10 September 2024, Tuesday
KSFE Galaxy Chits Banner 2

ഗൃഹാതുര ഓർമ്മകൾ നിറയുന്ന ഒരു ഓണക്കാലം

സനില്‍ രാഘവന്‍
August 21, 2021 11:04 am

ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളില്‍ കാണുവാന്‍ കഴിയും. കേരളത്തിന്റെ ചരിത്ര‑സാംസ്കാരിക പൈതൃകത്തെ മനസ്സിലാക്കുവാന്‍ ഈ നാടിന്റെ വിവിധങ്ങളായ ആഘോഷങ്ങളാണ് നിദാനമായിട്ടുള്ളത്. മലയാളികളുടെ ആഘോഷങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് ഓണം.
ജാതി-മത ഭേദമന്യേ, നാട്ടിലായാലും മറുനാട്ടിലായാലും മലയാളികൾ ഓണം കൊണ്ടാടാറുണ്ട്. മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഓണത്തിന്റെ പിന്നിലുള്ള ഐതിഹ്യം ബഹുഭൂരിപക്ഷം മലയാളിക്കും കാണാപ്പാഠമാണ്.
ചരിത്രവും, ഐതിഹ്യവും നിലവിലുണ്ടെങ്കിലും മലയാളിയെ സംബ്ധിച്ച് ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവം അഥവാ വ്യാപാരോത്സവമായാണ് കരുതിപ്പോരുന്നത്. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് ഓണം വരവറിയിക്കുന്നത്. പത്ത് ദിവസവും പൂക്കളമിട്ടും, ഊഞ്ഞാലാടിയും, തിരുവാതിര കളിച്ചും ഓണത്തിനുള്ള സദ്യവട്ടങ്ങൾ ഒരുക്കിയും ഓണം ആഘോഷിച്ച് ഓണനിലാവ് പരത്തും. കേരളത്തില്‍ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തില്‍ തന്നെയാണ് മലയാളിയുടെ ഓണവും വന്നണയുന്നത്. അത്തം മുതല്‍ പത്തു ദിവസമാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്. അതില്‍ പത്താംനാളായ തിരുവോണനാളാണ് ഏറെ പ്രധാന്യം.
അത്തംമുതല്‍ പത്ത് ദിവസംഅത്തപ്പൂക്കളമിടാന്‍ പണ്ട് ദശപുഷ്പങ്ങളാണ് ഉപയോഗിച്ചിരുന്നത്. ചാണകം മെഴുകിയ തറയിൽ കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഓണത്തപ്പനെ ഒരുക്കി ഓണം കൊണ്ടാടിയ കാലം ഇന്ന് ഓർമ മാത്രമാണ്. അതുപോലെ ഓണത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഓണക്കോടി. വർഷത്തിൽ ഒന്നോ രണ്ടോ തവണയായിരുന്നു പണ്ട് പുതിയ വസ്ത്രം വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ ഓണത്തിന് കിട്ടുന്ന പുത്തൻ ഉടുപ്പിന് വേണ്ടിയുള്ള കാത്തിരിപ്പ് സുഖമുള്ളതായിരുന്നു.
എല്ലാ മാസവും പുത്തൻ വസ്ത്രങ്ങളിൽ തിളങ്ങുന്ന പുതുതലമുറയ്ക്ക് ഓണക്കോടി ഇന്ന് വലിയ വിഷയമല്ല. ആദ്യദിനത്തെ അത്തമെന്നും പത്താം ദിവസത്തെ തിരുവോണമെന്നും പറയുന്നു. മറ്റു ദിവസങ്ങളെ അപേക്ഷിച്ചു ഈ രണ്ടു ദിവസവും ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ പത്തു ദിവസവും കേരളത്തിലെ ജനങ്ങൾ അവരുടെ സംസ്കാരവും പാരമ്പര്യവും അവതരിപ്പിച്ചത് കണ്ടിട്ടാണ് 1961 ൽ ഓണത്തെ കേരളത്തിന്റെ ദേശീയഉത്സവമായി പ്രഖ്യാപിച്ചത്. ഓണവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന ദിനമാണ് തിരുവോണ തലേദിവസമായ ഉത്രാടം. ഉത്രാട പാച്ചില്‍ എന്നു തന്നെയാണ് പറയാറുള്ളത്.

