെ ഫുട്ബോൾ മേധാവികൾക്ക് ഒരു താല്പര്യവുമില്ല. പത്തു വർഷം മുമ്പാണ് ഇന്ത്യ സെമി പ്രൊഫഷണൽ മത്സരങ്ങൾ ഐഎസ്എല്ലിൽ കൂടി തുടങ്ങിയത്. ഇപ്പോൾ മുതലാണ് ചില ചലനങ്ങൾ ഉണ്ടാക്കിയത്. അതിന്റെ തുടർച്ചയാണ് കെപിഎല്ലും. പുതിയ ചെറുപ്പക്കാർക്ക് കളിയോട് നല്ല താല്പര്യം ഉണ്ടാക്കണം. നാട്ടിലാകെ നിറഞ്ഞു നിൽക്കുന്ന അക്കാദമികൾക്ക് ആവശ്യമായ കേന്ദ്രീകരണവും കോച്ചുകളെ അയച്ചു പരിശീലനവും നൽകാൻ തയ്യാറാകണം. 

കേരള ബ്ലാസ്റ്റേഴ്സിന്റെ വരവാണ് തുടക്കമിട്ടത്. ഇന്ത്യൻ ക്രിക്കറ്റിലെ അഭിമാനതാരമായ സച്ചിന്റെ സേവനം അതിന്റെ തുടക്കം സജീവമാക്കി. തുടർന്ന് കേരളത്തിൽ ഫുട്­ബോൾ താല്പര്യം പുതിയ ചെറുപ്പക്കാരിലും വളർന്ന് വന്നു. അതിന്റെ ഫലമാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്ന കെപിഎല്ലിൽ കണ്ണൂരിനും തൃശൂരിനും വേണ്ടി കളിച്ച 22കളിക്കാരിൽ 13 പേരും കേരളീയരായത്. വിദേശ കളിക്കാരോട് കിടപിടിക്കാനും അവരെ കടന്നുകയറാനും പറ്റുന്ന കളിക്കാർ നമ്മുടെ കൂടെയുണ്ട്. മുമ്പ് ഐ എം വിജയനാണ് നമ്മുടെ അഭിമാനം. ഇന്ന് അത് ഒരു ഡസനിലേറെയായി. മറ്റു ഐഎസ്എൽ ടീമുകൾക്ക് കേരള കളിക്കാർ അത്യാവശ്യമാകുന്നു. കഴിഞ്ഞ ദിവസം ഐ ലീഗ് നേടിയ നോർത്ത് ഈസ്റ്റിൽ ഉണ്ടായ മലയാളി സാന്നിധ്യം ജയത്തിന് അനിവാര്യമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.