ഉത്രാടപ്പാച്ചിൽ

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം. ഓണമെന്ന പേരു വന്ന വഴി കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. അത്തപ്പൂക്കളം ഇടുന്നതിനും പ്രത്യേകതയുണ്ട് . അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ തറയില്‍ തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌.

ഓണസദ്യ

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്ക് ഇടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മധ്യതിരുവിതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ. അവിയലും തോരനും ഏത്തയ്ക്ക ഉപ്പേരിയും ശർക്കര വരട്ടിയും പപ്പടവും പായസവും കൂട്ടി വാഴയിലയിൽ ഉണ്ണുന്ന ഓണസദ്യ, ഓണത്തിന്റെ രുചിയൂറും ഓർമയാണ്. കൂട്ടുകുടുംബങ്ങളിൽ ഒരുമയോടെ സദ്യ ഒരുക്കിയിരുന്നപ്പോൾ അതൊരു ഭാരമല്ലായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു പഴഞ്ചൊല്ലും നിലനിന്നിരുന്നു. ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഈ നാളുകളിൽ മലയാളിയുടെ മനസിൽ ഗൃഹാതുര ഓർമ്മകൾ നിറയുന്നു. മലയാളികൾക്ക് ഓണം സ്മരണകളുടെ നാളുകളാണ്, ഒത്തുകൂടലിന്റെ ദിനങ്ങളാണ്. പുതിയ പ്രതീക്ഷകളാണ് ഓരോ ഓണനാളുകൾ നമുക്ക് മുന്നിലേക്ക് തുറന്നിടുന്നത്. ഈ ഒത്തുകൂടലിന്റെ ദിനത്തിൽ മനസിലെ തിന്മകളെ നീക്കി നന്മകളെ വരവേൽക്കാം. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് എന്ന മാഹാമാരിയുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഓണത്തിന്റേതായ ഒത്തുകൂടലോ, ആഘേഷങ്ങൾക്ക് ഒന്നിച്ചു കൂടുവാനുള്ള സാഹചര്യമോ അല്ല നിലനിൽക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കെടുക്കാം. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയുമൊക്കെ ദിനങ്ങളാണ് ഒരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. ഓരോരുത്തർക്കും ഓണത്തേക്കുറിച്ച് പറയാൻ വ്യത്യസ്ത ഓർമ്മകളും അനുഭവകഥകളുമൊക്കെ ഉണ്ടാവും. കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഓണനാളുകൾ കൊയ്ത്തിന്റെ ഉത്സവം കൂടിയാണ്. ഇരുളിന്റെ മഴക്കാല മേഘങ്ങൾ പെയ്തൊഴിഞ്ഞ് വിളവെടുപ്പിനാൽ കളപ്പുരകൾ നിറയുന്ന സമയം. മറ്റൊരു രീതിയിൽ പറഞ്ഞാൽ മനുഷ്യന്റെ ഏറെ നാളത്തെ അധ്വാനത്തിൻറെ ഫലങ്ങളെ ആഘോഷിക്കേണ്ട സമയം. പ്രാകൃത കേരളത്തിൽ ഓണനാളുകൾ നമ്മൾ ഇന്ന് കാണുന്നതുപോലെ ഒരു ഉത്സവം മാത്രമായിരുന്നില്ല. പ്രകൃതി മനുഷ്യനായി വിരിച്ചു വെച്ച പച്ചപ്പിന്റെയും ശാന്തതയുടെയും പരിശുദ്ധിയുടേയുമൊക്കെ പ്രതിഫലനം കൂടിയായി ഈ നാളുകളെ കണക്കാക്കിയിരുന്നു. അക്കാലത്ത് ഇവിടെ നിലകൊണ്ടിരുന്ന ആദർശങ്ങളെല്ലാം ഒരു സമൂഹത്തിന്റെ ഇതിഹാസ കഥകൾക്ക് മുഴുവൻ പകിട്ടേകി. പണ്ട് കേരളത്തിലെ ഏറ്റവും പ്രധാനമായ കൃഷിയായിരുന്നു നെല്ല് വിള. അതിന്റെ വിളവെടുപ്പ് ദിനങ്ങൾ കർഷകർക്ക് ഉത്സവ ദിനങ്ങളായിരുന്നു. ഇത്തരത്തിൽ വിളവെടുക്കുന്ന ഉത്സവമായിരുന്നു ഓണം.
eng­lish sum­ma­ry; onam 2021 spe­cial article
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.